സന്നാഹ മത്സരത്തിൽ ഓരോവർ പൂർത്തിയാക്കിയതിന് പിന്നാലെ കളം വിട്ട് സ്റ്റാർ പേസർ; ടി20 ലോകകപ്പിന് അടുത്തിരിക്കെ ഇന്ത്യക്ക് ആശങ്ക; ഹർഷിത് റാണയ്ക്ക് പരിക്ക്
മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്യാമ്പിന് വീണ്ടും തിരിച്ചടി. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെ പേസർ ഹർഷിത് റാണ പരിക്കേറ്റ് മൈതാനം വിട്ടു. മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ 24-കാരനായ റാണ, 16 റൺസ് വഴങ്ങിയതിന് പിന്നാലെയാണ് കളം വിട്ടത്. ഓവർ എറിയുന്നതിനിടെ രണ്ട് തവണ റൺഅപ്പിൽ തടസ്സം നേരിട്ട താരം ഏറെ അസ്വസ്ഥനായി കാണപ്പെട്ടു.
തന്റെ ആദ്യ ഓവർ പൂർത്തിയാക്കിയ ഉടൻ മുട്ടിൽ കൈവെച്ച് വേദനയോടെ താരം ഇരിക്കുകയും പിന്നീട് സഹായത്തോടെ പുറത്തേക്ക് പോകുകയുമായിരുന്നു. പരിക്കിനെക്കുറിച്ച് ബി.സി.സി.ഐ (BCCI) ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദർ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ലാത്ത സാഹചര്യത്തിൽ, പുതിയ പരിക്ക് ഇന്ത്യക്ക് വലിയ തലവേദനയാണ്.
അതേസമയം, പരിക്കിൽ നിന്ന് മുക്തനായ തിലക് വർമ്മ ടീമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ 45 റൺസെടുത്ത താരം ഒരു ഓവർ ബൗൾ ചെയ്യുകയും ഒൻപത് റൺസ് മാത്രം വിട്ടുകൊടുക്കുകയും ചെയ്തു. ലോകകപ്പിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാൻ, നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഫെബ്രുവരി 7 ശനിയാഴ്ച യുഎസ്എയ്‌ക്കെതിരെയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം.