അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഐക്യദാര്‍ഡ്യം; താലിബാന്‍ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന ഒരു അക്രമവും വെച്ചുപൊറുപ്പിക്കില്ല; അഫ്ഗാനെതിരെയുള്ള ചാമ്പ്യന്‍സ് ട്രോഫി മത്സരം ബഹിഷ്‌കരിക്കാന്‍ ഇംഗ്ലണ്ട് പാര്‍ലമന്റ് അംഗങ്ങള്‍

Update: 2025-01-07 11:05 GMT

സ്ത്രീകളുടെ അവകാശങ്ങളിലേക്ക് കടന്നുകയറുന്ന താലിബാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെതിരെ കളിക്കരുതെന്ന് ഇംഗ്ലണ്ട് - വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങള്‍. അഫ്ഗാനുമായുള്ള മത്സരം ബഹിഷ്‌ക്കരിക്കണമെന്ന് 160ല്‍ അധികം പേര്‍ ഒപ്പുവെച്ച കത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് കൈമാറി.

അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫെബ്രുവരി 26ല്‍ ലാഹോറില്‍ വെച്ചാണ് അഫ്ഗാനിസ്ഥാന്‍-ഇംഗ്ലണ്ട് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഐ.സി.സിയുടെ എല്ലാ നയങ്ങളും വലിച്ചെറിഞ്ഞുകൊണ്ട് അഫ്ഗാന്‍ വനിതകളുടെ ക്രിക്കറ്റിലും മറ്റ് സ്‌പോര്‍ട്‌സിലും പങ്കാളിത്തം താലിബാന്‍ കുഴിച്ചുമൂടി. 2021ല്‍ ഭരണം പിടിച്ചെടുത്തതിന് ശേഷമാണ് താലിബാന്റെ തീരുമാനങ്ങള്‍. എന്നാല്‍ പുരുഷതാരങ്ങള്‍ ഐ.സി.സി.യുടെ എല്ലാ ടൂര്‍ണമെന്റിലും പങ്കെടുക്കുന്നുണ്ട്.

ലേബര്‍ പാര്‍ട്ടി എം.പിയായ ടോണിയ അന്റോണിയാസിയെഴുതിയ കത്തില്‍ ജെറമി കോര്‍ബിന്‍ അടക്കമുള്ള ഹൗസ് ഓഫ് കോമണ്‍സ്, ഹൗസ് ആഫ് ലോര്‍ഡ്സ് അംഗങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്. 'താലിബാന് കീഴില്‍ അഫ്ഗാനിസ്ഥാന്‍ സ്ത്രീകളും പെണ്‍കുട്ടികളും അനുഭവിക്കുന്ന ക്രൂരതയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനോടും ഒഫീഷ്യല്‍സിനോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു,' എന്ന് പറഞ്ഞുകൊണ്ടാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റിച്ചാര്‍ഡ് ഗൗള്‍ഡിനെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ കത്ത് അവസാനിക്കുന്നത്.

'സ്ത്രീകള്‍ക്കെതിരായ ഒരു തരത്തിലുമുള്ള അതിക്രമങ്ങളും ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സന്ദേശം നല്‍കുന്നതിനായി അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ ഇ.സിബിയോട് ആവശ്യപ്പെടുന്നു. ലിംഗ വിവേചനത്തിനെതിരെയായിരിക്കണം നമ്മള്‍ നിലകൊള്ളേണ്ടത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെണ്‍കുട്ടികളും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അവഗണിക്കപ്പെടില്ലെന്ന് വ്യക്തമാക്കാനും അവര്‍ക്ക് ഐക്യദാര്‍ഡ്യത്തിന്റെ സന്ദേശം നല്‍കാനും ഞങ്ങള്‍ ഇ.സി.ബിയോട് അഭ്യര്‍ത്ഥിക്കുന്നു, ' കത്തില്‍ പറയുന്നു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പര മത്സരങ്ങള്‍ ഇംഗ്ലണ്ടും ആസ്‌ട്രേലിയയും ഉപേക്ഷിച്ചിരുന്നു.

Tags:    

Similar News