മുറിവേറ്റ കൈ ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് ഒറ്റക്കൈയില്‍ ബാറ്റേന്തി ക്രിസ് വോക്‌സ്; ആ പോരാട്ട വീര്യത്തിന് എഴുനേറ്റ് നിന്ന് കയ്യടിച്ചു ആരാധകര്‍; ആറ്റ്കിന്‍സന് സ്‌ട്രൈക്ക് കൈമാറാന്‍ വേദന കടിച്ചമര്‍ത്തിയ ഓട്ടം; ടീമിന് വേണ്ടിയുള്ള ആത്മാര്‍പ്പണത്തില്‍ ധീരതയുടെ അടയാളമായി വോക്‌സ്
മുറിവേറ്റ കൈ ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് ഒറ്റക്കൈയില്‍ ബാറ്റേന്തി ക്രിസ് വോക്‌സ്;
ഓവല്‍: ക്രിക്കറ്റിന് ഹൃദയം കൊടുത്തവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാഴ്ച്ചകളാണ് കെന്നിങ്‌സ്റ്റണ് ഓവലില്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. കളിക്കളത്തിലെ പോരാട്ട വീര്യത്തിന്റെ അവസാന ഇഞ്ചും വരെ നീണ്ട പോരാട്ടം ഓവലില്‍ കണ്ടു. അത്രയ്ക്ക് ആവേശം നിറഞ്ഞതായിരുന്നു ഓവലിലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ അവസാന ദിവസം. ഇരു കൂട്ടര്‍ക്കും വിജസാധ്യതയുണ്ടായിരുന്ന മത്സരത്തില്‍ മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും മികവില്‍ ഇന്ത്യ വിജയിച്ചുവെങ്കിലും കളിക്കളത്തിന്റെ ഹൃദയം കവര്‍ന്നത് ഇംഗ്ലീഷ് ക്രിസ് വോക്‌സ് ആയിരുന്നു.
അനിവാര്യമായ സാഹചര്യത്തില്‍ ടീമിന് പോരാട്ടവീര്യം പകര്‍ന്ന കാഴ്ചയായി ക്രിസ് വോക്‌സ് മാറി. അവസാന ദിനത്തില്‍ ഇന്ത്യക്കും വിജയത്തിനുമിടയില്‍ ആരാധകരെ മുള്‍മുനയില്‍ നിലനിര്‍ത്തുന്നതായിരുന്നു തൂക്കികെട്ടിയ ഇടതുകൈയുമായി ഒറ്റക്കൈയില്‍ ബാറ്റുമായി ക്രിസ് വോക്‌സിന്റെ വരവ്. ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യ വിജയം മോഹിച്ചു തുടങ്ങിയ സമയമായിരുന്നു വോക്‌സ് ക്രീസിലേക്ക് നടന്നു നീങ്ങിയത്.
ഒമ്പതാമനായി ജോഷ് ടോംഗ് (0) പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി മടങ്ങിയതിനു പിന്നാലെ, ആദ്യ ദിനം പരിക്കേറ്റ ക്രിസ് വോക്‌സ് മാത്രമായി ആശ്രയം. അപ്പോള്‍ ഇംഗ്ലണ്ടിനും ഇന്ത്യക്കും വിജയത്തിനിടയില്‍ 17 റണ്‍സിന്റെ അകലം. യോര്‍ക്കറും ബൗണ്‍സുമായി പന്തെറിയാന്‍ മുഹമ്മദ് സിറാജും. ഓവലിലെ ഒന്നാം ദിനത്തില്‍ തോളിന് പരിക്കേറ്റ് കളം വിട്ടതായിരുന്നു ഇംഗ്ലീഷ് പേസ് ബൗളര്‍. ഇംഗ്ലണ്ടിന്റെ ആദ്യഇന്നിങ്‌സില്‍ പരിക്ക് കാരണം ബാറ്റ് ചെയ്യാതെ മാറിയിരുന്ന താരം, അനിവാര്യമാണെങ്കില്‍ അവസാന ദിനം ബാറ്റ് ചെയ്യുമെന്ന് ക്യാപ്റ്റന്‍ ജോ റൂട്ട് തിങ്കളാഴ്ച രാവിലെ പ്രഖ്യാപിച്ചിരുന്നു.
