അർധ സെഞ്ചുറിയുമായി കോലിയും റിഷഭ് പന്തും; അവസാന ഓവറുകളിൽ തകർന്നടിഞ്ഞ് ഗുജറാത്ത്; വിജയ് ഹസാരെ ട്രോഫിയിൽ ഡല്‍ഹിക്ക് ഏഴ് റൺസിന്റെ ജയം

Update: 2025-12-26 12:50 GMT

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഗുജറാത്തിനെ ഏഴ് റൺസിന് പരാജയപ്പെടുത്തി ഡൽഹി. ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ, വിരാട് കോലിയുടെയും (77) റിഷഭ് പന്തിന്റെയും (70) മികച്ച പ്രകടനങ്ങളുടെ കരുത്തിൽ ഡൽഹി ഉയർത്തിയ 255 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് അവസാന ഓവറുകളിൽ തകരുകയായിരുന്നു. ഗുജറാത്ത് 47.4 ഓവറിൽ 247 റൺസിന് ഓൾ ഔട്ടായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തു. 61 പന്തിൽ ഒരു സിക്‌സും 13 ഫോറുമടക്കം 77 റൺസ് നേടിയ കോലിയാണ് ഡൽഹിയുടെ ടോപ് സ്കോറർ. 79 പന്തിൽ 70 റൺസെടുത്ത റിഷഭ് പന്തും മികച്ച പിന്തുണ നൽകി. പ്രിയാൻഷ് ആര്യ (1), അർപിത് (10), നിതീഷ് റാണ (12), ആയുഷ് ബദോനി (12) എന്നിവരെ വേഗത്തിൽ നഷ്ടപ്പെട്ട ഡൽഹി ഒരു ഘട്ടത്തിൽ 5 വിക്കറ്റിന് 147 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ, പന്തും ഹർഷ് ത്യാഗിയും (40) ചേർന്ന് 73 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. സിമാർജീത് സിംഗ് പുറത്താകാതെ 15 റൺസ് നേടി ഡൽഹിയുടെ സ്കോർ 250 കടത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഗുജറാത്തിനായി വിശാൽ ജയ്‌സ്വാൾ നാല് വിക്കറ്റ് വീഴ്ത്തി.

255 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ഒരു ഘട്ടത്തിൽ വിജയമുറപ്പിച്ചിരുന്നു. അഞ്ച് വിക്കറ്റിന് 213 റൺസ് എന്ന ശക്തമായ നിലയിലായിരുന്ന അവർക്ക് എന്നാൽ, അവസാന 34 റൺസിനിടെ ശേഷിച്ച അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ആര്യ ദേശായ് 57 റൺസെടുത്ത് ഗുജറാത്തിന്റെ ടോപ് സ്കോററായി. സൗരവ് ചൗഹാൻ (49), ഉർവിൽ പട്ടേൽ (31), അഭിഷേക് ദേശായ് (26), വിശാൽ ജയ്‌സ്വാൾ (26) എന്നിവരും രണ്ടക്കം കടന്നു. ഹേമാങ് പട്ടേൽ (10), ചിന്തൻ ഗജ (12), അമിത് ദേശായ് (12) എന്നിവരാണ് മറ്റു പ്രമുഖർ.

ഡൽഹിക്ക് വേണ്ടി പ്രിൻസ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അർപിത് റാണയും ഇശാന്ത് ശർമയും രണ്ട് വിക്കറ്റ് വീതം നേടി. ഗുജറാത്തിന്റെ മധ്യനിരയെയും വാലറ്റത്തെയും തകർത്ത ഡൽഹി ബൗളർമാരുടെ പ്രകടനമാണ് ടീമിന് വിജയം സമ്മാനിച്ചത്. 

Tags:    

Similar News