'കളിക്കാരെ വിമർശിക്കാതെ മത്സരം വിശദീകരിക്കുക പ്രയാസം'; അതിൽ നല്ല സൂക്ഷ്മത വേണം; കമന്റേറ്ററാവാന്‍ ഞാനില്ല; താരങ്ങളുടെയും സ്റ്റാറ്റിസ്റ്റിക്‌സ് ഓർത്തിരിക്കാൻ പാടാണെന്നും ധോണി
ന്യൂഡൽഹി: കമന്ററി രംഗത്ത് താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും ഇതിഹാസ താരവുമായ എം എസ് ധോണി. കളിക്കാരെ വിമർശിക്കാതെ മത്സരം വിശദീകരിക്കുക എന്നത് പ്രയാസകരമായ ജോലിയാണെന്നും, അത് തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ നല്ലൊരു ശ്രോതാവാണെന്നും, ഏറ്റവും അടുപ്പമുള്ളവരുമായി മാത്രമേ സംസാരിക്കാറുള്ളൂ എന്നും ധോണി പറഞ്ഞു.
അറിയാത്ത വിഷയങ്ങളിൽ താൻ അഭിപ്രായം പറയാറില്ലെന്നും, കേൾക്കുന്നതിലൂടെ കൂടുതൽ അറിവ് നേടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കമന്ററി വളരെ പ്രയാസകരമാണ്. മത്സരത്തെ വിവരണം ചെയ്യുന്നതിനൊപ്പം കളിക്കാരെ വിമർശിക്കുന്ന മേഖലയിലേക്ക് കടക്കാതിരിക്കാൻ നല്ല സൂക്ഷ്മത വേണം. അത് എനിക്ക് സാധിക്കില്ല," ധോണി വ്യക്തമാക്കി.
ഓരോ താരത്തിന്റെയും സ്ഥിതിവിവരക്കണക്കുകൾ കൃത്യമായി ഓർത്ത് പറയാൻ തനിക്കാവില്ലെന്നും, എന്നാൽ ചില വ്യക്തികൾക്ക് അത് നിഷ്പ്രയാസം സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ധോണി പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടുകയോ ക്രിക്കറ്റ് ചർച്ചകളിൽ പങ്കെടുക്കുകയോ ചെയ്യാറില്ല. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി മാത്രമാണ് അദ്ദേഹം കളിക്കുന്നത്.