ചാപ്പലിനെതിരെ ഉയര്‍ന്നത് ഓസ്ട്രേലിയന്‍ രീതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; സീനിയര്‍ താരങ്ങള്‍ക്കെതിരെ വാളെടുക്കുന്ന ഗംഭീറിനെതിരെ ഉയരുന്നതും സമാന ആക്ഷേപം; താരങ്ങളും കോച്ചും പരസ്യ വിമര്‍ശനത്തിലേക്ക് കടക്കുമ്പോള്‍ മുന്നില്‍ തെളിയുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത ദിനങ്ങള്‍

ചാപ്പലിനെതിരെ ഉയര്‍ന്നത് ഓസ്ട്രേലിയന്‍ രീതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം

Update: 2025-01-15 13:46 GMT
ചാപ്പലിനെതിരെ ഉയര്‍ന്നത് ഓസ്ട്രേലിയന്‍ രീതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; സീനിയര്‍ താരങ്ങള്‍ക്കെതിരെ വാളെടുക്കുന്ന ഗംഭീറിനെതിരെ ഉയരുന്നതും സമാന ആക്ഷേപം; താരങ്ങളും കോച്ചും പരസ്യ വിമര്‍ശനത്തിലേക്ക് കടക്കുമ്പോള്‍ മുന്നില്‍ തെളിയുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത ദിനങ്ങള്‍
  • whatsapp icon

മുംബൈ: ഗവാസ്‌കര്‍ ബോര്‍ഡര്‍ ട്രോഫിയിലെ പരാജയത്തിനും സീനിയര്‍ താരങ്ങളുടെ മോശം പ്രകടനത്തിനും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ പടലപിണക്കങ്ങള്‍ മറനീക്കി പുറത്തേക്ക്.സീനിയര്‍ താരങ്ങള്‍ കോച്ചിനെതിരെയും കോച്ച് സീനിയര്‍ താരങ്ങള്‍ക്കെതിരെയും പരസ്യ നിലപാട് സ്വീകരിച്ചതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണെന്ന് റിപ്പോര്‍ട്ട്.മുതിര്‍ന്ന താരങ്ങളുടെ പെരുമാറ്റ രീതിയാണ് ഗംഭീറിനെ ചൊടിപ്പിക്കുന്നത്.എന്നാല്‍ ടീം സെലക്ഷനില്‍ ഉള്‍പ്പടെ ഹെഡ്കോച്ച് ഇടപെടേണ്ടെന്ന നിലപാടിലാണ് താരങ്ങള്‍.തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ബിസിസിഐ അടിയന്തര അവലോകന യോഗം ഇതിനോടകം ചേര്‍ന്നു കഴിഞ്ഞു.

കോച്ചായി ചുമതലയേറ്റതിന് പിന്നാലെ ട്വന്റി 20 പരമ്പരയില്‍ യുവതാരങ്ങളെ ചേര്‍ത്തുള്ള ടീമിനെ ഇറക്കി ഗംഭീര്‍ വിജയം കൊയ്തിരുന്നു.എന്നാല്‍ ടെസ്റ്റിലേക്ക് വന്നതോടെ സ്ഥിതി മാറി.നാട്ടില്‍ ന്യൂസിലാന്റിനെതിരായ ടെസ്റ്റും പിന്നാലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും നഷ്ടപ്പെടുകയും ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു.ഇതൊക്കെയാണ് കോച്ച് ഗംഭീറിനെ ചൊടിപ്പിച്ചത്.ഇതോടെ സീനിയര്‍ താരങ്ങള്‍ക്കെതിരെ ഉള്‍പ്പടെ കോച്ച് വിമര്‍ശനം കടുപ്പിച്ചതോടെ താരങ്ങളും കോച്ചും രണ്ടു തട്ടിലായി.നിലവിലെ സ്ഥിതി ഓര്‍മ്മിപ്പിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ കറുത്ത അധ്യായമെന്ന് വിശേഷിപ്പിക്കുന്ന കോച്ച് ഗ്രേക്ക് ചാപ്പലിന്റെ കാലഘട്ടത്തെയാണ്.

ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ചില സീനിയര്‍ താരങ്ങള്‍ ഹോട്ടലുകളെക്കുറിച്ചും പരിശീലന സമയത്തെക്കുറിച്ചും പ്രത്യേക ഡിമാന്‍ഡുകള്‍ വെച്ചതില്‍ മുഖ്യ പരിശീലകന്‍ തൃപ്തനെല്ലാണ് പുറത്തുവരുന്ന വിവരം.അതേസമയം ഗംഭീറിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ആശയവിനിമയം ഇല്ലെന്നാണ് സീനിയര്‍ താരങ്ങളുടെ പരാതി.ഈ തര്‍ക്കങ്ങള്‍ കൂടാതെ ദേശീയ സെലക്ഷന്‍ കമ്മിറ്റിയും ഗംഭീറുമായി അത്ര രസത്തിലല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.സെലക്ഷന്‍ കാര്യങ്ങളില്‍ ഹെഡ് കോച്ചായിട്ടുള്ള ഗംഭീര്‍ കൂടുതല്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്.

മുന്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ ഗ്രെഗ് ചാപ്പലിന്റെ ശൈലിയിലേക്ക് ഗംഭീര്‍ പോകുന്നതായി ഒരു മുന്‍സെലക്ടറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.ചാപ്പലിന്റെ ശൈലിയെത്തുടര്‍ന്ന് ടീമില്‍ വലിയ അസ്വരാസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. ചാപ്പല്‍ ശൈലി ഇന്ത്യയില്‍ നടപ്പിലാകില്ലെന്ന് മുന്‍ സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു.യാദൃശ്ചികതയെന്നോണം ഇക്കഴിഞ്ഞ ദിവസമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ ചാപ്പല്‍ കാലഘട്ടത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രീതികളെക്കുറിച്ചും വിമര്‍ശനം ഉന്നയിച്ചത്.തന്റെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കണമെന്നായിരുന്നു ചാപ്പലിന്റെ രീതിയെന്ന് ഉത്തപ്പ വിമര്‍ശിച്ചു.സമാന ആക്ഷേപമാണ് ഇപ്പോള്‍ ഗ്ംഭീറിനെതിരെയും ഉന്നയിക്കപ്പെടുന്നത്.

ഉത്തപ്പ ചാപ്പലിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ..

തന്റേതായ അജന്‍ഡകള്‍ നടപ്പാക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു ചാപ്പല്‍ എന്നും, ഇതിനു വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ ഡ്രസിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ അദ്ദേഹം മടിച്ചിരുന്നില്ലെന്നുമാണ് ഉത്തപ്പയുടെ ആരോപണം.പരിശീലകനും താരങ്ങളും തമ്മിലുള്ള സ്വര്‍ച്ചേര്‍ച്ചയില്ലായ്മയാണ് 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്നും ഉത്തപ്പ വെളിപ്പെടുത്തിയിരുന്നു.


 



''പ്രത്യേക അജന്‍ഡ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമായിരുന്നു ഗ്രെഗ് ചാപ്പലിന്റേത്.ഓസ്ട്രേലിയന്‍ ശൈലി ഇന്ത്യന്‍ ടീമില്‍ അടിച്ചേല്‍പ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.ഇങ്ങനെയാണ് ഓസ്ട്രേലിയയില്‍ ചെയ്യുന്നത്,അതുകൊണ്ട് ഇവിടെയും അങ്ങനെ വേണം എന്നതായിരുന്നു രീതി.ഇന്ത്യന്‍ സംസ്‌കാരത്തെ അദ്ദേഹം ഏതെങ്കിലും വിധത്തില്‍ ബഹുമാനിച്ചിരുന്നതായി എനിക്കു തോന്നിയിട്ടില്ല.പകരം ഓസ്ട്രേലിയന്‍ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്' റോബിന്‍ ഉത്തപ്പ പറഞ്ഞു.

''ഡ്രസിങ് റൂമിലെ വിവരങ്ങള്‍ പുറത്തേക്കു ചോര്‍ത്തിനല്‍കുന്ന മോശം സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു.തന്റെ ഇംഗിതമനുസരിച്ചല്ല കാര്യങ്ങള്‍ പോകുന്നതെന്നു കണ്ടാല്‍ ഡ്രസിങ് റൂമിലെ വിവരങ്ങള്‍ അദ്ദേഹം ചോര്‍ത്തിനല്‍കും.ചാപ്പലിന്റെ ഈ ശൈലിയോട് ടീമംഗങ്ങള്‍ക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു' ഉത്തപ്പ വെളിപ്പെടുത്തി.

ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന കാലഘട്ടം ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഇരുണ്ട കാലഘട്ടമായാണ് കണക്കാക്കുന്നത്. അത്രത്തോളം വിവാദങ്ങളും പരാജയങ്ങളും നിറഞ്ഞ കാലമായിരുന്നു അത്.ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള അസ്വാരസ്യങ്ങളും കുപ്രസിദ്ധമായിരുന്നു.2007ലെ ഏകദിന ലോകകപ്പില്‍ ചാപ്പലിന്റെ കീഴില്‍ ഇറങ്ങിയ ഇന്ത്യ ബംഗ്ലദേശിനോടും ശ്രീലങ്കയോടും തോറ്റിരുന്നു.ഇതോടെ നോക്കൗട്ടില്‍ കടക്കാനാകാതെ ഇന്ത്യന്‍ ടീം പുറത്തായി.ഇതോടെ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ഗംഭീറിനെതിരെ പുകയുന്ന ആക്ഷേപങ്ങള്‍

ടെസ്റ്റിലെ തുടര്‍പരാജയങ്ങള്‍ സീനിയര്‍ താരങ്ങള്‍ക്കെന്ന പോലെ ബിസിസിഐക്കും ഗംഭീറിന് മേല്‍ അവമതിപ്പ് ഉണ്ടായക്കിയതായാണ് വിവരം.സീനിയര്‍ താരങ്ങളുടെ പെരുമാറ്റച്ചട്ട ലംഘനമാണ് ഗംഭീര്‍ പറയുന്നതെങ്കില്‍ ഗംഭീറിന്റെ ഇത്തരം വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടുകയാണ് ബിസിസിഐ.ഗംഭീറിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ഓസ്ട്രേലിയയില്‍ ടീമിനൊപ്പം ഇടപെടലുകള്‍ നടത്തിയതിലും ബിസിസിഐ ഇതിനോടകം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.അഡ്‌ലെയ്ഡില്‍ ബിസിസിഐയുടെ വിഐപി ബോക്‌സില്‍ ഇയാള്‍ ഇടംനേടിയതും മറ്റും ബോര്‍ഡ് ഭാരവാഹികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ടീം അംഗങ്ങള്‍ക്കായി മാത്രം ഒരുക്കിയിട്ടുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇയാള്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയതും മറ്റും ബിസിസിഐക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.ഇതേത്തുടര്‍ന്ന് ബിസിസിഐ അവലോകന യോഗത്തില്‍ ഗംഭീറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിന് ചില വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ ധാരണയായിരുന്നു.സ്റ്റഡിയങ്ങളിലെ വിഐപി ബോക്‌സില്‍ ഇരുത്താന്‍ അനുവദിക്കാത്തതിന് പുറമെ ടീം ബസിലോ അതിനു പിന്നിലുള്ള ബസിലോ ഗംഭീറിനെ അനുഗമിക്കാനും ഇനി മാനേജരെ അനുവദിക്കില്ല.


 



മുതിര്‍ന്ന താരങ്ങളോടുള്ള ഗംഭീറിന്റെ അഭിപ്രായ ഭിന്നതകൂടാതെ ബൗളിങ് പരിശീലകന്‍ മോണെ മോര്‍ക്കലുമായുള്ള തര്‍ക്കവും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.മോര്‍ക്കലിനെ നിര്‍ദ്ദേശിച്ചത് തന്നെ ഗംഭീറായിരുന്നു.പക്ഷെ ടീമിന്റെ മോശം പ്രകടനം ടീമിന്റെ സന്തുലിതാവസ്ഥയെ തന്നെ ബാധിച്ചിരിക്കുകയാണ്.ഗംഭീര്‍- മോര്‍ക്കല്‍ വിഷയം വെളിവാക്കുന്നതും അതാണ്.ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിശീലന സെഷനില്‍ മോര്‍ക്കല്‍ വൈകിയെത്തിയതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.ഗ്രൗണ്ടില്‍വെച്ച് തന്നെ ഗംഭീര്‍ മോര്‍ക്കലിനോട് ക്ഷുഭിതനായി. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ ഭിന്നതയിലാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പന്ത് ക്യാപ്റ്റനാകട്ടെയെന്ന് സെലക്ഷന്‍ കമ്മറ്റി..രോഹിത് പകരക്കാരന്‍ ജയ്സ്വാളെന്ന് ഗംഭീറും..

