തീര്‍ച്ചയായും ഇഷാനും അഭിഷേകും ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യകുമാര്‍; ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് താല്‍പര്യമെന്ന് ഇഷാനും; ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇനി ഇടമില്ല; നവി മുംബൈയിലെ സന്നാഹ മത്സരം നല്‍കുന്നത് ക്ലിയര്‍ പിക്ചര്‍; മലയാളി താരത്തിന്റെ ഭാവി വീണ്ടും തുലാസിലോ?

Update: 2026-02-05 07:57 GMT

മുംബൈ: ട്വന്റി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. മത്സരശേഷം തനിക്ക് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് താല്‍പര്യമെന്ന് താരം തുറന്നുപറയുകയും ചെയ്തതോടെ മലയാളി താരം സഞ്ജു സാംസണിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയേറ്റത്. മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 30 റണ്‍സിന് വിജയിച്ചിരുന്നു.

20 പന്തില്‍ 53 റണ്‍സാണ് കിഷന്‍ അടിച്ചുകൂട്ടിയത്. ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും രണ്ട് ഫോറുകളും ഇഷാന്‍ കിഷന്റെ ബാറ്റില്‍നിന്ന് പിറന്നു. അഭിഷേക് ശര്‍മക്കൊപ്പം കിഷന്‍ നല്‍കിയ തുടക്കം ഇന്ത്യയെ 240 എന്ന കൂറ്റന്‍ സ്‌കോറിലെത്താന്‍ സഹായിച്ചു. പവര്‍പ്ലേ ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച കിഷന്‍, തനിക്ക് ഓപ്പണര്‍ റോളില്‍ എത്രത്തോളം അപകടകാരിയാകാന്‍ കഴിയുമെന്ന് തെളിയിച്ചു. മറ്റ് താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനായി കിഷന്‍ റിട്ടയേര്‍ഡ് ഔട്ട് ആയി മടങ്ങുകയായിരുന്നു.

മത്സരശേഷം സംസാരിക്കവെ താന്‍ ഓപ്പണറായി ഇറങ്ങാന്‍ ആഗ്രഹിച്ചിരുന്നതായി കിഷന്‍ വ്യക്തമാക്കി. ''ബുധനാഴ്ചത്തെ മത്സരത്തിനായി ഞാന്‍ വലിയ ആവേശത്തിലായിരുന്നു. എനിക്ക് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നുണ്ടായിരുന്നു'' -താരം വ്യക്തമാക്കി. ടീമിന് വേണ്ടി ഏത് സ്ഥാനത്തും കളിക്കാന്‍ തയാറാണെങ്കിലും, ഓപ്പണിങ് സ്ഥാനത്തോടുള്ള തന്റെ താല്‍പര്യം കിഷന്‍ മറച്ചുവെച്ചില്ല. പന്തിന് അനുസരിച്ച് സ്വാഭാവികമായി കളിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടീം മാനേജ്മെന്റിന്റെ പുതിയ നീക്കങ്ങള്‍ സഞ്ജു സാംസണിന്റെ ലോകകപ്പ് സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടോസ് സമയത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയുമായിരിക്കും ഓപ്പണര്‍മാരെന്ന് വ്യക്തമായി സൂചിപ്പിച്ചിരുന്നു. കിഷന്‍ ഓപണിങ്ങില്‍ തിളങ്ങിയതോടെ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തിനായി സഞ്ജു സാംസണുമായുള്ള മത്സരത്തില്‍ ഒരുപടി മുന്നിലെത്തി. ടീമിലെ സ്ഥാനക്രമത്തില്‍ സഞ്ജു പിന്നിലേക്ക് പോകുന്നു എന്ന സൂചനയാണ് ഈ നീക്കങ്ങള്‍ നല്‍കുന്നത്.

