ബാറ്റിങ് തകര്‍ച്ചയിലും തല ഉയര്‍ത്തി കെ എല്‍ രാഹുല്‍; വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജയുടെ വീരോചിത ചെറുത്തുനില്‍പ്പ്; ലോര്‍ഡ്‌സില്‍ ഒപ്പത്തിനൊപ്പം പൊരുതിക്കയറിയ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റില്‍ 22 റണ്‍സ് ജയത്തോടെ പരമ്പരയില്‍ മുന്നില്‍
മൂന്നാം ടെസ്റ്റില്‍ 22 റണ്‍സ് ജയത്തോടെ പരമ്പരയില്‍ മുന്നില്‍
ലണ്ടന്‍: ലോര്‍ഡ്‌സില്‍ ചരിത്ര ജയം കയ്യെത്തും ദൂരത്ത് കൈവിട്ട് ഇന്ത്യ. 193 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യന്‍ ബോളര്‍മാര്‍ നല്‍കിയിട്ടും എഡ്ജ്ബാസ്റ്റണില്‍ റണ്‍മല തീര്‍ത്ത ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് ലോര്‍ഡ്‌സില്‍ മികവ് പുറത്തെടുക്കാനായില്ല. അഞ്ചാം ദിനം മൂന്നാം സെഷന്‍ വരെ നീണ്ട പോരാട്ടത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ 170 റണ്‍സെടുത്ത് ഇന്ത്യ പുറത്താകുമ്പോള്‍ ജയം 23 റണ്‍സ് മാത്രം അകലെയായിരുന്നു. ഇന്ത്യക്കെതിരെ 22 റണ്‍സ് ജയം നേടിയ ഇംഗ്ലണ്ട് പരമ്പരയില്‍ 2- 1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടേയും വാലറ്റത്തിന്റേയും വീരോചിതമായ പോരാട്ടമാണ് ഇന്ത്യന്‍ സ്‌കോര്‍ 170 ല്‍ എത്തിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട് 387, 192. ഇന്ത്യ 387, 170
ബാറ്റിംഗ് തകര്‍ച്ചയിലും ചെറുത്തുനിന്ന നിന്ന കെ എല്‍ രാഹുലിന്റെ ഇന്നിംഗ്‌സിനും വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ നടത്തിയ വീരോചിത പോരാട്ടത്തിനും സാക്ഷിയായ ആരാധകര്‍ ഒരു നിമിഷം ആഗ്രഹിച്ച് പോയിട്ടുണ്ടാകും മറ്റ് ഏതെങ്കിലും ബാറ്റര്‍മാര്‍ കുറച്ചുകൂടി കരുതി കളിച്ചിരുന്നുവെങ്കിലെന്ന്. ജഡേജയ്ക്ക് ഒപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും കാണിച്ച ക്ഷമയുടെ പാതിയെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തിരുന്നുവെങ്കില്‍ സന്ദര്‍ശകര്‍ക്ക് ചരിത്ര ജയം സ്വന്തമാക്കാമായിരുന്നു.
അര്‍ധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജ പരമാവധി പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 181 പന്തുകള്‍ നേരിട്ട ജഡേജ 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ രവീന്ദ്ര ജഡേജയുടെ നാലാമത്തെ അര്‍ധ സെഞ്ചറിയാണ് ഇന്നത്തേത്. എജ്ബാസ്റ്റനിലെ രണ്ടാം ടെസ്റ്റില്‍ 89, 69 എന്നിങ്ങനെയായിരുന്നു ജഡേജയുടെ സ്‌കോറുകള്‍. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 131 പന്തില്‍ 72 റണ്‍സെടുത്തു താരം പുറത്തായി.
നാലാം ദിനം നാലിന് 58 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചെങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിര പ്രതീക്ഷയോടെയായിരുന്നു അവസാന ദിനം തുടങ്ങിയത്. കെ.എല്‍. രാഹുലും ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ഉള്‍പ്പടെ ബാക്കിയുള്ളതിനാല്‍ ചെറിയ വിജയലക്ഷ്യത്തിലേക്ക് അനായാസം ഇന്ത്യ കുതിക്കുമെന്ന് ആരാധകരും വിശ്വസിച്ചു. എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്. ഋഷഭ് പന്ത് (12 പന്തില്‍ ഒന്‍പത്), കെ.എല്‍. രാഹുല്‍ (58 പന്തില്‍ 39), വാഷിങ്ടന്‍ സുന്ദര്‍ (പൂജ്യം), നിതീഷ് കുമാര്‍ റെഡ്ഡി (53 പന്തില്‍ 13), ജസ്പ്രീത് ബുമ്ര (54 പന്തില്‍ അഞ്ച്) എന്നിവരാണ് തിങ്കളാഴ്ച പുറത്തായത്.