എങ്കിലും ജയത്തിലേക്ക് 35 റണ്‍സിന്റെ മാത്രം ദൂരമായതിനാല്‍ ആവശ്യം വരില്ലെന്ന വിശ്വാസത്തിലായിരുന്നു ആരാധകരും താരങ്ങളും. എന്നാല്‍, ഓവലിലെ പിച്ചില്‍ നിറഞ്ഞാടിയ മുഹമ്മദ് സിറാജ്, ഒടുവില്‍ വോക്‌സിനെയും കളത്തിലെത്തിച്ചു. പരിക്കുകാരണം കെട്ടിയ ഇടതുകൈ വൈറ്റ് ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് വലതുകൈയില്‍ ബാറ്റുമായി വോക്‌സ് മൈതാനത്തേക്ക് പുറപ്പെട്ടപ്പോള്‍ ഗാലറിയും കമന്ററി ബോക്‌സും ആവേശത്തോടെ ശബ്ദിച്ചു. കാണികള്‍ എഴുനേറ്റ് നിന്ന് കയ്യടിച്ചു.
വോക്‌സിനെ മറുതലക്കല്‍ കാവല്‍ നിര്‍ത്തി, സ്‌ട്രൈക്ക് നിലനിര്‍ത്തുകയായിരുന്നു ക്രീസിലുണ്ടായിരുന്ന ഗസ് ആറ്റ്കിന്‍സണിന്റെ പ്ലാന്‍. കൂറ്റനടികളില്‍ മിടുക്കനായ ആറ്റ്കിന്‍സണ്‍ ആ ലക്ഷ്യം മനോഹരമായി നിറവേറ്റി. സിറാജിന്‍െര്‍ ഓവറില്‍ സിക്‌സര്‍ എടുത്ത് മാത്രം നിലനിന്നു. അവസാന പന്തില്‍ ഒരു ബൈ റണ്ണുമായി സ്‌ട്രൈക്ക് നിലനിര്‍ത്തിയ ആറ്റ്കിന്‍സണ്‍ വോക്‌സിന് ബാറ്റുചെയ്യുന്ന സാഹചര്യം ഒഴിവാക്കി. ഇതിനിടയില്‍ പ്രസിദ്ധിനെ ഡബ്ള്‍ പായിച്ച് സ്‌കോര്‍ പതിയെ ഉയര്‍ത്തി. ഒടുവിലായിരുന്നു ഈ ഒളിച്ചുകളിക്ക് അധികം ആയുസ്സില്ലെന്നുറപ്പിച്ച് സിറാജ് ആറ്റ്കിന്‍സണിന്റെ കുറ്റിയിളക്കി ഇന്ത്യയുടെ വിജയം സമ്മാനിച്ചത്.
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഋഷഭ് പന്ത് കാഴ്ചവെച്ച ധീരതയുടെ ആവര്‍ത്തനമായി ആരാധക ലോകം ക്രിസ് വോക്‌സിനെയും വാഴ്ത്തി തുടങ്ങി. ഒരു പന്ത് പോലും നേരിടേണ്ടി വന്നില്ലെങ്കിലും, വേദനകള്‍ കടിച്ചമര്‍ത്തി അനിവാര്യമായ സഹചര്യത്തില്‍ ടീമിനുവേണ്ടി ക്രീസിലെത്തിയതു തന്നെ വോക്‌സിന്റെ ധീരതയുടെ അടയാളമായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയായ ടെസ്റ്റില്‍ ആവേശകരമായ മത്സരമാണ് നടന്നത്. 2-2 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ച ടെസ്റ്റില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവു കാണിച്ചവരുടെ മുന്നില്‍ ഇന്ത്യന്‍ താരങ്ങളായിരുന്നു.