ബോർഡർ ഗാവസ്‌കർ ട്രോഫി; വാലറ്റത്തിന്റെ ചെറുത്ത് നിൽപ്പിൽ കരകയറി കങ്കാരുപ്പട; ഇന്ത്യയുടെ വിജയ പ്രതീക്ഷകൾക്ക് തിരിച്ചടി; മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയക്ക് മികച്ച ലീഡ്
മെല്‍ബണ്‍: ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ നിർണായകമായ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയ പ്രതീക്ഷകൾക്ക് തിരിച്ചടി. 105 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയുടെ തുടക്കം മോശമായിരുന്നു. എന്നാൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ വാലറ്റം നടത്തിയ ചെറുത്ത് നിൽപ്പിന്റെ പിൻബലത്തിൽ 333 റണ്‍സിന്‍റെ ലീഡാണ് ഓസ്‌ട്രേലിയക്കുള്ളത്. ദിവസം അവസാനിക്കുമ്പോൾ 228/9 എന്ന നിലയിലാണ് ഓസീസ്. 70 റൺസ് നേടിയ മാർനസ് ലബുഷെയ്നാണ് ആസ്ട്രേലിയയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 41 റൺസും ലബുഷെയ്ൻ 70 റൺസ് നേടി.
രണ്ടാം ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയ 91-6ലേക്ക് തകര്‍ന്നടിഞ്ഞപ്പോള്‍ വിജയപ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാല്‍ ആദ്യം മാര്‍നസ് ലാബുഷെയ്നും പാറ്റ് കമിന്‍സും ചേര്‍ന്ന 57 റൺസ് കൂട്ടുകെട്ടും അവസാന വിക്കറ്റില്‍ നഥാന്‍ ലിയോണും സ്കോട് ബോളണ്ടും ചേര്‍ന്ന് നേടിയ 55 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടും ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. നഥാന്‍ ലിയോൺ (41), ബോളണ്ട് (10) എന്നിവരാണ് നിലവിൽ ക്രീസിലുള്ളത്. അടുത്ത ദിനം സഖ്യം നേടുന്ന റൺസ് മത്സരത്തിൽ നിർണായമാകമാവും. ഇന്ത്യക്ക് വിജയലക്ഷ്യമായി 350 റൺസ് ഉയർത്താനാവും ലിയോൺ- ബോളണ്ട് സഖ്യം ശ്രമിക്കുക.
എന്നാൽ മെൽബണിലെ പിച്ചില്‍ 350 റണ്‍സ് അടിച്ചെടുക്കുക ഇന്ത്യയെ സംബന്ധിച്ച് എളുപ്പമല്ല. ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിഷഭ് പന്തും വിരാട് കോലിയുമൊന്നും പതിവ് ഫോമിലേക്ക് ഉയരാത്ത പരമ്പരയില്‍ ഇത്രയും വലിയ ലക്ഷ്യം ഇന്ത്യക്ക് അടിച്ചെടുക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ ഇന്ത്യ 369ന് പുറത്തായിരുന്നു. ഒമ്പതിന് 358 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ക്രീസിലെത്തിയത്. സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് (114) അധികനേരം ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് നിതീഷ് മടങ്ങി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി ലിയോണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.