അവസാന ദിനം തുടര്‍ച്ചയായി ഇന്ത്യയുടെ മധ്യനിര വിക്കറ്റുകള്‍ വീണു. സ്‌കോര്‍ 71 ല്‍ നില്‍ക്കെ ഋഷഭ് പന്തിനെ ജോഫ്ര ആര്‍ച്ചര്‍ ബോള്‍ഡാക്കി. 21ാം ഓവറിലെ അവസാന ബോളില്‍ പന്തിന്റെ ഓഫ് സ്റ്റംപ് തെറിച്ചു. നിലയുറപ്പിച്ചു കളിച്ചിരുന്ന കെ.എല്‍. രാഹുലിനെ ഇംഗ്ലിഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് വിക്കറ്റിനു മുന്നില്‍ കുടുക്കി. നിര്‍ണായക അവസരത്തില്‍ അതിവേഗം വിക്കറ്റു വലിച്ചെറിഞ്ഞ് വാഷിങ്ടന്‍ സുന്ദറും നിരാശപ്പെടുത്തി. നാലു പന്തുകള്‍ നേരിട്ട വാഷിങ്ടന്‍ സുന്ദര്‍ ആര്‍ച്ചറുടെ പന്തിലാണു റണ്ണൊന്നുമെടുക്കാതെ മടങ്ങിയത്. രവീന്ദ്ര ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും കൂടുതല്‍ പ്രതിരോധത്തിലേക്കു വലിഞ്ഞതോടെ 32 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. ലഞ്ചിനു തൊട്ടുമുന്‍പ് നിതീഷ് റെഡ്ഡിയെ ജെയ്മി സ്മിത്തിന്റെ കൈകളിലെത്തിച്ച ക്രിസ് വോക്‌സ് ഇന്ത്യയുടെ അവസാന പ്രതീക്ഷകളും തല്ലിക്കെടുത്തി.
എന്നാല്‍ ജസ്പ്രീത് ബുമ്ര ജഡേജയ്‌ക്കൊപ്പം കൈകോര്‍ത്ത് വിജയലക്ഷ്യത്തിന് 50 താഴെ റണ്‍സ് മാത്രം ബാക്കിയെന്ന നില വരെ എത്തിച്ചതാണ്. ഒരു ഭാഗത്ത് ജഡേജ സ്‌കോര്‍ കണ്ടെത്തിയപ്പോള്‍, പ്രതിരോധം മാത്രമായിരുന്നു ബുമ്രയുടെ ചുമതല.സ്‌കോര്‍ 147 ല്‍ നില്‍ക്കെ സ്റ്റോക്‌സിന്റെ 62ാം ഓവറില്‍ പുറത്താകുമ്പോള്‍ 54 പന്തുകളില്‍ ബുമ്ര ആകെ നേടിയത് അഞ്ച് റണ്‍സായിരുന്നു. സ്റ്റോക്‌സിന്റെ ഷോര്‍ട്ട് ബോള്‍ പുള്‍ ചെയ്ത ബുമ്രയെ മിഡ് ഓണില്‍ കുക്ക് പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യന്‍ വിജയത്തിന് 22 റണ്‍സകലെ മുഹമ്മദ് സിറാജിനെ ബോള്‍ഡാക്കി സ്പിന്നര്‍ ശുഐബ് ബഷീറാണ് തോല്‍വിയിലേക്ക് ടീമിനെ തള്ളിവിട്ടത്.
രണ്ടാം ഇന്നിങ്‌സില്‍ കരുണ്‍ നായര്‍ (33 പന്തില്‍ 14), ശുഭ്മന്‍ ഗില്‍ (ഒന്‍പതു പന്തില്‍ ആറ്), ആകാശ്ദീപ് (11 പന്തില്‍ ഒന്ന്), യശസ്വി ജയ്‌സ്വാള്‍ എന്നിവരും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. ചേസിങ് ടീമുകള്‍ക്കു മികച്ച റെക്കോര്‍ഡുള്ള ലോഡ്‌സില്‍ ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്കു രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (0) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ രാഹുലുമൊത്ത് 36 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും കരുണ്‍ നായര്‍ക്കു (14) പ്രതീക്ഷ കാക്കാനായില്ല. നേരിട്ട ഒന്‍പതാം പന്തില്‍ ബ്രൈഡന്‍ കാഴ്‌സിനു വിക്കറ്റ് നല്‍കിയ ശുഭ്മന്‍ ഗില്ലും (6) പുറത്തായതോടെ ആശങ്കയായി.നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ് ദീപിന്റെ (1) കൂടി വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ട് നാലാംദിനം അവസാനിപ്പിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 എന്ന സ്‌കോറിലായിരുന്ന ഇന്ത്യയ്ക്ക് 17 റണ്‍സിനിടെ 3 വിക്കറ്റുകള്‍ കൂടി നഷ്ടമായി.