6 സിക്സറുകളും 12 ഫോറുമായി 146 പന്തില്‍ 177 റണ്‍സ്; ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഉയര്‍ന്ന വ്യക്തിഗതസ്‌കോര്‍ കുറിച്ച് അഫ്ഗാന്‍ താരം സദ്രാന്‍; കൂറ്റന്‍ വിജയലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ ഇടറി വീണ് ഇംഗ്ലണ്ട്; സെമി കാണാതെ പുറത്ത്
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട് സെമി കാണാതെ പുറത്ത്
ലാഹോര്‍: ആര്‍ച്ചര്‍ അടക്കമുള്ള ഇംഗ്ലണ്ട് ബൗളര്‍മാരെ നിര്‍ഭയത്തോടെ നേരിട്ട് ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഉയര്‍ന്ന വ്യക്തിഗതസ്‌കോര്‍ കുറിച്ച അഫ്ഗാന്‍ താരം ഇബ്രാഹിം സദ്രാന്‍ അഫ്ഗാനിസ്ഥാന്റെ വിജയശില്പിയായി. 146 പന്തില്‍ 6 സിക്സറുകളും 12 ഫോറുമുള്‍പ്പടെ 177 റണ്‍സാണ് സദ്രാന്‍ അടിച്ചുകൂട്ടിയത്. താരത്തിന്റെ ഒറ്റയാള്‍ പോരാട്ടമികവില്‍ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍ 326 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി. ഓപ്പണറായി ഇറങ്ങി അവസാന ഓവറിലെ ആദ്യപന്തിലാണ് സദ്രാന്‍ പുറത്തായത്. ചാംപ്യന്‍സ് ട്രോഫിയിലെ ആവേശപ്പോരാട്ടത്തില്‍ എട്ടു റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി.
തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായി. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 325 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഒരു പന്തു ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് 317 റണ്‍സിന് പുറത്തായി.
111 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 9.5 ഓവറില്‍ 58 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അസ്മത്തുല്ല ഒമര്‍സായിയാണ് അഫ്ഗാന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. മുഹമമദ് നബി രണ്ടും ഫസല്‍ഹഖ് ഫാറൂഖി, റാഷിദ് ഖാന്‍ ഗുല്‍ബാദിന്‍ നായിബ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്കെതിരെ 165 റണ്‍സടിച്ച ഇംഗ്ലിഷ് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ റെക്കോര്‍ഡ് തകര്‍ത്താണ്, ചാംപ്യന്‍സ് ട്രോഫിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സദ്രാന്‍ സ്വന്തം പേരിലാക്കിയത്. അഫ്ഗാന്‍ താരങ്ങളുടെ ഉയര്‍ന്ന ഏകദിന സ്‌കോര്‍ എന്ന സ്വന്തം റെക്കോര്‍ഡ് (162) ഈ മത്സരത്തിലൂടെ സദ്രാന്‍ പുതുക്കി 177 ആക്കി.സദ്രാനു പുറമേ അഫ്ഗാന്‍ നിരയില്‍ രണ്ടക്കം കണ്ടത് മൂന്നു പേര്‍ മാത്രമാണ്.67 പന്തില്‍ മൂന്നു ഫോറുകളോടെ 40 റണ്‍സെടുത്ത ക്യാപ്്റ്റന്‍ ഹഷ്മത്തുല്ല ഷാഹിദി, 31 പന്തില്‍ ഒരു ഫോറും മൂന്നു സിക്സും സഹിതം 41 റണ്‍സെടുത്ത അസ്മത്തുല്ല ഒമര്‍സായ്, 24 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 40 റണ്‍സെടുത്ത മുഹമ്മദ് നബി എന്നിവരാണ് രണ്ടക്കത്തിലെത്തിയത്.
ഒരു ഘട്ടത്തില്‍ മൂന്നിന് 37 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന അഫ്ഗാന് കരുത്തായത് ഈ മൂന്നു പേര്‍ക്കൊപ്പം സദ്രാന്‍ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകളാണ്.നാലാം വിക്കറ്റില്‍ ഷാഹിദിക്കൊപ്പം 124 പന്തില്‍ 103 റണ്‍സ്,അഞ്ചാം വിക്കറ്റില്‍ ഒമര്‍സായിക്കൊപ്പം 63 പന്തില്‍ 72 റണ്‍സ്, ആറാം വിക്കറ്റില്‍ മുഹമ്മദ് നബിക്കൊപ്പം 55 പന്തില്‍ 111 റണ്‍സ് എന്നിങ്ങനെ കൂട്ടിച്ചേര്‍ത്താണ് സദ്രാന്‍ അഫ്ഗാനെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്.
അവസാന ഒന്‍പത് അവറില്‍നിന്ന് അഫ്ഗാന്‍ താരങ്ങള്‍ അടിച്ചുകൂട്ടിയത് 98 റണ്‍സാണ്.എന്നാല്‍ ലിയാം ലിവിങ്സ്റ്റന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ അഫ്ഗാന് നേടാനായത് രണ്ടു റണ്‍സ് മാത്രമായത് നിരാശയായി.
ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 10 ഓവറില്‍ 64 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ലിയാം ലിവിങ്സ്റ്റന്‍ അഞ്ച് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജെയ്മി ഓവര്‍ട്ടന്‍, ആദില്‍ റഷീദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റ അഫ്ഗാനും ഓസ്ട്രേലിയയോടു തോറ്റ ഇംഗ്ലണ്ടിനും ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു.