ഡൽഹി പ്രീമിയർ ലീഗിലും രക്ഷയില്ല; ദിഗ്‌വേഷ് റാത്തിയ്ക്ക് കനത്ത പിഴ; ഇത്തവണ കോർത്തത് നിതീഷ് റാണയുമായി; വൈറാലി വീഡിയോ

Update: 2025-08-30 09:49 GMT

ന്യൂഡൽഹി: ഐപിഎല്ലിന് പിന്നാലെ ഡൽഹി പ്രീമിയർ ലീഗിലും സ്പിന്നർ ദിഗ്‌വേഷ് റാത്തി മോശം പെരുമാറ്റത്തിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിക്കുന്നു. വിക്കറ്റ് എടുത്തശേഷമുള്ള നോട്ട് ബുക്ക് സെലിബ്രേഷന്‍റെ പേരില്‍ ഐപിഎല്ലിൽ ഒന്നില്‍ കൂടുതല്‍ തവണ പിഴശിക്ഷ ഏറ്റവുവാങ്ങിയ താരത്തിന് വീണ്ടും കനത്ത പിഴ വിധിച്ചിരിക്കുകയാണ്. മാച്ച് ഫീയുടെ 80 ശതമാനം പിഴയാണ് ചുമത്തിയിരിക്കുന്നത്.

ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിനായി പന്തെറിഞ്ഞ ദിഗ്‌വേഷ് റാത്തി വെസ്റ്റ് ഡല്‍ഹി ലയണ്‍സിന്റെ നിതീഷ് റാണയുമായാണ് ഏറ്റുമുട്ടിയത്. നിതീഷ് റാണയ്ക്ക് മാച്ച് ഫീയുടെ 50 ശതമാനവുമാണ് പിഴയായി വിധിച്ചത്. ദിഗ്‌വേഷ് റാത്തി എറിഞ്ഞ ബോളിൽ നിതീഷ് റാണ സിക്സ് നേടിയതിന് പിന്നാലെ, താരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. റാണ ബാറ്റിൽ റാത്തിയുടെ ഐപിഎല്ലിലെ പ്രശസ്തമായ 'നോട്ട്ബുക്ക് സെലിബ്രേഷൻ' അനുകരിച്ചതാണ് റാത്തിയെ ചൊടിപ്പിച്ചത്. ഇതിനെത്തുടർന്ന് റാത്തി റാണയെ അസഭ്യം പറയുകയും, റാണ തിരിച്ചടിക്കുകയുമായിരുന്നു.

സഹതാരങ്ങളും അമ്പയർമാരും ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് താരമായിരുന്ന ദിഗ്‌വേഷ് റാത്തി, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും സമാനമായ സെലിബ്രേഷന്റെ പേരിൽ പിഴയടച്ചിരുന്നു. മത്സരത്തിൽ വെസ്റ്റ് ഡൽഹി ലയൺസ് ഏഴ് വിക്കറ്റിന് വിജയിച്ച് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ഡൽഹി പ്രീമിയർ ലീഗിൽ സെൻട്രൽ ഡൽഹി കിംഗ്സ് നേരത്തെ തന്നെ ഫൈനലിലെത്തിയിരുന്നു. ഇന്നലത്തെ മത്സരത്തിൽ വിജയിച്ച വെസ്റ്റ് ഡൽഹി ലയൺസ് ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഈസ്റ്റ് ഡൽഹി റൈഡേഴ്സിനെ നേരിടും. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് നാളെ നടക്കുന്ന ഫൈനലിൽ കിരീടത്തിനായി മത്സരിക്കാം.

Tags:    

Similar News