കഴിഞ്ഞ 20 വര്‍ഷമായി ക്രിക്കറ്റ് തന്റെ ജീവിതത്തിന്റെ ഭാഗമാണ്, ക്രിക്കറ്റ് നല്‍കിയ സന്തോഷവും ഓര്‍മയും എക്കാലവും ഹൃദയത്തില്‍ ഉണ്ടാവും; തീരുമാനമെടുക്കുമ്പോള്‍ മനസില്‍ വലിയ ഭാരമുണ്ട്; എങ്കിലും വിഷമമില്ല: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു: ഋഷി ധവാന്‍
ഷിംല: വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഋഷി ധവാന്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേമസയം രഞ്ജി അടക്കമുള്ള റെഡ് ബോള്‍ ക്രിക്കറ്റില്‍ ഹിമാചല്‍പ്രദേശിനു വേണ്ടി താരം തുടര്‍ന്നും കളിക്കുമെന്ന് താരം പറഞ്ഞിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ ആന്ധ്രക്കെതിരെ കഴിഞ്ഞ ദിവസം താരം ഹിമാചലിനായി കളത്തിലിറങ്ങിയിരുന്നു. മത്സരത്തില്‍ രണ്ട് വിക്കറ്റുകളും പുറത്താകാതെ 42 പന്തില്‍ 45 റണ്‍സും എടുത്തു തിളങ്ങുകയും ചെയ്തു. പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.
'ഈ തീരുമാനമെടുക്കുമ്പോള്‍ മനസില്‍ വലിയ ഭാരമുണ്ട്. എങ്കിലും വിഷമങ്ങളില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി ക്രിക്കറ്റ് തന്റെ ജീവിതത്തിന്റെ ഭാഗമാണ്. ക്രിക്കറ്റ് നല്‍കിയ സന്തോഷവും ഓര്‍മയും എക്കാലവും തന്റെ ഹൃദയത്തില്‍ ഉണ്ടാവും.' റിഷി ധവാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
'ബിസിസിഐ, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ്, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ടീമുകള്‍ നല്‍കിയ അവസരങ്ങള്‍ക്ക് നന്ദി പറയുന്നു. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ലഭിച്ച അവസരം വലുതാണ്. ഓരോ ദിവസവും ഉണരുന്നത് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരുന്നു. തന്റെ എല്ലാ പരിശീലകര്‍ക്കും ഉപദേശകര്‍ക്കും സഹതാരങ്ങള്‍ക്കും സഹപരിശീലകര്‍ക്കും നന്ദി പറയുന്നു. അവരുടെ സംഭാവനകളാണ് തന്റെ കരിയറിനെ ബലപ്പെടുത്തിയത്.' റിഷി ധവാന്‍ വ്യക്തമാക്കി.
2016 മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിലാണ് താരം ഇന്ത്യക്കായി അരങ്ങേറിയത്. 3 ഏകദിനങ്ങളും ഒരു ടി20 പോരാട്ടവുമാണ് താരം ഇന്ത്യക്കായി കളിച്ചത്. ടി20യില്‍ സിംബാബ്വെക്കെതിരെയാണ് അരങ്ങേറിയത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കായുള്ള താരത്തിന്റെ അവസാന ടി20 പോരാട്ടവും ഇതുതന്നെ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6 സെഞ്ചുറിയും 38 അര്‍ധ സെഞ്ചുറികളുമുണ്ട്. 353 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.