മിന്നും ഫോമിൽ ദേവ്ദത്ത് പടിക്കൽ; അഞ്ച് മത്സരങ്ങളിൽ നാല് സെഞ്ചുറി;വിജയ് ഹസാരെയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമത്

Update: 2026-01-03 11:49 GMT

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിലെ തകർപ്പൻ ഫോം തുടർന്ന് കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയ ദേവ്ദത്ത്, ഈ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും താരം മൂന്നക്കം കടന്നിരുന്നു. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ, കർണാടകയുടെ മുൻനിര തകർന്നപ്പോൾ ഒറ്റയാൾ പോരാട്ടത്തിലൂടെ ദേവ്ദത്ത് ടീമിനെ മുന്നോട്ട് നയിച്ചു.

120 പന്തിൽ മൂന്ന് സിക്സും എട്ട് ബൗണ്ടറികളും ഉൾപ്പെടെ 108 റൺസാണ് ദേവ്ദത്ത് അടിച്ചെടുത്തത്. ഈ പ്രകടനത്തിന്റെ പിൻബലത്തിൽ കർണാടകയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 332 റൺസ് എന്ന മികച്ച ടോട്ടൽ നേടാനായി. രവിചന്ദ്ര സ്മരൺ 60 റൺസും അഭിനവ് മനോഹർ പുറത്താകാതെ 79 റൺസും നേടി മധ്യനിരയിൽ മികച്ച പിന്തുണ നൽകി.

ഡിസംബർ 24-ന് ആരംഭിച്ച വിജയ് ഹസാരെ ട്രോഫിയിൽ ദേവ്ദത്തിന്റെ ആധിപത്യം പ്രകടമായിരുന്നു. ജാർഖണ്ഡിനെതിരെ 147 റൺസ്, പിന്നാലെ കേരളത്തിനെതിരെ 124 റൺസ്, പുതുച്ചേരിക്ക് എതിരെ 113 റൺസ് എന്നിങ്ങനെയായിരുന്നു താരത്തിന്റെ മറ്റ് സെഞ്ച്വറികൾ. തമിഴ്നാടിനെതിരായ മത്സരത്തിൽ 22 റൺസിന് പുറത്തായതൊഴിച്ചാൽ, ബാക്കിയെല്ലാ മത്സരങ്ങളിലും താരം ഉജ്ജ്വല ഫോം തുടർന്നു.

ത്രിപുരയ്‌ക്കെതിരായ സെഞ്ച്വറിയോടെ ലിസ്റ്റ് ‘എ’ ക്രിക്കറ്റിൽ ദേവ്ദത്തിന്റെ 13-ാം സെഞ്ച്വറിയാണ് പിറന്നത്. ഇതോടെ വിജയ് ഹസാരെ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി അടിച്ച താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ദേവ്ദത്ത് പടിക്കൽ ഉയർന്നു. 15 സെഞ്ച്വറികളുമായി അങ്കിത് ഭാവ്‌നെയും 14 സെഞ്ച്വറികളുമായി ഋതുരാജ് ഗെയ്‌ക്‌വാദുമാണ് ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.

Tags:    

Similar News