ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂർണമെൻ്റ്; ഇന്ത്യയെ ആറു വിക്കറ്റിന് തകർത്ത് പാകിസ്താൻ; അതിവേഗ അർദ്ധ സെഞ്ചുറിയുമായി ആസിഫ് അലിയുടെ ബാറ്റിംഗ് വെടിക്കെട്ട്

Update: 2024-11-01 16:27 GMT

മോങ് കോക്ക്: ഹോങ്കോങ് സിക്സസ് ടൂർണമെന്‍റിൽ തകർപ്പൻ ജയത്തോടെ പാകിസ്ഥാൻ. ചിരവൈരികളായ ഇന്ത്യയെ പാകിസ്താൻ ആറു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ടോട്ടലാണ് പാകിസ്ഥാന് മുന്നിൽ ഉയർത്തിയത്. ഭരത് ചിപ്ലി 16 പന്തിൽ നേടിയ 53 റൺസിന്റെ പിൻബലത്തിൽ ആറു ഓവറിൽ 119 റൺസാണ് ഇന്ത്യ നേടിയത്.

എന്നാൽ അസാധ്യമെന്ന് തോന്നിയ റൺസ് വെറും 5 ഓവറിൽ പാകിസ്ഥാൻ അടിച്ചെടുക്കുകയായിരുന്നു. 14 പന്തുകളിൽ നിന്ന് ഏഴു സിക്സും രണ്ടു ഫോറുമടക്കം 55 റൺസെടുത്ത ആസിഫ് അലിയാണ് പാകിസ്ഥാന്റെ വിജയം അനായാസമാക്കിയത്. വിക്കറ്റ് നഷ്ടമാവതെ ആയിരുന്നു പാകിസ്ഥാന്റെ വിജയം. റിട്ടയേർഡ് ഹർട്ട് ആയി ആസിഫ് അലി മടങ്ങിയിട്ടും മുഹമ്മദ് അഖ്ലാഖ് (12 പന്തിൽ 40), ഫഹീം അഷ്റഫ് (അഞ്ചു പന്തിൽ 22) എന്നിവർ ചേർന്ന് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

ഇന്ത്യക്കായി നായകൻ ഉത്തപ്പ എട്ടു പന്തിൽ മൂന്നു വീതം സിക്സും ഫോറുമടക്കം 31 റൺസെടുത്തു. കേദർ യാദവാണ് (മൂന്നു പന്തിൽ എട്ട്) പുറത്തായ മറ്റൊരു താരം. മനോജ് തിവാരി (ഏഴു പന്തിൽ 17), സ്റ്റുവർട്ട് ബിന്നി (രണ്ടു പന്തിൽ നാല്) എന്നിവർ പുറത്താകാതെ നിന്നു. നാലു സിക്സും ആറു ഫോറും അടക്കമായിരുന്നു ഭരത് ചിപ്ലി 16 പന്തിൽ നേടിയ 53 റൺസ് നേടിയത്. ആസിഫ് അലിയാണ് കളിയിലെ താരം.

ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു പാകിസ്ഥാനെതിരെ. 3 ടീമുകൾ വീതം 4 ഗ്രൂപ്പുകളാണ് ലീഗിലുള്ളത്. തോൽവിയോടെ സി ഗ്രൂപ്പിൽ ഇന്ത്യ അവസാന സ്ഥാനക്കാരാണ്. യുഎഇ യുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. 

Tags:    

Similar News