'ഒരു 13 കാരന് ഇത്രയും വലിയ സിക്‌സറടിക്കാനാകുമോ?'; വൈഭവ് സൂര്യവന്‍ഷിയുടെ പ്രായത്തില്‍ സംശയം; ശ്രീലങ്കന്‍ പേസറുടെ പന്ത് സിക്‌സ് അടിക്കുന്ന ദൃശ്യം പങ്കുവച്ച് ചോദ്യവുമായി മുന്‍ പാക് താരം; ബിസിസിഐയുടെ പരിശോധനക്ക് വിധേയനായതാണെന്ന് പിതാവിന്റെ പ്രതികരണം

'ഒരു 13കാരന് ഇത്രയും വലിയ സിക്‌സ് അടിക്കാനാകുമോ'?

Update: 2024-12-10 07:53 GMT

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ ഓപ്പണിംഗ് ബാറ്റര്‍ 13കാരനായ വൈഭവ് സൂര്യവന്‍ഷിയുടെ പ്രായം ചോദ്യം ചെയ്ത് മുന്‍ പാക് താരം ജുനൈദ് ഖാന്‍. വെറും 13 വയസുള്ള ഒരു താരത്തിന് എങ്ങനെയാണ് ഇത്രയും വലിയ സിക്‌സ് അടിക്കാനാകുകയെന്ന് വൈഭവ് ശ്രീലങ്കന്‍ പേസര്‍ ദുല്‍നിത് സിഗേരയെ സിക്‌സ് അടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ജുനൈദ് ഖാന്‍ ചോദിക്കുന്നു. ഏഷ്യ കപ്പില്‍ താരം നേടുന്ന കൂറ്റന്‍ സിക്‌സറിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ജുനൈദ് ഖാന്‍ വെറും 13 വയസുള്ള ഒരു താരത്തിന് എങ്ങനെയാണ് ഇത്രയും വലിയ സിക്‌സര്‍ അടിക്കാനാകുകയെന്നുള്ള ക്യാപ്ഷനാണ് കൂടെ ചേര്‍ത്തിട്ടുള്ളത്.

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ആദ്യ രണ്ട് കളികളില്‍ തിളങ്ങാന്‍ കഴിയാതിരുന്ന വൈഭവ് തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികള്‍ നേടി ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചിരുന്നു. യുഎഇക്കെതിരെ 46 പന്തില്‍ 76 റണ്‍സടിച്ച വൈഭവ് സെമിയില്‍ ശ്രീലങ്കക്കെതിരെ 36 പന്തില്‍ 67 റണ്‍സടിച്ചും തിളങ്ങി. ആറ് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് വൈഭവ് ശ്രീലങ്കക്കെതിരെ 36 പന്തില്‍ 67 റണ്‍സടിച്ചത്. ഇതില്‍ ലങ്കന്‍ പേസര്‍ ദുല്‍നിത് സിഗേരയെ അതിര്‍ത്തി കടത്തിയ പ്രകടനമാണ് മുന്‍ പാക് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്.എന്നാല്‍ ബംഗ്ലാദേശിനെതിരായ ഫൈനലില്‍ വൈഭവിന് തിളങ്ങാനായിരുന്നില്ല.

ഇതിന് പിന്നാലെയാണ് ജുനൈദ് ഖാന്‍ വൈഭവിന്റെ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ച് പോസ്റ്റിട്ടത്. ഇന്ത്യയിലും വൈഭവിന്റെ പ്രായം സംബന്ധിച്ച് സംശയങ്ങളുയര്‍ന്നപ്പോള്‍ ഏത് തരത്തിലുള്ള പരിശോധനകള്‍ക്കും തയാറാണെന്ന് വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവന്‍ഷി പ്രതികരിച്ചിരുന്നു. എട്ടര വയസുള്ളപ്പോള്‍ തന്നെ വൈഭവ് പ്രായം നിര്‍ണയിക്കാനായി ബിസിസിഐ നടത്തുന്ന അസ്ഥി പരിശോധനക്ക് വിധേയനായതാണെന്നും ഇനിയും പരിശോധനകള്‍ക്ക് വിധേയനാവാന്‍ തയാറാണെന്നും സഞ്ജീവ് പറഞ്ഞിരുന്നു.

ഐപിഎല്‍ താരലേലത്തില്‍ 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ 1.10 കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചതും വാര്‍ത്തയായിരുന്നു. ബിഹാറിനായി അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ച വൈഭവ് സെപ്റ്റംബറില്‍ ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെയാ അനൗദ്യോഗിക ടെസ്റ്റില്‍ സെഞ്ചുറി നേടിയതിലൂടെയാണ് ശ്രദ്ധേയനായത്. പുതിയ ചര്‍ച്ചയില്‍ താരത്തിന് പിന്തുണയുമായി ഇന്ത്യയില്‍ നിന്നുള്ള ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാറിന് വേണ്ടിയാണ് വൈഭവ് കളിക്കുന്നത്.ടി20 മത്സരങ്ങള്‍കൂടാതെ അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും വൈഭവ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടി യൂത്ത് ക്രിക്കറ്റില്‍ ഈ നേട്ടം കൊയ്യുന്ന ആദ്യ താരമായി വൈഭവ് മാറിയിരുന്നു.

ഐപിഎല്ലില്‍ കരാര്‍ ചെയ്യപ്പെടുന്ന പ്രായം കുറഞ്ഞ ക്രിക്കറ്റര്‍ എന്ന റെക്കോഡ് സ്ഥാപിച്ച് സൂര്യവന്‍ഷി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജൂനിയര്‍ തലത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചതോടെയാണ് അണ്ടര്‍ 19 ടീമില്‍ ഇടംനേടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഏതാനും മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, ഈ മല്‍സരങ്ങളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ നേടാനായിരുന്നില്ല.

Tags:    

Similar News