ബോളിവുഡ് നടിയും മോഡലുമായ മഹിക ശർമ്മയുമായി പ്രണയത്തിൽ?; സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി ഹാർദിക് പാണ്ഡ്യയുടെ പോസ്റ്റ്; കാമുകിക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറൽ
മുംബൈ: ക്രിക്കറ്റ് സൂപ്പർതാരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടിയും മോഡലുമായ മഹിക ശർമയും തമ്മിലുള്ള പ്രണയബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തന്റെ വിവാഹമോചനത്തിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്ന എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട്, മഹികക്കൊപ്പമുള്ള ചിത്രങ്ങൾ ഹാർദിക് തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സെർബിയൻ മോഡലും നടിയുമായ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം ഹാർദിക്കിന്റെ സ്വകാര്യ ജീവിതം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചാവിഷയമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ബന്ധം താരം പരസ്യമാക്കിയത്.
ഇരുവരും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായിക്കൊണ്ടിരിക്കെ, കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. പൊതുവിടത്തിൽ ഇരുവരും ഒരുമിച്ചു വന്ന ആദ്യ സന്ദർഭമായിരുന്നു ഇത്. ഈ കൂടിക്കാഴ്ചയുടെ ചൂടാറും മുൻപ് തന്നെ ഹാർദിക് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മഹികയുമായുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന സ്വകാര്യ നിമിഷങ്ങൾ പങ്കുവെക്കുകയായിരുന്നു.
ഹാർദിക് പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ മകനും, വളർത്തുനായ്ക്കും, മഹികയ്ക്കുമൊപ്പമുള്ള സന്തുഷ്ട നിമിഷങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഇരുവരും ചേർന്ന് പ്രാർത്ഥനാ മുറിയിൽ നിന്നുള്ള ചിത്രങ്ങളും, ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഇതിലെല്ലാം പ്രധാനമായി, ഒരു വീഡിയോ ക്ലിപ്പിൽ മഹികയെ സ്നേഹത്തോടെ ഹാർദിക് ചുംബിക്കുന്നതും കാണാം. ഈ പോസ്റ്റുകൾ നിമിഷങ്ങൾക്കകം വൈറലായി, ആരാധകർ ആവേശത്തോടെയാണ് ഇവ ഏറ്റെടുത്തത്.
ഹാർദിക് പാണ്ഡ്യയും മഹിക ശർമയും പ്രണയത്തിലാണെന്ന ചർച്ചകൾക്ക് തുടക്കമിട്ടത് ചില ചെറിയ സൂചനകളായിരുന്നു. മഹിക ശർമ മുൻപ് പങ്കുവെച്ച ഒരു ഫോട്ടോയിൽ ഹാർദിക്കിന്റെ ജേഴ്സി നമ്പറായ 33 ശ്രദ്ധയിൽപ്പെട്ടതാണ് ഇതിലൊന്ന്. കൂടാതെ, ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച ചില ഫോട്ടോകൾ ഒരേ സ്ഥലങ്ങളിൽ നിന്നുള്ളതാണെന്നും അന്ന് ചർച്ചയായിരുന്നു. ഈ അഭ്യൂഹങ്ങൾക്കെല്ലാം ശക്തമായ മറുപടി നൽകിക്കൊണ്ടാണ് ഹാർദിക് ഇപ്പോൾ കാമുകിക്കൊപ്പമുള്ള ചിത്രങ്ങൾ സ്വയം പുറത്തുവിട്ടിരിക്കുന്നത്.