ഓപ്പണറിനപ്പുറം മറ്റൊരു സ്ലോട്ടിലേക്കും സഞ്ജു സാംസണിനെ നിലവില്‍ പരിഗണിക്കുന്നില്ല എന്നതിന്റെ സൂചനകൂടിയായിരുന്നു പ്രോട്ടിയാസിനെതിരായ സന്നാഹ മത്സരത്തിലെ തീരുമാനങ്ങള്‍

Definitely Ishan and Abhishek will open, സൂര്യകുമാര്‍ യാദവിന്റെ ഈ വാക്കുകള്‍ ഒരു ക്ലിയര്‍ പിക്ചര്‍ നല്‍കിയിരിക്കുന്നു. 2026 ട്വന്റി 20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ അഭിഷേക് ശര്‍മയുടെ പങ്കാളിയായി ക്രീസിലേക്ക് എത്തില്ല എന്ന്. ഒരു അവസാന അവസരം നവി മുംബൈയില്‍ ഒരുങ്ങുമെന്ന് കരുതിയിരുന്നു. പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരം ഇന്ത്യയുടെ ലോകകപ്പ് ഇലവന്‍ എന്തായിരിക്കുമെന്നതില്‍ വ്യക്തത വരുത്തി.

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ആരും നിരാശപ്പെടേണ്ടതില്ല, സഞ്ജു സാംസണ്‍ കളിക്കുമെന്ന ഉറപ്പ് ഗ്രീന്‍ ഫീല്‍ഡിലെ ഗ്യാലറികളോട് സൂര്യകുമാര്‍ പറഞ്ഞത്. എല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമം കേവലം ആറ് പന്തില്‍ അവസാനിച്ചതോടെ വിധി കുറിക്കപ്പെട്ടു. ഓപ്പണറിനപ്പുറം മറ്റൊരു സ്ലോട്ടിലേക്കും സഞ്ജുവിനെ നിലവില്‍ പരിഗണിക്കുന്നില്ല എന്നതിന്റെ സൂചനകൂടിയായിരുന്നു പ്രോട്ടിയാസിനെതിരായ സന്നാഹപ്പോര്. സന്നാഹ മത്സരങ്ങളില്‍ ബാറ്റിങ് നിരയിലുള്ള എല്ലാവര്‍ക്കും തന്നെ അവസരം ലഭിക്കുന്നതാണ് പൊതുകാഴ്ച.

എന്നാല്‍, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ എട്ടാം നമ്പര്‍ വരെ നീണ്ട ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ ഹര്‍ഷിത് റാണ വരെ ഉള്‍പ്പെട്ടു. സഞ്ജു മൈതാനത്തേക്ക് എത്തിയില്ല. ഇഷാന്‍, അഭിഷേക്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക്ക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ എന്നിവര്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. മധ്യനിരയിലൊ പിന്‍നിരയിലൊ ഫിനിഷര്‍ റോളിലൊ സഞ്ജുവിനൊരു എന്‍ട്രി ഉണ്ടാകില്ലെന്ന് മേല്‍പ്പറഞ്ഞവരുടെ ഫോം തെളിയിക്കുന്നു. ന്യൂസിലന്‍ഡ് പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങാത്ത ഏക ബാറ്റര്‍ സഞ്ജു മാത്രമായിരുന്നു.

അര്‍ദ്ധ സെഞ്ചുറികളോ കൂറ്റന്‍ സ്‌കോറുകളോ അനിവാര്യമായിരുന്നില്ല, അതിവേഗം 30 റണ്‍സ്, ഇങ്ങനെ രണ്ട് ഇന്നിങ്‌സുകള്‍ പോലും അന്തിമ ഇലവന്‍ ഉറപ്പിക്കാന്‍ പ്രാപ്തമാക്കുമായിരുന്നു. സഞ്ജുവിന് വേണ്ടി ഉപനായകനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ തഴയാന്‍ മടിക്കാത്ത ബിസിസിഐ ഇഷാന്റെ അസാധാരണമായ ഫോമിനോട് എങ്ങനെ കണ്ണടയ്ക്കും.

സന്നാഹ മത്സരത്തില്‍ ഇഷാന്‍ - അഭിഷേക് സഖ്യം ക്രീസില്‍ തുടര്‍ന്നത് കേവലം 5.4 ഓവര്‍ മാത്രമാണ്. സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടത് 80 റണ്‍സായിരുന്നു. 235 ആയിരുന്നു ഓപ്പണിങ് കൂട്ടുകെട്ടിന്റെ സ്‌ട്രൈക്ക് റേറ്റ്. എട്ട് സിക്‌സും അഞ്ച് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. ചൂണ്ടിക്കാണിക്കേണ്ട മറ്റൊരു വസ്തുത പാര്‍ട്ട്ണര്‍ഷിപ്പില്‍ ഡൊമിനേറ്റ് ചെയ്തത് ഇഷാനായിരുന്നു എന്നതാണ്. അഭിഷേകിനെ കാഴ്ചക്കാരനാക്കിയായിരുന്നു ഇഷാന്റെ ബാറ്റിങ്.

