മുത്താമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ 48കാരന്റെ മൃതദേഹം കണ്ടെത്തി; അഗ്നിരക്ഷാ സേന മുങ്ങിയെടുത്തത് അരിക്കുളം സ്വദേശി പ്രമോദിന്റെ മൃതദേഹം
കോഴിക്കോട്: കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ 48-കാരന്റെ മൃതദേഹം കണ്ടെടുത്തു. അരിക്കുളം സ്വദേശി പ്രമോദിന്റെ മൃതദേഹമാണ് അഗ്നിരക്ഷാ സേനയുടെ മുങ്ങൽ വിദഗ്ദ്ധർ കണ്ടെടുത്തത്. പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
പുലർച്ചെ അഞ്ച് മണിയോടെയാണ് മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി അഗ്നിരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും വെള്ളിമാടുകുന്നിൽ നിന്നുമുള്ള രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. ഇവർക്കൊപ്പം ഉണ്ടായിരുന്ന സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.
രക്ഷാപ്രവർത്തനങ്ങൾക്ക് കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വി.കെ. ബിജു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം. അനിൽ കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരായ അനൂപ് വി.കെ., മനുപ്രസാദ്, അഭിലാഷ്, നിഖിൽ മല്ലിശ്ശേരി എന്നിവർ നേതൃത്വം നൽകി.