'നിർഭാഗ്യവശാൽ, അത് എപ്പോഴും ഒരു സ്വപ്നമായി അവശേഷിച്ചു..'; ചെറുപ്പത്തിൽ അരങ്ങേറ്റം ലഭിച്ചിരുന്നെങ്കിൽ സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ നേടുമായിരുന്നുവെന്ന് മൈക്കിൾ ഹസ്സി
സിഡ്നി: ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടം കാഴ്ചവെച്ച മുൻ ഓസ്ട്രേലിയൻ താരമാണ് മൈക്കിൾ ഹസ്സി. 28-ാം വയസ്സിലാണ് ഹസ്സി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലുമായി 324 ഇന്നിങ്സുകളിൽ നിന്ന് 49 ശരാശരിയിൽ 12,398 റൺസാണ് അദ്ദേഹത്തിൻ്റെ അന്താരാഷ്ട്ര കരിയറിലെ സമ്പാദ്യം. ഇതിൽ 22 സെഞ്ചുറികളും 72 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഇപ്പോഴിതാ താരം തൻ്റെ കരിയറിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചയായായിരിക്കുന്നത്.
ചെറുപ്പത്തിലേ ദേശീയ ടീമിനായി കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെക്കാൾ 5000 റൺസ് കൂടുതൽ നേടാൻ തനിക്ക് കഴിയുമായിരുന്നു എന്നാണ് അദ്ദേഹം തമാശയായി പറഞ്ഞത്. 'ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കറെക്കാൾ 5000 റൺസ് അധികം നേടാൻ എനിക്ക് സാധ്യതയുണ്ടായിരുന്നു. കൂടുതൽ സെഞ്ചുറികളും വിജയങ്ങളും, ഒരുപക്ഷേ ഏറ്റവും കൂടുതൽ ആഷസ് വിജയങ്ങളും ലോകകപ്പ് വിജയങ്ങളും നേടാൻ സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ, അത് എപ്പോഴും ഒരു സ്വപ്നമായി അവശേഷിച്ചു. നേരത്തെ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു,' ഹസ്സി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2004-ൽ ഓസ്ട്രേലിയക്കായി അരങ്ങേറ്റം കുറിച്ച ഹസ്സി, 2007 ഏകദിന ലോകകപ്പ് നേടിയ ടീമിലും 2006, 2009 ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിലും അംഗമായിരുന്നു. സചിൻ തെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ 450 ഇന്നിങ്സുകളിൽ നിന്ന് 34,357 റൺസാണ് നേടിയത്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായും മുംബൈ ഇന്ത്യൻസിനായും ഹസ്സി കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ 272 മത്സരങ്ങളിൽ നിന്ന് 61 സെഞ്ച്വറികളടക്കം 23,000 റൺസിലധികം അദ്ദേഹം നേടിയിട്ടുണ്ട്.