സി.കെ. നായിഡു ട്രോഫി: കേരളം - ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
സി.കെ. നായിഡു ട്രോഫി: കേരളം - ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ കേരളവും ഝാര്‍ഖണ്ഡുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. 336 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കേരളം നാല് വിക്കറ്റിന് 224 റണ്‍സെടുത്ത് നില്‌ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ അഞ്ച് വിക്കറ്റിന് 344 റണ്‍സെന്ന നിലയില്‍ ഝാര്‍ഖണ്ഡ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന അഹമ്മദ് ഇമ്രാന്റെ പ്രകടനമാണ് അവസാന ദിവസം കേരളത്തെ സംബന്ധിച്ച് ശ്രദ്ധേയമായത്.
സ്‌കോര്‍ - ഝാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്‌സ് 274, രണ്ടാം ഇന്നിങ്‌സ് 344/5 ഡിക്ലയേഡ്, കേരളം ഒന്നാം ഇന്നിങ്‌സ് - 283, രണ്ടാം ഇന്നിങ്‌സ് 224/4
അഞ്ച് വിക്കറ്റിന് 288 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ഝാര്‍ഖണ്ഡ് 56 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ആര്യന്‍ ഹൂഡ 83-ഉം കുനൈന്‍ ഖുറേഷി 70-ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഷോണ്‍ റോജര്‍ മൂന്ന് വിക്കറ്റും ജെ.എസ്. അനുരാജ്, കൈലാസ് ബി. നായര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ എസ്.എസ്. അക്ഷയുടെയും അഭിഷേക് ജെ. നായരുടെയും വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. അക്ഷയ് നാലും അഭിഷേക് 13-ഉം റണ്‍സ് നേടിയാണ് മടങ്ങിയത്. തുടര്‍ന്നെത്തിയ ഷോണ്‍ റോജര്‍ക്കും (0) അധികനേരം പിടിച്ചു നില്‍ക്കാനായില്ല. 48 റണ്‍സെടുത്ത വരുണ്‍ നായനാര്‍ കൂടി മടങ്ങിയതോടെ നാല് വിക്കറ്റിന് 72 റണ്‍സെന്ന നിലയിലായിരുന്നു കേരളം.
എന്നാല്‍ സമ്മര്‍ദ്ദ ഘട്ടത്തില്‍ ഒത്തുചേര്‍ന്ന അഹമ്മദ് ഇമ്രാനും രോഹന്‍ നായരും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. സമചിത്തതയോടെ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് കേരളത്തിന് സമനില ഉറപ്പാക്കി. 152 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. അഹമ്മദ് ഇമ്രാന്‍ 106-ഉം രോഹന്‍ നായര്‍ 52-ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 13 ബൗണ്ടറികളും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു അഹമ്മദ് ഇമ്രാന്റെ ഇന്നിങ്‌സ്.
