ചിത്രങ്ങളിൽ ഇന്ത്യൻ താരത്തിന്റെ ഇഷ്ട നമ്പർ; ഹർദിക് പാണ്ഡ്യയും ബോളിവുഡ് നടിയും പ്രണയത്തിലെന്ന് അഭ്യൂഹങ്ങൾ; ആരാണ് മഹിയേക ശർമ?
ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും ബോളിവുഡ് നടിയും മോഡലുമായ മഹിയേക ശർമയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ശക്തം. ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങളും സൂചനകളും ആരാധകർക്കിടയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ദുബായിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരം കാണാൻ മഹിയേക ശർമ എത്തിയിരുന്നു.
ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ പലതും ഒരേ സ്ഥലങ്ങളിൽ നിന്നെടുത്തതാണെന്ന് ആരാധകർ കണ്ടെത്തി. ഇതിനുപുറമെ, മഹിയേകയുടെ ഒരു ചിത്രത്തിൽ ഹർദിക് പാണ്ഡ്യയുടെ ഇഷ്ട ജഴ്സി നമ്പരായ 33 പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾക്ക് കൂടുതൽ കരുത്തേറിയത്. ഇരുവർക്കിടയിൽ ബന്ധമുണ്ടെന്ന തരത്തിൽ റെഡിറ്റ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്.
ഗുജറാത്തിലെ ദീൻദയാൽ പെട്രോളിയം യൂണിവേഴ്സിറ്റിയിലും യുഎസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹിയേക ശർമ, നിരവധി ഫാഷൻ ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രമുഖ ഡിസൈനർമാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. വിവേക് ഒബ്റോയി നായകനായ 'പി.എം. നരേന്ദ്ര മോദി' എന്ന ചിത്രത്തിൽ മഹിയേക അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് ഹർദിക് പാണ്ഡ്യയും സെർബിയൻ മോഡലും നടിയുമായ നടാഷ സ്റ്റാൻകോവിച്ചും വിവാഹമോചിതരായത്. 2020-ലായിരുന്നു ഇവരുടെ വിവാഹം. നടാഷയും ഹർദിക്കും ഒരുമിച്ചുള്ള മകൻ അഗസ്ത്യ നിലവിൽ നടാഷയോടൊപ്പമാണ് താമസിക്കുന്നത്.