'ആ താരമില്ലാതെ ഇന്ത്യൻ ടീം പൂർണമല്ല'; ലോകത്ത് ഒരേയൊരു ഹാർദിക് മാത്രമാണുള്ളത്; സ്റ്റാർ ഓൾ റൗണ്ടറെ പ്രശംസിച്ച് മുൻ താരം
മുംബൈ: ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം അപൂർണ്ണമാണെന്ന് മുൻ താരം ആകാശ് ചോപ്ര. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കവെയാണ് പാണ്ഡ്യയുടെ പ്രാധാന്യം ചോപ്ര എടുത്തുപറഞ്ഞത്. ബാറ്റുകൊണ്ടും പന്തുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകൾക്ക് പകരക്കാരനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഹാർദിക് പാണ്ഡ്യയില്ലാതെ ടീം ഇന്ത്യ പൂർണമല്ല. ലോകത്ത് ഒരേയൊരു ഹാർദിക് മാത്രമാണുള്ളത്. ബാറ്റും പന്തുംകൊണ്ട് അദ്ദേഹം നൽകുന്ന സംഭാവന മറ്റാർക്കും നൽകാനാവില്ല," ചോപ്ര വ്യക്തമാക്കി. പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താനും നിർണായകമായ ഡെത്ത് ഓവറുകളിൽ പന്തെറിയാനും കഴിവുള്ള താരമാണ് ഹാർദിക്. 2024 ടി20 ലോകകപ്പിലെ ഫൈനൽ ഓവർ അദ്ദേഹം എറിഞ്ഞത് ആരും മറക്കില്ലെന്നും ചോപ്ര ഓർമ്മിപ്പിച്ചു.
ടീമിന്റെ സന്തുലിതാവസ്ഥയിൽ ഹാർദിക് വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ചോപ്ര ഊന്നിപ്പറഞ്ഞു. "വരുൺ ചക്രവർത്തിയോ കുൽദീപ് യാദവോ പോലുള്ള സ്പിന്നറെ കളിപ്പിക്കാൻ ആഗ്രഹമുണ്ടാകാം. എന്നാൽ എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാനും ഒരാൾ വേണം. 12 പേരെ ഒരുമിച്ച് കളിപ്പിക്കാൻ സാധിക്കില്ലല്ലോ. ഈ റോളുകളെല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നത് ഹാർദിക്കിന് മാത്രമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ടീം സന്തുലിതാവസ്ഥ സംബന്ധിച്ച് ഇപ്പോഴും പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് ചോപ്ര പറഞ്ഞു. രണ്ട് പേസർമാരും മൂന്ന് സ്പിന്നർമാരും ടീമിൽ വേണമോ, തിലക് വർമ്മ ഫിറ്റായാൽ റിങ്കു സിംഗിന് അവസരം ലഭിക്കുമോ, അതോ ശ്രേയസ് അയ്യർ തുടരുമോ തുടങ്ങിയ നിരവധി സംശയങ്ങൾ തനിക്കുണ്ടെന്നും അദ്ദേഹം പ്രകടിപ്പിച്ചു.