'പ്രതിരോധമാണ് ചികിത്സയെക്കാൾ ഉത്തമം'; മുൻ ഓസീസ് നായകൻ മൈക്കിൾ ക്ലാർക്കിന് വീണ്ടും ചർമാർബുദം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പുമായി താരം

Update: 2025-08-27 07:57 GMT

സിഡ്നി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ നായകൻ മൈക്കിൾ ക്ലാർക്കിന് വീണ്ടും ചർമാർബുദം സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. പതിവായുള്ള ചർമ പരിശോധനയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച ക്ലാർക്ക്, നേരത്തെയുള്ള രോഗനിർണയം ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണെന്നും ആരാധകരെ ഓർമ്മിപ്പിച്ചു.

'ചർമാർബുദം ഒരു യാഥാർത്ഥ്യമാണ്, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിൽ,' എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച ക്ലാർക്ക്, തന്റെ മൂക്കിൽ നിന്ന് മറ്റൊരു കാൻസർ കൂടി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വെളിപ്പെടുത്തി. 'പ്രതിരോധമാണ് ചികിത്സയെക്കാൾ ഉത്തമം. എന്നാൽ എന്റെ കാര്യത്തിൽ, പതിവ് പരിശോധനകളും നേരത്തെയുള്ള കണ്ടെത്തലുമാണ് നിർണായകമായത്. ഡോക്ടർമാർക്ക് നന്ദി,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ് ക്ലാർക്ക്. 2004 മുതൽ 2015 വരെ നീണ്ട കരിയറിൽ 115 ടെസ്റ്റുകളിലും 245 ഏകദിനങ്ങളിലും 34 ട്വന്റി 20 മത്സരങ്ങളിലും അദ്ദേഹം രാജ്യത്തിനായി കളിച്ചു. ക്ലാർക്കിന്റെ നായകത്വത്തിലാണ് ഓസ്‌ട്രേലിയ 2013-14ലെ ആഷസ് പരമ്പരയും 2015ലെ ഏകദിന ലോകകപ്പും സ്വന്തമാക്കിയത്. 74 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും അദ്ദേഹം ടീമിനെ നയിച്ചു.

Full View

ചർമകോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ചർമാർബുദത്തിന് കാരണം. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ഏൽക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ലോകത്ത് ഏറ്റവും കൂടുതൽ ചർമാർബുദ നിരക്കുള്ള രണ്ടാമത്തെ രാജ്യമാണ് ഓസ്‌ട്രേലിയ. ഭൂമധ്യരേഖയോട് അടുത്തുള്ള സ്ഥാനവും ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് വികിരണവുമാണ് ഇതിന് കാരണം.

Tags:    

Similar News