ബാബര്‍ അസം പുറത്ത്; മുഹമ്മദ് റിസ്വാന്‍ തിരിച്ചെത്തി; ആറു പുതുമുഖങ്ങള്‍; ഫര്‍ഹാന്‍ ഇനി ഏകദിനവും കളിക്കും; പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ്; ട്വന്റി 20 ലോകകപ്പില്‍ നാണംകെട്ട് പുറത്തായതോടെ മുഖം മിനുക്കി പാക്കിസ്ഥാന്‍; ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പിസിബി
ലാഹോര്‍: ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദേശീയ ടീമിനെ പ്രതിനിധീകരിച്ച് ഇതുവരെ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാത്ത പുതിയ ആറു കളിക്കാരില്‍ വിശ്വാസമര്‍പ്പിച്ചാണ് ടീമിനെ പ്രഖ്യാപിച്ചത്. മാര്‍ച്ച് 11 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ബംഗ്ലാദേശ്- പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.
പാക്കിസ്ഥാന്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം ബാബര്‍ അസമിനെ ഒഴിവാക്കി. 2026-ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഈ നടപടി. ടൂര്‍ണമെന്റില്‍ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 91 റണ്‍സ് മാത്രമാണ് ബാബറിന് നേടാനായത്. സൂപ്പര്‍ 8 ഘട്ടത്തില്‍ പാക്കിസ്ഥാന്‍ പുറത്താവുകയും ചെയ്തു. ടി20യിലെ ഫോമില്ലായ്മയ്ക്ക് പുറമെ, ബാബറിന്റെ ഏകദിന കണക്കുകളും മോശമാണ്. 2025ല്‍ 17 ഇന്നിംഗ്‌സുകളില്‍ നിന്ന് 34 ശരാശരിയില്‍ 544 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സ്ട്രൈക്ക് റേറ്റ് ആകട്ടെ 77.16 എന്ന താഴ്ന്ന നിലയിലുമായിരുന്നു. ഇതിനിടെ ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്നും ബാബര്‍ വിരമിക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ബംഗ്ലാദേശിനെതിരെ കളിക്കുന്ന 15 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബുധനാഴ്ച പ്രഖ്യാപിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനാല്‍ പര്യടനത്തെ ചുറ്റിപ്പറ്റി അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനിടെയാണ് പിസിബി ടീമിനെ പ്രഖ്യാപിച്ചത്. അബുദാബിയില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ പാകിസ്ഥാന്‍ ഷഹീന്‍സിനായി കളിച്ച മാസ് സദാഖത്ത്, ഷാമില്‍ ഹുസൈന്‍, ഗാസി ഘോരി, സാദ് മസൂദ്, അബ്ദുള്‍ സമദ് എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട പുതുമുഖ താരങ്ങള്‍. ഷഹീന്‍ ഷാ അഫ്രീദിയാണ് ടീമിനെ നയിക്കുന്നത്. ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ്, ബാറ്റ്സ്മാന്‍ ഹുസൈന്‍ തലാത്ത് എന്നിവരെ സെലക്ടര്‍മാര്‍ ടീമിലേക്ക് തിരിച്ചുവിളിച്ചു. മാര്‍ച്ച് 9 ന് ടീം ധാക്കയിലേക്ക് പുറപ്പെടും. മൂന്ന് ഏകദിന മത്സരങ്ങളും ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുക.
തുടര്‍ച്ചയായ ഐസിസി ടൂര്‍ണമെന്റുകളിലെ തിരിച്ചടികള്‍ക്ക് ശേഷം ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സെലക്ടര്‍മാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് പുതുമുഖങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്: അബ്ദുള്‍ സമദ്, മാസ് സദാഖത്ത്, മുഹമ്മദ് ഗാസി ഗോരി, സാദ് മസൂദ്, സാഹിബ്സാദ ഫര്‍ഹാന്‍ ഷാമില്‍ ഹുസൈന്‍. 2025ലെ റൈസിംഗ് സ്റ്റാര്‍സ് ഏഷ്യ കപ്പിലെ താരമായ മാസ് സദാഖത്തിന്റെ വരവ് ശ്രദ്ധേയമാണ്. ടൂര്‍ണമെന്റില്‍ 258 റണ്‍സും 7 വിക്കറ്റും നേടിയ ഈ ഇരുപതുകാരന്‍ മികച്ച ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് ടീമിലെത്തിയത്.
ടി20 ലോകകപ്പിലെ വിസ്മയ പ്രകടനമാണ് സാഹിബ്സാദ ഫര്‍ഹാന് ആദ്യമായി ഏകദിന ടീമില്‍ ഇടം നേടിക്കൊടുത്തത്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഫര്‍ഹാന്‍ സ്വന്തമാക്കി (383 റണ്‍സ്). ഒരു ടി20 ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടവും ഫര്‍ഹാന്റെ പേരിലായിരുന്നു. പേസര്‍ ബൗളര്‍ ഷഹീന്‍ അഫ്രീദി തന്നെ ടീമിനെ നയിക്കും. മുഹമ്മദ് റിസ്വാന്‍, ഹാരിസ് റൗഫ് എന്നീ മുതിര്‍ന്ന താരങ്ങള്‍ ടീമില്‍ തുടരുന്നുണ്ട്. ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര മാര്‍ച്ച് 11നാണ് ആരംഭിക്കുന്നത്.
മാര്‍ച്ച് 11, 13, 15 തീയതികളിലാണ് മത്സരങ്ങള്‍. അതിനിടെ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സര്‍ഫറാസ് അഹമ്മദിനെ നിയമിക്കാന്‍ പിസിബി തീരുമാനിച്ചു. പിസിബി മുന്നോട്ടുവെച്ച മുഖ്യപരിശീലക പദവി സ്വീകരിക്കാന്‍ സര്‍ഫറാസ് അഹമ്മദ് തയ്യാറായാല്‍ പാക്കിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ പരിശീലകനായി അദ്ദേഹം മാറും. മുന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹമൂദിന് പകരാണ് 38 കാരനായ സര്‍ഫറാസ് ഈ പദവിയിലേക്ക് വരുന്നത്. പാക്കിസ്ഥാനുവേണ്ടി 54 ടെസ്റ്റുകളും 117 ഏകദിനങ്ങളും 61 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ച അദ്ദേഹം പാകിസ്ഥാനെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കും 2017 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കും നയിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്‍ ടീം: ഷഹീന്‍ ഷാ അഫ്രീദി (ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫൈസല്‍ അക്രം, ഹാരിസ് റൗഫ്, ഹുസൈന്‍ താലാത്ത്, മാസ് സദാഖത്ത്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം ജൂനിയര്‍, മുഹമ്മദ് ഗാസി ഗോരി (വിക്കറ്റ് കീപ്പര്‍), സാദ് മസൂദ്, സാഹിബ്സാദ ഫര്‍ഹാന്‍, സല്‍മാന്‍ അലി ആഗ, ഷാമില്‍ ഹുസൈന്‍.
