'ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ വിജയി ആരെന്ന് പ്രവചിക്കൂ'! ഫാന്റസി ക്രിക്കറ്റ് ആപ്ലിക്കേഷന്റെ പരസ്യം പങ്കുവച്ച് ഗൗതം ഗംഭീര്‍; പരിശീലകനാണെന്ന മറക്കരുതെന്ന് ആരാധകര്‍; സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം
ഫാന്റസി ക്രിക്കറ്റ് ആപ്ലിക്കേഷന്റെ പരസ്യം പങ്കുവച്ച് ഗൗതം ഗംഭീര്‍
ദുബായ്: ന്യൂസിലന്‍ഡിനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സര ദിനത്തില്‍ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുന്നു. ഫാന്റസി ക്രിക്കറ്റ് ആപ്ലിക്കേഷന്റെ പരസ്യം തന്റെ എക്സ് അക്കൗണ്ടിലൂടെ ഗംഭീര്‍ പങ്കുവെച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഫൈനലിലെ വിജയി ആരെന്ന് പ്രവചിക്കാന്‍ ആരാധകരോട് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. ഫാന്റസി ആപ്പിന് പ്രൊമോഷന്‍ നല്‍കുന്നതിലൂടെ ഗംഭീര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും താല്‍പ്പര്യം എന്താണെന്ന് വ്യക്തമാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു ഗംഭീറിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. റിയല്‍ 11 എന്ന ആപ്ലിക്കേഷന്റെ പരസ്യമായിരുന്നു ഗംഭീര്‍ പോസ്റ്റ് ചെയ്തത്. ഗംഭീര്‍ എന്ന പേര് നല്‍കിയാല്‍ 100 ലഭിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ലിങ്ക് സഹിതമാണ് ഗംഭീര്‍ നല്‍കിയിട്ടുള്ളത്.
ഒരു ദേശീയ ടീം പരിശീലകന്‍ ഫാന്റസി ആപ്ലിക്കേഷന്‍ പ്രമോട്ട് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ബിസിസിഐക്ക് എങ്ങനെയാണ് ഇതിന് അനുമതി നല്‍കാന്‍ സാധിച്ചതെന്നും ഇത്തരം കാര്യങ്ങള്‍ ടീമിന്റെ അന്തിമ ഇലവനെ തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കില്ലേയെന്നും ചിലര്‍ ചോദ്യമുയര്‍ത്തിയിട്ടുണ്ട്.
പരീശിലകനെന്ന നിലയില്‍ ഗംഭീര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാന്‍ തയാറകണമെന്നും ഇത്തരം പ്രവൃത്തികള്‍ ജനങ്ങള്‍ക്കിടയിലുള്ള ബഹുമാനത്തെ ഇല്ലാതാക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചു.
ഗംഭീറിന്റെ മികച്ച തീരുമാനങ്ങള്‍ ഇന്ത്യ ഫൈനലില്‍ എത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അഞ്ച് സ്പിന്നര്‍മാരെ ടീമിലെടുത്തതില്‍ വലിയ വിമര്‍ശനം ഗംഭീര്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ടീം തിരഞ്ഞെടുപ്പിനെ ശരിവെക്കുന്നതായിരുന്നു ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം.
പ്രത്യേകിച്ചും ദുബായില്‍ മോശം റെക്കോഡുള്ള വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ന്യൂസിലന്‍ഡിനെതിരായ ഗ്രൂപ്പ് മത്സരത്തിലും ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിലും വരുണിന്റെ ബൗളിങ് പ്രകടനം നിര്‍ണായകമായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ ഗംഭീര്‍ ക്രിക്കറ്റ് ബെറ്റിങ് ആപ്പിന്റെ പോസ്റ്റ് പങ്കുവച്ചത് നേരത്തെ ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. പാന്‍ മസാല, ക്രിക്കറ്റ് ബെറ്റിങ് ആപ്പ് എന്നിവയ്‌ക്കെതിരെ മുന്‍പ് നിലപാടെടുത്ത ഗംഭീര്‍ ഇങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചത് ഇരട്ടത്താപ്പാണ് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.
ബംഗ്ലാദേശിന് എതിരെ കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി 20 മത്സരത്തിനിടെയാണ് ക്രിക്കറ്റ് ബെറ്റിങ് ആപ്പ് പരസ്യം പങ്കുവെച്ച് ഗംഭീറിന്റെ ട്വീറ്റ് വന്നത്. മദ്യം, പാന്‍മസാല, ഒണ്‍ലൈന്‍ ബെറ്റിങ് എന്നിവയ്ക്ക് എതിരാണ് എന്നാണ് ഗംഭീര്‍ മുന്‍പ് പ്രതികരിച്ചിരുന്നത്. ഇവയുടെ പരസ്യങ്ങളില്‍ എത്തുന്ന ക്രിക്കറ്റ് താരങ്ങളെ ഗംഭീര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.