സെലക്ഷന്‍ കമ്മറ്റിയും കോച്ചും രണ്ടു തട്ടിലാണെന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് കഴിഞ്ഞ ദിവസം ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റിയോഗത്തില്‍ പുറത്തുവന്ന ചില വിവരങ്ങളാണ്.രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ ആരെ നിയോഗിക്കുമെന്ന കാര്യത്തിലാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍ അജിത് ആഗാര്‍ക്കറിനു വ്യത്യസ്ത നിലപാടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ ക്യാപ്റ്റനാക്കാനാണ് ഗംഭീറിനു താത്പര്യം. സെലക്ഷന്‍ കമ്മിറ്റിക്കു പക്ഷേ ആ സ്ഥാനത്തേക്ക് ഋഷഭ് പന്ത് വരണമെന്നാണ് നിലപാട്.

രോഹിതിന്റെ പിന്‍ഗാമിയായി സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ ക്യാപ്റ്റനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ താരം തുടര്‍ച്ചയായി പരിക്കിലാകുന്നതാണ് മറ്റു സാധ്യതകളിലേക്ക് ചര്‍ച്ച തിരിയാന്‍ കാരണമായിരിക്കുന്നത്.ബുംറ നായകനായാലും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കരുത്തുറ്റ താരത്തെ കൊണ്ടു വരിക. പിന്നീട് ബുംറയുടെ പിന്‍ഗാമിയായി നായകനായി വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ഉയര്‍ത്തുക എന്നതാണ് ഗംഭീറിന്റെ പദ്ധതി. ബുംറ നായകനാകുമ്പോള്‍ യശസ്വി ജയ്സ്വാള്‍ ഉപ നായകനാകും. ബുംറയെ നായകനായി ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കി പിന്നീട് നായകനായു ഉയര്‍ത്തുകയാണ് സെലക്ഷന്‍ കമ്മിറ്റി മുന്നോട്ടു വച്ചത്.

ടി20 നായകനായ സൂര്യകുമാര്‍ യാദവിനു ഏകദിന, ടെസ്റ്റ് ടീമുകളില്‍ ഇടമില്ല. ഈ സാഹചര്യത്തില്‍ ഇരു ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കാന്‍ പറ്റിയ താരത്തെ കണ്ടെത്തണം എന്നാണ് ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നത്. മൂന്ന് ഫോര്‍മാറ്റിലും മൂന്ന് വ്യത്യസ്ത നായകര്‍ വേണ്ട എന്നും പലരും നിലപാടെടുത്തു.


 



ബുംറയെ ഏകദിനത്തില്‍ നായകനാക്കുന്നതിനോടു ചിലര്‍ക്ക് യോജിപ്പുണ്ടായില്ല. ഇടയ്ക്കിടെ പരിക്കു പറ്റുന്നതിനാല്‍ ബുംറയെ ദീര്‍ഘ കാലത്തേക്ക് നായകനായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും വിയോജിപ്പ് അറിയിച്ചവര്‍ വ്യക്തമാക്കുന്നു. അതിനിടെയാണ് ഗംഭീറും സെലക്ഷന്‍ കമ്മിറ്റിയും ഭാവി ക്യാപ്റ്റന്റെ പേരുകള്‍ നിര്‍ദ്ദേശിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ടീമിനെ നയിച്ചതിന്റെ പരിചയം പന്തിനു മുന്‍തൂക്കം നല്‍കുന്നു.

എന്തായാലും ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനു ശേഷമായിരിക്കും ഇക്കാര്യങ്ങളില്‍ വ്യക്തത വരിക. കുറച്ചു മാസങ്ങള്‍ കൂടി ഇന്ത്യന്‍ ക്യാപ്റ്റനായി നില്‍ക്കാന്‍ രോഹിത് സന്നദ്ധത അറിയിച്ചിരുന്നു. പുതിയ ക്യാപ്റ്റനെ തിരഞ്ഞെക്കുന്നതിനു തന്റെ നിരുപാധിക പിന്തുണയും രോഹിത് യോഗത്തില്‍ അറിയിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ പ്രകടനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങളും ചര്‍ച്ചയായത് എന്നാണ് വിവരം.

Tags:    

Similar News