ടി20 ലോകകപ്പിൽ ഉണ്ടാകുമോയെന്ന അനിശ്ചിതത്വം തുടരുന്നു; അനിരുദ്ധ് ഒരുക്കിയ 'ഫീല്‍ ദ ത്രില്‍' ഗാനത്തിൽ പാക്കിസ്ഥാനും; ഐസിസി പുറത്തിറക്കിയ വീഡിയോ കാണാം

Update: 2026-01-31 10:16 GMT

ചെന്നൈ: ടി20 ലോകകപ്പിന്റെ ആവേശം പടിവാതിലിൽ എത്തിനിൽക്കെ, പാക്കിസ്ഥാൻ ടൂർണമെന്റിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്നും അനിശ്ചിതത്വം തുടരുന്നു. പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മുഹ്‌സിൻ നഖ്‌വി അറിയിച്ചതനുസരിച്ച്, ഇന്ന് അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയാകും അന്തിമ തീരുമാനം പുറത്തുവരിക. പാക്കിസ്ഥാന്‍ അന്തിമ തീരുമാനം പറഞ്ഞാലും ഇല്ലെങ്കിലും ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഐസിസി. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ടീമുകളെ ഉള്‍പ്പെടുത്തിയാണ് 'ഫീല്‍ ദ ത്രില്‍' എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്.

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്‌സിൻ നഖ്‌വി അറിയിച്ചത് പ്രകാരം, തീരുമാനം ഇന്നോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ്. ഈ സമയപരിധിയിലെ ആദ്യ ദിവസം അവസാനിക്കുമ്പോഴും പാകിസ്ഥാന്റെ നിലപാട് വ്യക്തമായിട്ടില്ല. ഇതിനിടെയാണ്, പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഐസിസി ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയത്. അനിരുദ്ധ് രവിചന്ദർ ചിട്ടപ്പെടുത്തി പാടിയ ഈ ഗാനത്തിന്റെ ഇംഗ്ലീഷ് വരികൾ ഹൈസൻബർഗും ഹിന്ദി വരികൾ റഖീബ് ആലമുമാണ് രചിച്ചത്.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് 2026 ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുന്നത്. ടൂർണമെന്റിലെ അമ്പയർമാരുടെ പട്ടികയും ഐസിസി ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഗാനവും മറ്റ് ഒരുക്കങ്ങളും നടക്കുമ്പോഴും, പാക്കിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരാധകരുടെ ആശങ്ക തുടരുകയാണ്. ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഐസിസി ഒഴിവാക്കിയ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചാണ് പാക്കിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിച്ചേക്കുമെന്ന നിലപാടെടുത്തത്.

ടീമിനെ പ്രഖ്യാപിച്ചുവെങ്കിലും, ലോകകപ്പിൽ കളിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ പിസിബി ചെയർമാൻ മുഹ്‌സിൻ നഖ്‌വി പാക് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു. ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചാൽ കടുത്ത സാമ്പത്തിക പ്രൊഫഷണൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് ഐസിസി പാക് ക്രിക്കറ്റ് ബോർഡിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഐസിസിയിൽ നിന്ന് പാക്കിസ്ഥാന് ലഭിക്കേണ്ട വാർഷിക വരുമാന വിഹിതമായ 34.5 ദശലക്ഷം ഡോളർ (ഏകദേശം 966 കോടി രൂപ) ഐസിസി തടഞ്ഞുവയ്ക്കും എന്നതാണ് പ്രധാന ഭീഷണി. കൂടാതെ, പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കളിക്കാൻ വിദേശ താരങ്ങൾക്ക് എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകില്ലെന്നും ഐസിസി അറിയിച്ചിട്ടുണ്ട്.

Tags:    

Similar News