ട്വൻ്റി 20 റാങ്കിംഗ്; ബാറ്റർമാരുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങൾ; സ്ഥാനം മെച്ചപ്പെടുത്തി സഞ്ജു സാംസണും ഋതുരാജ് ഗെയ്‌ക്‌വാദും; ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഹാർദ്ദിക് പാണ്ഡ്യ

Update: 2025-09-10 13:27 GMT

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിന് തുടക്കമായതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തുവിട്ട പുതിയ ട്വൻ്റി 20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ ഇന്ത്യയുടെ അഭിഷേക് ശർമ്മയും തിലക് വർമ്മയും നിലനിർത്തി. 829 റേറ്റിംഗ് പോയിൻ്റുമായാണ് അഭിഷേക് ഒന്നാം സ്ഥാനം നിലനിർത്തിയതെങ്കിൽ 804 റേറ്റിംഗ് പോയിൻ്റുമായി തിലക് വർമ്മ രണ്ടാം സ്ഥാനത്തുണ്ട്.

മലയാളി താരം സഞ്ജു സാംസൺ ഒരു സ്ഥാനം മെച്ചപ്പെടുത്തി 34-ാം സ്ഥാനത്തെത്തി. അതേസമയം, ഏഷ്യാ കപ്പ് ടീമിൽ ഇടം ലഭിക്കാത്ത ഋതുരാജ് ഗെയ്‌ക്‌വാദ് ഒരു സ്ഥാനം ഉയർന്ന് 26-ാം സ്ഥാനത്തെത്തി. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ആറാം സ്ഥാനത്തും യശസ്വി ജയ്സ്വാൾ 11-ാം സ്ഥാനത്തും തുടരുന്നു.

ബൗളിംഗ് റാങ്കിംഗിൽ വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ താരങ്ങളിൽ മുന്നിൽ, നാലാം സ്ഥാനത്താണ് താരം.ഏഷ്യാ കപ്പ് ടീമിലില്ലാത്ത രവി ബിഷ്ണോയി ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ടീമിലുള്ള അർഷദീപ് സിംഗ് ഒമ്പതാം സ്ഥാനത്തും അക്സർ പട്ടേൽ പതിമൂന്നാം സ്ഥാനത്തും എത്തി. ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഹാർദ്ദിക് പാണ്ഡ്യ ഒന്നാം സ്ഥാനം നിലനിർത്തി. പാകിസ്ഥാനും യുഎഇയും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന ത്രിരാഷ്ട്ര ടി20 ടൂർണമെൻ്റിന് ശേഷമുള്ള റാങ്കിംഗാണ് പുറത്തുവിട്ടത്.

Tags:    

Similar News