ഐസിസി ഏകദിന റാങ്കിംഗില്‍ വീണ്ടും തലപ്പത്തെത്തി വിരാട് കോലി; നേട്ടം രോഹിത്തിനെ പിന്തള്ളി; ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനത്ത്; ബൗളിംഗിൽ നേട്ടമുണ്ടാക്കി മുഹമ്മദ് സിറാജ്
ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ഇതോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021 ജൂലൈ മാസത്തിന് ശേഷം ആദ്യമായാണ് കോലി ഈ നേട്ടം സ്വന്തമാക്കുന്നത്. ന്യൂസിലൻഡിനെതിരെ വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിൽ 91 പന്തിൽ നിന്ന് 93 റൺസ് നേടിയ തകർപ്പൻ പ്രകടനമാണ് കോലിയെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.
തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇത് 11-ാം തവണയാണ് കോലി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിൽ (നവംബർ-ഡിസംബർ) 135, 102, പുറത്താകാതെ 65 എന്നിങ്ങനെ റൺസ് നേടിയിരുന്നു. കൂടാതെ, ഒക്ടോബറിൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ 74 റൺസുമായി പുറത്താകാതെയും നിന്നു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 469 റൺസാണ് മുൻ ഇന്ത്യൻ നായകൻ നേടിയത്. നിലവിൽ 785 റേറ്റിംഗാണ് കോലിക്കുള്ളത്. 775 റേറ്റിംഗുള്ള രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്.
2013 ഒക്ടോബറിലാണ് കോലി ആദ്യമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. മൊത്തം 825 ദിവസം ഒന്നാം റാങ്കിൽ തുടർന്ന കോലി, കൂടുതൽ ദിവസം ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഐസിസിയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ നിലവിൽ അദ്ദേഹം പത്താം സ്ഥാനത്താണ്.
റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡിന്റെ ഡാരൽ മിച്ചലാണ്. ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തിൽ നേടിയ 84 റൺസാണ് മിച്ചലിനെ രണ്ടാം സ്ഥാനത്ത് എത്താൻ സഹായിച്ചത്. ഇന്ത്യൻ താരങ്ങളിൽ ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനത്തും, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ.എൽ രാഹുൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തും എത്തി. ബൗളിംഗ് റാങ്കിംഗിൽ പേസർ മുഹമ്മദ് സിറാജ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്താണ്.