പെര്‍ത്തില്‍ ഓസിസിനെ വിറപ്പിച്ച പേസ് ആക്രമണം; ഐസിസി ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രീത് ബുമ്ര വീണ്ടും ഒന്നാമന്‍; ബാറ്റിംഗില്‍ ജയ്‌സ്വാള്‍ രണ്ടാമത്; ട്വന്റി 20 റാങ്കിംഗില്‍ തിലക് വര്‍മയ്ക്കും സഞ്ജുവിനും കുതിപ്പ്

ഐസിസി ബൗളിംഗ് റാങ്കിംഗില്‍ വീണ്ടും ഒന്നാമനായി ജസ്പ്രീത് ബുമ്ര

Update: 2024-11-27 11:26 GMT

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുതിപ്പ്. പെര്‍ത്തില്‍ രണ്ട് ഇന്നിംഗ്‌സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തി ഓസിസിനെ തകര്‍ത്ത ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ടെസ്റ്റ് റാങ്കിംഗില്‍ രണ്ട് സ്ഥാനം കയറിയ ബുമ്ര വീണ്ടും 883 റാങ്കിംഗ് പോയന്റുമായി ഒന്നാമതെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ(872 റാങ്കിംഗ് പോയന്റ്) രണ്ടാമതും ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്(860 റാങ്കിംഗ് പോയന്റ) മൂന്നാമതുമാണ്. ഇന്ത്യയുടെ ആര്‍ അശ്വിനാണ് നാലാം സ്ഥാനത്ത്.

പെര്‍ത്ത് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ ബുമ്ര ഇന്ത്യയുടെ ഐതിഹാസിക വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മത്സരത്തിലാകെ 72 റണ്‍സ് വഴങ്ങിയാണ് ബുമ്ര എട്ട് വിക്കറ്റെടുത്തത്. രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്താണ്. പതിനെട്ടാം സ്ഥാനത്തുള്ള കുല്‍ദീപ് യാദവാണ് ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യന്‍ ബൗളര്‍.

ബാറ്റിംഗ് റാങ്കിംഗില്‍ രണ്ട് സ്ഥാനം കയറിയ ഇന്ത്യയുടെ യശസ്വി ജയ്‌സ്വാള്‍ 825 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. 903 റേറ്റിംഗ് പോയന്റുള്ള ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. ഋഷഭ് പന്ത് ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പെര്‍ത്തിലെ സെഞ്ചുറിയോടെ ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയ വിരാട് കോലി പതിമൂന്നാം സ്ഥാനത്തെത്തി.

പെര്‍ത്തില്‍ നിരാശപ്പെടുത്തിയ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഏഴാം സ്ഥാനത്തേക്ക് വീണു. നാലു സ്ഥാനം നഷ്ടമായ ഉസ്മാന്‍ ഖവാജ ആദ്യ 10ല്‍ നിന്ന് പുറത്തായി പന്ത്രണ്ടാമതാണ്. പതിനേഴാം സ്ഥാനത്തുള്ള ശുഭ്മാന്‍ ഗില്ലാണ് ആദ്യ 20ലുള്ള മറ്റൊരു ഇന്ത്യന്‍ താരം. അതേസമയം പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ തിളങ്ങിയ ഓസീസ് താരം ട്രാവിസ് ഹെഡ് മൂന്ന് സ്ഥാനം ഉയര്‍ന്ന് പത്താം സ്ഥാനത്തെത്തിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.പിതൃത്വ അവധിയെടുത്ത് പെര്‍ത്ത് ടെസ്റ്റില്‍ നിന്ന് വിട്ടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 26-ാം സ്ഥാനത്തുതന്നെയാണ്.

ഐസിസി ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ താരം തിലക് വര്‍മ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയതോടെയാണ് സൂര്യകുമാര്‍ യാദവിനെ മറികടന്ന് തിലക് വര്‍മ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്ത് തന്നെയാണ്. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി.

എട്ടാം സ്ഥാനത്തുള്ള യശസ്വി ജയ്‌സ്വാളാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. റുതുരാജ് ഗെയ്ക്വാദ് പതിനഞ്ചാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ 34-ാം റാങ്കിലാണ്. ടി20 ബൗളിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയാണ് രണ്ടാമത്. ഇന്ത്യയുടെ രവി ബിഷ്‌ണോയ് എട്ടാമതും അര്‍ഷ്ദീപ് സിംഗ് ഒമ്പതാമതും അക്‌സര്‍ പട്ടേല്‍ പതിമൂന്നാമതുമുണ്ട്.

ഏകദിന ബൗളിംഗ് റാങ്കിംഗില്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്ക് ഒന്നാം സ്ഥാനം നഷ്ടമായതാണ് മറ്റൊരു പ്രധാന മാറ്റം. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ അഫ്രീദി രണ്ടാം സ്ഥാനത്തായി. ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഏഴാമതും മുഹമ്മദ് സിറാജ് എട്ടാമതുമുണ്ട്. ടി20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ പതിമൂന്നാം സ്ഥാനത്ത് തുടരുന്നു. വരുന്ന ആഴ്ചകളില്‍ ടി20 മത്സരങ്ങളില്ലാത്തതിനാല്‍ റാങ്കിംഗില്‍ വലിയ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയാണ് സഞ്ജു സാംസണ്‍ റാങ്കിംഗില്‍ കുതിപ്പ് നടത്തിയത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയ സഞ്ജു പിന്നീട് തുടര്‍ച്ചയായി രണ്ട് കളികളില്‍ ഡക്കായതാണ് ആദ്യ പത്തിലെത്തുന്നതില്‍ തടസമായത്. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു.

Tags:    

Similar News