റിട്ടയര്‍ഡ് ഔട്ടായി മടങ്ങുമ്പോള്‍ ഇഷാന്‍ നേടിയത് 20 പന്തില്‍ 53 റണ്‍സാണ്. സഞ്ജു ന്യൂസിലന്‍ഡ് പരമ്പരയിലാകെ നേടിയത് 46 റണ്‍സായിരുന്നു. ഫോമിലുള്ള താരം ടീമിന് നല്‍കുന്ന മുന്‍തൂക്കം എത്രത്തോളമാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതിനൊപ്പം തിലക് വര്‍മ കായിക ക്ഷമത വീണ്ടെടുത്ത് തിരിച്ചുവന്നതും ലോകകപ്പില്‍ കളിക്കുക എന്ന സഞ്ജുവിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. തിലക് സ്‌ക്വാഡിലേക്ക് എത്തുമ്പോള്‍ സഞ്ജുവിനേയും ഇഷാനെയും ഉള്‍പ്പെടുത്തുക എളുപ്പമാകില്ല, അല്ലെങ്കില്‍ സാധ്യമാകില്ല.

സഞ്ജു - ഇഷാന്‍ ചോദ്യത്തില്‍ ഉത്തരത്തിനായി നിലവില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. അതുതന്നെയാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനവും. ഇഷാന്‍ ഓപ്പണറായി എത്തിയതോടെ ഇന്നലെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലുണ്ടായിരുന്ന ടോപ് സിക്സില്‍ അഞ്ചും ഇടം കയ്യന്‍ ബാറ്റര്‍മാരായിരുന്നു. സമീപകാലത്ത് ഇന്ത്യയുടെ തന്ത്രങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ഒന്ന്. പക്ഷേ, ഇത് തിരിച്ചടിയാകാത്തിടത്തോളം തുടരുക തന്നെ ചെയ്‌തേക്കും. ഇത് സഞ്ജുവിന്റെ കരിയറിനെ തന്നെ തുലാസിലാക്കാന്‍ പോന്ന തീരുമാനമായിരിക്കും.

കരിയറിലുടനീളം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതായിരുന്നു സഞ്ജുവിന്റെ യാത്ര. ഇപ്പോഴും അതില്‍ മാറ്റമില്ലാതെ തുടരുന്നു. മോശം ഫോമില്‍ ഒരു വര്‍ഷത്തിലധികം തുടര്‍ന്ന സൂര്യകുമാര്‍ യാദവിന് നല്‍കിയ പിന്തുണ ആവര്‍ത്തിക്കാന്‍ ബിസിസിഐ തയാറാകുമോയെന്നാണ് ഒരു ചോദ്യം. തയാറായാലും ഇഷാനും അഭിഷേകും ഫോമില്‍ തുടരുന്നിടത്തോളം സഞ്ജുവിനെ ഇനി ആ സ്ഥാനത്തേക്ക് പരിഗണിക്കുമോയെന്നത് മറ്റൊരു ആശങ്കയായും നിലനില്‍ക്കുന്നു. മധ്യനിരയില്‍ കാര്യമായ മേല്‍ക്കൈ സ്ഥാപിക്കാനും സഞ്ജുവിന് സാധിച്ചിട്ടില്ല.

മടങ്ങിവരവ് പ്രയാസമുള്ള ഒന്നല്ല എന്നതിന് രോഹിത് ശര്‍മയെപ്പോലെ പല ഉദാഹരണങ്ങളും മുന്നിലുണ്ട്. ലോകകപ്പില്‍ അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നാല്‍ മുന്നോട്ടുള്ള പദ്ധതികളില്‍ സഞ്ജുവുണ്ടാകാനുള്ള സാധ്യത വിരളമായി മാറിയിരിക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ സഞ്ജുവിന് കരിയര്‍ തിരിച്ചുപിടിക്കാനുള്ള അവസരമാകും.

Tags:    

Similar News