നാല് വിക്കറ്റുമായി തിളങ്ങി മുഹമ്മദ് ഷമി; സർവീസസിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം; സയിദ് മുഷ്താഖ് അലി ട്രോഫി അഞ്ചിൽ നാലും ജയിച്ച് ബംഗാൾ
ഹൈദരാബാദ്: സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ സർവീസസിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ബംഗാൾ. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ് പ്രകടനമാണ് ബംഗാളിന് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഷമി കരസ്ഥമാക്കി. മത്സരത്തിൽ 3.2 ഓവറിൽ വെറും 13 റൺസ് മാത്രം വഴങ്ങിയാണ് ഷമി നാല് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തിയത്.
സർവീസസ് ഓപ്പണർ ഗൗരവ് കൊച്ചാറിനെ ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കാക്കിയ ഷമി, 9 പന്തിൽ 26 റൺസടിച്ച് തകർത്തടിച്ച മറ്റൊരു ഓപ്പണറായ രവി ചൗഹാനെയും പുറത്താക്കി. പിന്നീട് രണ്ടാം സ്പെല്ലിൽ 23 പന്തിൽ 32 റൺസെടുത്ത നകുൽ ശർമ്മയെയും വിശാൽ ഗൗറിനെയും പുറത്താക്കിയാണ് ഷമി തന്റെ നാല് വിക്കറ്റ് നേട്ടം പൂർത്തിയാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സർവീസസ് 18.2 ഓവറിൽ 165 റൺസിന് ഓൾ ഔട്ടായി. 22 പന്തിൽ 38 റൺസെടുത്ത മോഹിത് അഹ്‌ലാവത്താണ് സർവീസസിന്റെ ടോപ് സ്കോറർ.
166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗാൾ, 15.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 29 പന്തിൽ 56 റൺസെടുത്ത അഭിഷേക് പോറലും 37 പന്തിൽ 58 റൺസടിച്ച ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും ചേർന്ന് ബംഗാളിന് ശക്തമായ അടിത്തറ നൽകി. ഇരുവരും പുറത്തായ ശേഷം യുവരാജ് കേശ്വാനി (19 പന്തിൽ 36*), ആകാശ് ദീപ് (5 പന്തിൽ 14*) എന്നിവർ ചേർന്ന് ടീമിന്റെ വിജയം പൂർത്തിയാക്കി.
ടൂർണമെന്റിലെ ബംഗാളിന്റെ അഞ്ച് കളികളിലെ നാലാം ജയമാണിത്. മുഹമ്മദ് ഷമിയുടെ സമീപകാല പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ, പഞ്ചാബിനെതിരായ മത്സരത്തിൽ നാലോവറിൽ 61 റൺസ് വഴങ്ങി നിരാശപ്പെടുത്തിയെങ്കിലും, ഹിമാചലിനെതിരെ നാലോവറിൽ 31 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ശനിയാഴ്ച പുതുച്ചേരിക്കെതിരെയാണ് ബംഗാളിന്റെ അടുത്ത മത്സരം.