'ക്രിക്കറ്റ് 'ജന്റിൽമാ'ന്റെ മാത്രമല്ല, എല്ലാവരുടേയും കളിയാണ്'; ലോകകപ്പ് ട്രോഫിയുമായി ഉറങ്ങുന്ന ചിത്രം പങ്കുവെച്ച് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ; ശ്രദ്ധനേടി ടീ-ഷർട്ടിലെ സന്ദേശം

Update: 2025-11-03 12:44 GMT

മുംബൈ: ഏകദിന ലോകകപ്പ് കിരീടം നേട്ടത്തിന് പിന്നാലെ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പങ്കുവെച്ച ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ലോകകപ്പ് ട്രോഫിയുമായി ഉറങ്ങുന്ന ചിത്രം പങ്കുവെച്ച താരം, 'ക്രിക്കറ്റ് എല്ലാവരുടേയും കളിയാണ്' എന്ന സന്ദേശം ആലേഖനം ചെയ്ത ടീ-ഷർട്ടാണ് താരം ധരിച്ചിരിക്കുന്നത്. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ ലോകകിരീടം ചൂടിയത്.

ഈ വിജയത്തിലൂടെ ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ക്യാപ്റ്റനെന്ന ചരിത്ര നേട്ടവും ഹർമൻപ്രീത് കൗർ സ്വന്തമാക്കി. പുരുഷന്മാരുടെ മാത്രം കളിയായി കണക്കാക്കപ്പെട്ടിരുന്ന ക്രിക്കറ്റിലേക്ക് സ്ത്രീകൾ തങ്ങളുടെതായ ഇടം കണ്ടെത്തിയതിൻ്റെ പ്രതീകമാണ് താരത്തിൻ്റെ ടീ-ഷർട്ടിലെ സന്ദേശം. മുൻവിധികളെയും പരിമിതമായ അവസരങ്ങളെയും മറികടന്ന് കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിതാ ക്രിക്കറ്റർമാരുടെ ദീർഘകാല പോരാട്ടത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ഈ ചിത്രം. രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയങ്ങളിൽ ഈ സന്ദേശമെത്തിക്കാനും ഈ ചിത്രം ശ്രദ്ധേയമായി.

ഐസിസി ഏകദിന ലോകകപ്പ് നോക്കൗട്ടുകളിൽ കൂടുതൽ റണ്‍സ് നേടുന്ന താരമായി ഹർമൻപ്രീത് മാറിയിരുന്നു. ഓസ്ട്രേലിയൻ ഇതിഹാസ താരം ബെലിൻഡ ക്ലാർക്കിനെയാണ് ഹർമൻപ്രീത് മറികടന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ 29 പന്തിൽ 20 റൺസ് മാത്രമെടുത്തു പുറത്തായെങ്കിലും, ഐസിസി ടൂർണമെന്റുകളിലെ നാല് നോക്കൗട്ട് മത്സരങ്ങളിൽനിന്ന് ഇന്ത്യൻ ക്യാപ്റ്റന്റെ സ്കോർ 331 റൺസായി. ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളുമാണ് ഹർമൻ ഐസിസി നോക്കൗട്ടുകളിൽ സ്വന്തമാക്കിയത്. 2017 സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 171 റൺസാണ് ഉയർന്ന സ്കോർ. 2025 ലോകകപ്പിൽ എട്ട് ഇന്നിങ്സുകളിൽനിന്ന് 260 റൺസാണ് ഹർമൻപ്രീത് നേടിയത്.

Tags:    

Similar News