ഒത്തുകളി ആരോപണം; ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ഷോഹേലി അക്തറിന് ഐസിസി അഞ്ച് വര്‍ഷ വിലക്ക്; ഒത്തുകളിയില്‍ വിലക്ക് ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം

Update: 2025-02-12 08:02 GMT

ഹൈദരാബാദ്: ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ഷോഹേലി അക്തറിനെ ഐസിസി വിലക്ക്. 2023 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന വനിതാ ടി20 ലോകകപ്പിനിടെ ഒത്തുകളി നടത്തിയത് തെളിഞ്ഞതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് ഓഫ് സ്പിന്നര്‍ക്കെതിരെ ക്രിക്കറ്റില്‍ നിന്നും അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.

അന്വേഷണത്തില്‍ 36 കാരിയായ ഷോഹേലി കുറ്റം സമ്മതിക്കുകയും ഐസിസി നിയമങ്ങള്‍ ലംഘിച്ചതായി സമ്മതിക്കുകയും ചെയ്തു. ഷോഹെലിയുടെ അയോഗ്യതാ കാലാവധി 2025 ഫെബ്രുവരി 10-ന് ആരംഭിച്ചു. ഐസിസിയാണ് ഇക്കാര്യം അറിയിച്ചത്. ഐസിസിയുടെ അഴിമതി വിരുദ്ധ നിയമ പ്രകാരം വിലക്ക് ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമാണ് ഷോഹെലി.

2023-ല്‍ ഷോഹെലി ടീമിലെ മറ്റൊരു താരത്തിന് ഹിറ്റ് വിക്കറ്റാകാന്‍ 2 മില്യണ്‍ ബംഗ്ലാദേശി ടാക്ക (ഏകദേശം 16,400 യുഎസ് ഡോളര്‍) വാഗ്ദാനം ചെയ്തുവെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട താരത്തിന്റെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. ഐസിസി നിയമങ്ങളില്‍പെട്ട ഒത്തുകളി അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ ഗൂഢാലോചന നടത്തുക, മനഃപൂര്‍വ്വം മോശം പ്രകടനം കാഴ്ചവയ്ക്കുക, കൈക്കൂലിയോ മറ്റ് പ്രതിഫലമോ ആവശ്യപ്പെടുക, ഏതെങ്കിലും അന്താരാഷ്ട്ര മത്സരത്തിന്റെ ഫലം, പുരോഗതി, പെരുമാറ്റം അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വാധീനിക്കുക എന്നീ നിയമങ്ങള്‍ ഷോഹേലി ലംഘിച്ചിതായാണ് റിപ്പോര്‍ട്ട്.

ബംഗ്ലാദേശിനായി താരം രണ്ട് ഏകദിനങ്ങളിലും 13 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10 ന് സില്‍ഹെറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരായ വനിതാ ഏഷ്യാ കപ്പ് 2022 മത്സരത്തിലാണ് ഷോഹേലി അവസാനമായി ബംഗ്ലാദേശിനായി കളിച്ചത്.

Tags:    

Similar News