ഐസിസി ടി20 റാങ്കിങിൽ വൻ കുതിപ്പുമായി തിലക് വർമ; ആദ്യ പത്തിൽ നിന്ന് പുറത്തായി സൂര്യകുമാർ യാദവ്; നേട്ടമുണ്ടാക്കി സഞ്ജു; ബൗളിങ്ങിൽ തലപ്പത്ത് വരുൺ ചക്രവർത്തി
ന്യൂഡൽഹി: ഐസിസി പുരുഷ ടി20 റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി യുവതാരം തിലക് വർമ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് തിലക് വർമയ്ക്ക് ഈ നേട്ടം സമ്മാനിച്ചത്. ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20യില്‍ മാത്രം അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ അഞ്ച് സ്ഥാനം ഉയര്‍ന്ന് 42-ാം സ്ഥാനത്തേക്ക് കയറി.
805 റേറ്റിങ് പോയിന്റോടെയാണ് തിലക് വർമ മൂന്നാം സ്ഥാനം നേടിയത്. ശ്രീലങ്കയുടെ പാത്തും നിസങ്കയെയാണ് തിലക് ഈ മുന്നേറ്റത്തിൽ മറികടന്നത്. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യയുടെ അഭിഷേക് ശർമ ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് രണ്ടാം സ്ഥാനത്തും നിലയുറപ്പിച്ചു. ലങ്കയുടെ പാത്തും നിസങ്ക നാലാമതും, ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലർ അഞ്ചാമതും പാകിസ്ഥാന്റെ ഷാഹിസാദ ഫർഹാൻ ആറാമതുമാണ്.
ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രോവിസ് പത്താം സ്ഥാനത്തെത്തി. ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവ് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടി20 ബൗളിങ്ങിൽ വരുൺ ചക്രവർത്തിക്ക് പിന്നാലെ ന്യൂസിലൻഡിന്റെ ജേക്കബ് ഡഫി രണ്ടാം സ്ഥാനത്തും, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ മൂന്നാം സ്ഥാനത്തും, പാകിസ്ഥാന്റെ അബ്രാർ അഹമ്മദ് നാലാം സ്ഥാനത്തും, ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ അഞ്ചാം സ്ഥാനത്തും ഇടം നേടി. ഇന്ത്യയുടെ അക്ഷർ പട്ടേൽ 15-ാം സ്ഥാനത്തേക്ക് താഴ്ന്നു.