'ജസി ഭായ് പന്തെറിയും'; ബുംറ നാലാം ടെസ്റ്റ് കളിക്കുമെന്ന് മുഹമ്മദ് സിറാജ്; കോമ്പിനേഷന്‍ നിരന്തരം മാറുന്നത് ഞങ്ങളെ ബാധിക്കുന്നില്ലെന്ന് ഇന്ത്യന്‍ പേസര്‍

'ജസി ഭായ് പന്തെറിയും'; ബുംറ നാലാം ടെസ്റ്റ് കളിക്കുമെന്ന് മുഹമ്മദ് സിറാജ്; കോമ്പിനേഷന്‍ നിരന്തരം മാറുന്നത് ഞങ്ങളെ ബാധിക്കുന്നില്ലെന്ന് ഇന്ത്യന്‍ പേസര്‍

Update: 2025-07-22 12:07 GMT

മാഞ്ചസ്റ്റര്‍: ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ മുതല്‍ മാഞ്ചസ്റ്ററില്‍. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ കളിക്കും. സഹ താരവും പേസറുമായ മുഹമ്മദ് സിറാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ മാത്രമേ ബുംറ കളിക്കു എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ടെസ്റ്റുകളില്‍ സ്റ്റാര്‍ പേസര്‍ കളിക്കുകയും ചെയ്തു.

നാലാം ടെസ്റ്റില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു. എന്നാല്‍ ഇതിഹാസ താരം അനില്‍ കുംബ്ലെ അടക്കമുള്ള മുന്‍ താരങ്ങള്‍ നിര്‍ണായക പോരില്‍ ബുംറ കളിക്കണമെന്ന ആവശ്യവും മുന്നോട്ടു വച്ചിരുന്നു. അതിനിടെയാണ് സിറാജ് ബുംറ കളിക്കുമെന്ന് സ്ഥിരീകരിക്കുന്നത്. 'ജസി ഭായ് (ബുംറ) നാലാം ടെസ്റ്റ് കളിക്കുന്നുണ്ട്. കോമ്പിനേഷന്‍ നിരന്തരം മാറുന്നുണ്ട്. അതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. മികച്ച രീതിയില്‍ പന്തെറിയുക മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്'- സിറാജ് വ്യക്തമാക്കി.

നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് അടക്കമുള്ള പേസര്‍മാര്‍ പരിക്കിന്റെ പിടിയിലായത് ഇന്ത്യയെ സംബന്ധിച്ചു വലിയ ആശങ്ക നല്‍കുന്ന കാര്യമാണ്. യുവ പേസര്‍ അന്‍ഷുല്‍ കാംബോജിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2നു മുന്നിലാണ്. നാളെ മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രോഫോര്‍ഡിലാണ് നാലാം ടെസ്റ്റ്. നിര്‍ണായക ടെസ്റ്റ് വിജയിച്ച് സമനിലയിലെത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Tags:    

Similar News