'കാമുകിക്കും കുടുംബത്തിനും വേണ്ടി ധൂർത്ത്, മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല'; മുഹമ്മദ് ഷമിക്കെതിരെ ആരോപണവുമായി മുന്‍ഭാര്യ ഹസിന്‍ ജഹാന്‍
ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും മുൻ ഭാര്യ ഹസിൻ ജഹാൻ രംഗത്ത്. ഷമി മകൾ ആര്യയുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും പകരം തന്റെ കാമുകിയുടെ മകൾക്കും കുടുംബത്തിനും മുൻഗണന നൽകുന്നുവെന്നും ഹസിൻ ജഹാൻ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു. മകളുടെ വിദ്യാഭ്യാസത്തെയും ജീവിതത്തെയും ബാധിക്കുന്ന രീതിയിൽ ഷമി പെരുമാറുന്നുവെന്നും അവർ പറഞ്ഞു.
അടുത്തിടെ കൊൽക്കത്ത ഹൈക്കോടതി മുഹമ്മദ് ഷമിക്ക് ഹസിൻ ജഹാനും മകൾ ആര്യയ്ക്കും പ്രതിമാസം 4 ലക്ഷം രൂപ ജീവനാംശം നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിൽ 2.5 ലക്ഷം രൂപ മകളുടെ വിദ്യാഭ്യാസത്തിനും ചെലവിനുമായിരിക്കണം എന്നും കോടതി വ്യക്തമാക്കി. എന്നാൽ, മകൾക്ക് ഒരു പ്രമുഖ സ്കൂളിൽ പ്രവേശനം ലഭിച്ചുവെങ്കിലും, ചില വ്യക്തികൾ അത് തടയാൻ ശ്രമിച്ചതായി ഹസിൻ ജഹാൻ ആരോപിച്ചു. മകൾ നല്ല സ്കൂളിൽ പഠിക്കുന്നത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ലെന്നും, എന്നാൽ തൻ്റെ പ്രാർത്ഥന കൊണ്ടാണ് അവർ അതിനെ മറികടന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കാമുകിക്കും മകൾക്കും വേണ്ടി ധൂർത്ത് കാണിക്കുന്ന ഷമി സ്വന്തം മകളുടെ കാര്യം അന്വേഷിക്കുന്നില്ലെന്ന് ഹസിൻ ജഹാൻ കുറ്റപ്പെടുത്തി. കോടീശ്വരനായ പിതാവ് അവരെ അവഗണിക്കുകയാണെന്നും, നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമി ഒരു 'സ്ത്രീലമ്പടൻ' ആണെന്നും അവർ ആരോപിച്ചു. സ്വന്തം മകളെ തിരിഞ്ഞുനോക്കാത്ത ഷമി, കാമുകിക്കും മകൾക്കും ബിസിനസ് ക്ലാസിൽ ടിക്കറ്റ് എടുത്ത് നൽകി വലിയ ഔദാര്യം കാണിക്കുകയാണെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
2014 ലാണ് മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വിവാഹിതരായത്. 2015 ൽ ഇവർക്ക് ആര്യ എന്ന മകൾ ജനിച്ചു. പിന്നീട് കുടുംബപരമായ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. ഹസിൻ ജഹാൻ ഇതിനു മുൻപും പലതവണ ഷമിക്കെതിരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പരിക്കിനെ തുടർന്ന് ദീർഘനാളായി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ഷമി, ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ടീമിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.