ജസ്പ്രീത് ബുംറ പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കില്ല; പേസര്‍ ഹര്‍ഷിത് റാണയും ഇന്ത്യന്‍ ടീമിനൊപ്പം? ലയണ്‍സിനെതിരേ നിറം മങ്ങിയിട്ടും താരത്തെ 'നിലനിര്‍ത്തിയത്' ഗംഭീറിന്റെ താല്‍പര്യപ്രകാരം; കെകെആറിനോട് പ്രത്യേക പരിഗണന തുടര്‍ന്ന് ഇന്ത്യന്‍ പരിശീലകന്‍

കെകെആറിനോട് പ്രത്യേക പരിഗണന തുടര്‍ന്ന് ഇന്ത്യന്‍ പരിശീലകന്‍

Update: 2025-06-16 13:36 GMT

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഇന്ത്യ എയുടെ താരമായിരുന്ന ഹര്‍ഷിത് റാണ മറ്റുതാരങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയില്ലെന്നും ഇംഗ്ലണ്ടില്‍ തുടരുകയാണെന്നും റെവ്സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. ഹര്‍ഷിത് റാണയോട് ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ തുടരാന്‍ സെലക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കോച്ച് ഗൗതം ഗംഭീറിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഹര്‍ഷിത് റാണ ഹര്‍ഷിത് റാണ ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ തുടരുന്നത് എന്നാണ് സൂചന.

ഒരു വിക്കറ്റും നേടി. പേസര്‍ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കില്ല. ആ സാഹചര്യത്തില്‍ റാണയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് സിറാജ്. പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് തുടങ്ങിയ പേസര്‍മാര്‍ നിലവില്‍ ഇന്ത്യയുടെ സ്‌ക്വാഡിലുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ ഒരു മത്സരം മാത്രമാണ് റാണ കളിച്ചത്. അതേ സമയം ലയണ്‍സിനെതിരെ നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഖലീല്‍ അഹമ്മദും അന്‍ഷുല്‍ കാംബോജും മൂന്ന് വിക്കറ്റെടുത്ത മുകേഷ് കുമാറും ഇന്ത്യന്‍ എ ടീമിനൊപ്പം ഉണ്ടെന്നിരിക്കെ മോശം പ്രകടനം തുടരുന്ന ഹര്‍ഷിത് റാണയ്ക്ക് വീണ്ടും അവസരം നല്‍കുന്നതില്‍ ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു.

ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്ന താരങ്ങളെല്ലാം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റ് പരമ്പരയും ഇന്‍ട്രാ സ്‌ക്വാഡ് മാച്ചും പൂര്‍ത്തിയാക്കി നാളെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ഹര്‍ഷിതിനോട് ഇംഗ്ലണ്ടില്‍ തുടരാന്‍ ആവശ്യപ്പെട്ടതെന്ന് റേവ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഇന്ത്യന്‍ ടീമിലെ പല താരങ്ങള്‍ക്കും കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഹര്‍ഷിത് കൗണ്ടിയില്‍ കളിക്കാനല്ല ഇംഗ്ലണ്ടില്‍ തുടരുന്നത്.

ഇംഗ്ലണ്ട് ലയണസിനെതിരായ പരമ്പരയില്‍ ഇന്ത്യ എക്കായി ഒരു മത്സരത്തില്‍ മാത്രം കളിച്ച ഹര്‍ഷിത് റാണക്ക് 99 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താനെ കഴിഞ്ഞിരുന്നുള്ളു. ബാറ്റിംഗിനിറങ്ങിയപ്പോള്‍ 16 റണ്‍സും നേടി. ഇന്‍ട്രാ സ്‌ക്വാഡ് മത്സരം അടച്ചിട്ട ഗ്രൗണ്ടിലാണ് നടന്നത് എന്നതിനാല്‍ ഇതില്‍ ഹര്‍ഷിത് റാണ കളിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.

2024ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങിയതോടെയാണ് ഹര്‍ഷിത് റാണ ഇന്ത്യന്‍ ടീമിലെത്തിയത്. കൊല്‍ക്കത്തയുടെ മെന്ററായിരുന്ന ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായത് റാണക്ക് ടീമിലേക്കുള്ള വഴി അനായാസമാക്കി. ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ അരങ്ങേറിയ റാണ പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാലു വിക്കറ്റ് നേടിയിരുന്നു. ഇത്തവണ ഐപിഎല്ലില്‍ തിളങ്ങാനാവാഞ്ഞതോടെ റാണയെ ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വീണ്ടും ഗംഭീറിന്റെ പ്രത്യേക താല്‍പര്യപ്രകാരം റാണ ടീമില്‍ ഇടംപിടിക്കുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്.

ജൂണ്‍ 20-മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. തലമുറമാറ്റത്തിനൊരുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരീക്ഷണമാണ് ഇംഗ്ലണ്ട് പര്യടനം. രോഹിത് ശര്‍മ വിരമിച്ച പശ്ചാത്തലത്തില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തിലൂടെ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലുള്ള സായ് സുദര്‍ശനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുതിര്‍ന്നതാരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍ എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണര്‍ റോളിലും നാലാം നമ്പറിലും സെലക്ടര്‍മാര്‍ക്ക് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ഇം?ഗ്ലണ്ട് ടീമിനെ ബെന്‍ സ്റ്റോക്‌സാണ് നയിക്കുന്നത്.

Similar News