'38 വയസ്സുകാരനായ ജോക്കോവിച്ചിന്റെ മത്സരം കാണാന്‍ 36ാം വയസ്സില്‍ വിരമിച്ച കോലി'; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന് ആരാധകര്‍; ടെസ്റ്റില്‍ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലിന്റെ കാരണം തമാശയോടെ പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍

ജോക്കോവിച്ചിന്റെ കളി കാണാന്‍ പോയ കോലിക്കു വിമര്‍ശനം

Update: 2025-07-09 10:36 GMT

ലണ്ടന്‍: വിമ്പിള്‍ഡന്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്റെ മത്സരം കാണാന്‍ പോയ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം ആരാധകര്‍. പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചും ഓസ്‌ട്രേലിയന്‍ താരം അലക്‌സ് ഡിമിനോറും തമ്മിലുള്ള മത്സരം കാണാനാണ് വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും പോയത്.

മത്സരം കാണുന്ന വിരാട് കോലിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സെര്‍ബിയന്‍ താരം ജോക്കോവിച്ചിന്റെ കടുത്ത ആരാധകനാണു കോലി. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച കോലി കുടുംബത്തോടൊപ്പം യുകെയിലാണു താമസിക്കുന്നത്. അപ്രതീക്ഷിതമായ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ആരാധകരുടെ രോഷപ്രകടനങ്ങള്‍ തുടരുകയാണ്.

''38 വയസ്സുകാരനായ ജോക്കോവിച്ചിന്റെ മത്സരത്തിനായി 36ാം വയസ്സില്‍ വിരമിച്ച കോലി പോയതാണ്'' ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. വിരാട് കോലി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്കു മടങ്ങിയെത്തണമെന്നും ആരാധകര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ആവശ്യപ്പെട്ടു.

അതേസമയം ജോക്കോവിച്ചിന് പിന്തുണയറിയിച്ചുകൊണ്ട് കോലി സമൂഹമാധ്യമത്തില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. വിമ്പിള്‍ഡന്‍ ഫൈനലില്‍ ജോക്കോവിച്ച് കാര്‍ലോസ് അല്‍കാരസ് പോരാട്ടം വേണമെന്നും, സെര്‍ബിയന്‍ താരം കിരീടം നേടണമെന്നും കോലി മാധ്യമങ്ങളോടു പ്രതികരിച്ചു. കോലിയുടെ പിന്തുണയ്ക്കു നന്ദിയുണ്ടെന്ന് ജോക്കോവിച്ച് പിന്നീട് വ്യക്തമാക്കി.

അതേ സമയം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനെക്കുറിച്ച് കഴിഞ്ഞ ദിവസം വിരാട് കോലി തമാശയോടെ പ്രതികരിച്ചിരുന്നു. ലണ്ടനില്‍ നടന്ന യുവരാജ് സിംഗ് ക്യാന്‍സര്‍ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിച്ചതിനുള്ള കാരണം വ്യക്തമാക്കിയത്. എല്ലാവരും ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയെ മിസ് ചെയ്യുന്നുവെന്ന് പരിപാടിയുടെ അവതാരകനായ ഗൗരവ് കപൂര്‍ വിരാട് കോലിയെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞപ്പോഴായിരുന്നു വേദിയിലെത്തിയശേഷം കോലി ഇക്കാര്യത്തെക്കുറിച്ച് മനസുതുറന്നത്.

ഞാനെന്റെ താടി രണ്ട് ദിവസം മുമ്പാണ് കളര്‍ ചെയ്തത്. എല്ലാ നാലു ദിവസം കുടുമ്പോഴും താടി കളര്‍ ചെയ്യേണ്ടിവരുമ്പോള്‍ തന്നെ തിരിച്ചറിവുണ്ടാകുമല്ലോ, നമ്മുടെ സമയമായെന്ന് എന്നായിരുന്നു കോലിയുടെ തമാശ കലര്‍ന്ന മറുപടി. മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ക്രിസ് ഗെയ്ല്‍, രവി ശാസ്ത്രി, കെവിന്‍ പീറ്റേഴ്‌സണ്‍, ബ്രയാന്‍ ലാറ, ആശിഷ് നെഹ്‌റ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

തന്റെ കരിയറിലുടനീളം വലിയൊരു സംരക്ഷനായി നിന്ന മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയോടുള്ള കടപ്പാടും നന്ദിയും കോലി തുറന്നു പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സംഭവിച്ച മാറ്റങ്ങള്‍ സാധ്യമാവില്ലായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ അത്രമാത്രമുണ്ടായിരുന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ വരുന്ന ചോദ്യശരങ്ങളില്‍ നിന്ന് അദ്ദേഹം എല്ലായ്‌പ്പോഴും ഒരു പരിചപോലെ എന്നെ സംരക്ഷിച്ചു. അന്ന് അദ്ദേഹം അത് ചെയ്തില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലാവുമായിരുന്നു. എന്റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.

ഇന്ത്യന്‍ ടീമിലെത്തിയ കാലത്ത് യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗുമെല്ലാം നല്‍കിയ പിന്തുണയും ഉപദേശങ്ങളുമാണ് തന്നിലെ ക്രിക്കറ്ററെ രൂപപ്പെടുത്തുന്നതില്‍ സഹായിച്ചതെന്നും അവരുമായി എക്കാലത്തും അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും കോലി പറഞ്ഞു.

Tags:    

Similar News