19 പന്തിൽ അർധസെഞ്ചുറി; അടിച്ചു കൂട്ടിയത് ഒൻപത് സിക്സറുകൾ; ആറാമനായി ക്രീസിലെത്തി ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്; വിജയ് ഹസാരെയിൽ ബറോഡയ്ക്ക് കൂറ്റൻ സ്‌കോർ

Update: 2026-01-08 07:58 GMT

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ ചണ്ഡീഗഡിനെതിരായ മത്സരത്തിൽ ബറോഡയ്ക്കായി തകർപ്പൻ പ്രകടനവുമായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. 31 പന്തിൽ 75 റൺസെടുത്താണ് ഹാർദിക് പുറത്തായത്. 19 പന്തിൽ താരം അർധസെഞ്ചുറി തികച്ചു. ഒൻപത് സിക്സറുകളും രണ്ട് ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിംഗ്സ്. 241.94 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് ഹാർദിക് റൺസ് വാരിക്കൂട്ടിയത്. മത്സരത്തിൽ 49.1 ഓവറിൽ 391 റൺസെടുത്ത് ബറോഡ ഓൾ ഔട്ടായി. ബറോഡയ്ക്കായി പ്രിയാൻഷു മൊളിയ (113), ഹാർദിക് പാണ്ഡ്യ (75), ജിതേഷ് ശർമ്മ (73) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബറോഡയ്ക്ക് തുടക്കത്തിൽ ഓപ്പണർമാരായ നിത്യ ജെ പാണ്ഡ്യയെയും അമിത് പാസിയെയും നഷ്ടമായിരുന്നു. മൂന്നാം വിക്കറ്റിൽ പ്രിയാൻഷു മൊളിയയും വിഷ്ണു സോളങ്കിയും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ സോളങ്കിയും പിന്നാലെ ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യയും പുറത്തായതോടെ 21-ാം ഓവറിൽ 123-4 എന്ന നിലയിൽ ബറോഡ പരുങ്ങലിലായി. ഈ ഘട്ടത്തിൽ ആറാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ വന്നയുടൻ ആഞ്ഞടിക്കുകയായിരുന്നു.

ആദ്യ പന്തിൽ സിംഗിളെടുത്ത് തുടങ്ങിയ ഹാർദിക് പിന്നീട് മൂന്ന് സിക്സുകൾ പറത്തി. തരണ്‍പ്രീത് സിംഗ് എറിഞ്ഞ 25-ാം ഓവറിൽ മൂന്ന് സിക്സുകളും രണ്ട് ഫോറുകളും സഹിതം 19 പന്തിൽ അദ്ദേഹം അർധസെഞ്ചുറി പൂർത്തിയാക്കി. അർധസെഞ്ചുറിക്ക് ശേഷം നിഷുക ബിർളക്കെതിരെ ഒരു ഓവറിൽ മൂന്ന് സിക്സുകൾ കൂടി നേടിയ ഹാർദിക് 30-ാം ഓവറിൽ പുറത്താവുമ്പോൾ ബറോഡയുടെ സ്കോർ 213 റൺസിലെത്തിയിരുന്നു.

മറ്റൊരു മത്സരത്തിൽ ഗോവക്കെതിരെ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രയ്ക്കായി ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ നിരാശപ്പെടുത്തി. അഞ്ച് പന്തിൽ ഒരു റൺസെടുത്ത് ഷാ പുറത്തായപ്പോൾ, ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് അർധസെഞ്ചുറി നേടി. 52-6 എന്ന നിലയിൽ തകർന്നടിഞ്ഞ മഹാരാഷ്ട്ര, ഒടുവിൽ വിവരം ലഭിക്കുമ്പോൾ 34 ഓവറിൽ 112-6 എന്ന നിലയിൽ റുതുരാജ് ഗെയ്ക്‌വാദും (55* റൺസ്) വിക്കി ഓട്സോളും (29* റൺസ്) ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിക്കുകയാണ്. മുംബൈക്കെതിരായ മത്സരത്തിൽ പഞ്ചാബിനായി ഓപ്പണറായി ഇറങ്ങിയ ഇന്ത്യൻ താരം അഭിഷേക് ശർമയും തിളങ്ങിയില്ല. 10 പന്തിൽ എട്ട് റൺസെടുത്താണ് അഭിഷേക് പുറത്തായത്

Tags:    

Similar News