'സന്തോഷം.. ഒടുവിലൊരു ട്രോഫി കൈയിൽ കിട്ടിയല്ലോ..'; ഏഷ്യാ കപ്പ് വിവാദത്തിൽ പരിഹാസവുമായി സൂര്യകുമാർ യാദവ്

Update: 2025-11-08 16:33 GMT

ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഏഷ്യാ കപ്പ് ടൂർണമെന്റിലെ ട്രോഫി വിവാദത്തിൽ പരോക്ഷ പരാമർശവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്രോഫി ഏറ്റുവാങ്ങവേ, 'ഒടുവിൽ ഒരു ട്രോഫി കൈയിൽ കിട്ടിയതിൽ സന്തോഷം തോന്നുന്നു' എന്ന് സൂര്യകുമാർ പ്രതികരിച്ചു.

ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ നിലപാട് വ്യക്തമാക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. ഏഷ്യാ കപ്പ് വിജയിച്ചതിന് ശേഷവും ട്രോഫി ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറിയിട്ടില്ല. ഇതിനിടെയാണ് സൂര്യകുമാറിൻ്റെ പരാമർശം. 'പരമ്പര വിജയത്തിൻ്റെ ട്രോഫി ഏറ്റുവാങ്ങുമ്പോൾ അതിയായ ആഹ്ലാദമുണ്ട്. വനിതാ ടീം ലോകകപ്പ് ജയിച്ചപ്പോൾ ഇന്ത്യക്ക് മറ്റൊരു ട്രോഫി ലഭിച്ചിരുന്നു. ഇതെല്ലാം സന്തോഷം പകരുന്ന കാര്യങ്ങളാണ്,' മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പ് ട്രോഫി കൈമാറുന്നത് സംബന്ധിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ചെയർമാൻ മൊഹ്സിൻ നഖ്വിയും ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത്ത് സെയ്കിയയും തമ്മിൽ ചർച്ച നടന്നിരുന്നു. ദുബായിൽ ഐ.സി.സി യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. വിഷയത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് സെയ്കിയ അറിയിച്ചിരുന്നു.

അതേസമയം, ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും കളിച്ച മൂന്നിൽ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. അഞ്ചാം ടി20യും മഴയിൽ മുങ്ങിപ്പോയിരുന്നു.

Tags:    

Similar News