അഫ്‌ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് നാണംകെട്ട തോൽവി; അവസാന ഏഴ് വിക്കറ്റുകള്‍ നഷ്ടമായത് 11 റണ്‍സിനിടെ; 18 കാരന് മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ളാദേശ്; പരമ്പരയിൽ മുന്നിലെത്തി അഫ്‌ഗാനിസ്ഥാൻ
ഷാര്‍ജ: അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ബംഗ്ലാദേശിന് നാണംകെട്ട തോൽവി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ ഉയർത്തിയ കുഞ്ഞൻ ടോട്ടലിന്റെ അടുത്തെത്താതെ ബംഗ്ളാദേശ് അടിയറവ് പറഞ്ഞു. 92 റണ്‍സിനാണ് ബംഗ്ളാദേശ് തോറ്റത്. 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ അള്ളാ ഗസന്‍ഫാറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 49.4 ഓവറില്‍ 235ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് 34.3 ഓവറില്‍ 10 വിക്കറ്റിന് 143റൺസ് മാത്രമാണ് നേടാനായത്. അവസാന ഏഴ് വിക്കറ്റുകള്‍ 11 റണ്‍സിനിടെയാണ് ബംഗ്ലാദേശിന് നഷ്ടമായത്.
235 റൺസിന്റെ വിജയലക്ഷ്യവുമായിട്ടിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് അനായാസം വിജയിക്കുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ ഗസന്‍ഫാര്‍ എന്ന18 കാരന്റെ ബൗളിങ്ങിന് മുന്നിൽ ബംഗ്ളാദേശ് ബാറ്റ്‌സ്മാൻമാർ തകർന്നടിഞ്ഞു. മൂന്നിന് 132 എന്ന ശക്തമായ നിലയിലായിരുന്നു ബംഗ്ലാദേശിന് 11 റണ്‍സ് ചേർക്കുന്നതിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകളാണ്. ഇതില്‍ ആറും നേടിയത് ഗസന്‍ഫാര്‍. 6.3 ഓവര്‍ മാത്രമെറിഞ്ഞ ഗസന്‍ഫാര്‍ 26 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
നേരത്തെ അഫ്ഗാനിസ്ഥാനും മികച്ച തുടക്കം ലഭിച്ചിരുന്നില്ല. റഹ്മാനുള്ള ഗുര്‍ബാസ് (5), സെദിഖുള്ള അടല്‍ (21), റഹ്മത്ത് ഷാ (2), അസ്മതുള്ള ഒമര്‍സായ് (0) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ നാലിന് 35 എന്ന നിലയിലായിരുന്നു. പിന്നീട് മുഹമ്മദ് നബി (84) - ഷാഹിദി സഖ്യം 104 റണ്‍സ് കൂട്ടിചേര്‍ത്തോടെ അഫ്‌ഗാനിസ്ഥാൻ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തി. നംഗേയാലിയ ഖരോട്ടെയുടെ (11 പന്തില്‍ പുറത്താവാതെ 27) ഇന്നിംഗ്‌സ് അഫ്‌ഗാനിസ്ഥാന് നിര്‍ണായകമായി.
84 പന്തുകള്‍ നേരിട്ട നബി മൂന്ന് സിക്‌സും നാല് ഫോറും നേടി. ഗസര്‍ഫാര്‍ (0), ഫസല്‍ഹഖ് ഫാറൂഖി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബംഗ്ളാദേശിനായി ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഫ്ഗാനിസ്ഥാന്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലെത്തി.