പാകിസ്താനില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ബിസിസിഐ; ആവശ്യം അംഗീകരിക്കാതെ പിസിബി; അംഗീകരിച്ചില്ലെങ്കില്‍ എല്ലാ മല്‍സരങ്ങളും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുമെന്ന് ഐസിസി

Update: 2024-11-12 07:42 GMT

2025ലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് വേദി സംബന്ധിച്ച തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. പാകിസ്താനില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ബിസിസിഐയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ എല്ലാ മല്‍സരങ്ങളും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യയുടെ മല്‍സരങ്ങളില്‍ ദുബായിലോ ഷാര്‍ജയിലോ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടതെങ്കിലും പിസിബി ഇതിന് വഴങ്ങിയിട്ടില്ല. ടൂര്‍ണമെന്റ് പൂര്‍ണമായി മറ്റൊരു രാജ്യത്തേക്ക് മാറ്റാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈബ്രിഡ് മോഡല്‍ സ്വീകരിക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിന്റെ മുഴുവന്‍ ആതിഥേയ അവകാശവും പിസിബിക്ക് ലഭിക്കും.

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്താനിലേക്ക് അയക്കേണ്ടതില്ലെന്നത് കേന്ദ്ര സര്‍ക്കാരിന്റെ പഴയ തീരുമാനമാണ്. അതില്‍ മാറ്റംവരുത്തേണ്ട സാഹചര്യമില്ലെന്നും ഇന്ത്യ കരുതുന്നു. 2008 ഏഷ്യ കപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക് മണ്ണില്‍ ഒരു മത്സരവും കളിച്ചിട്ടില്ല. ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങള്‍ക്കും പാകിസ്താന്‍ ആതിഥേയത്വം വഹിക്കുമെന്ന നിലപാടിലാണ് പിസിബി. ഹൈബ്രിഡ് മോഡലിനെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അവകാശപ്പെട്ടു.

ഹൈബ്രിഡ് മോഡല്‍ സ്വീകാര്യമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആവശ്യപ്പെട്ട് ഐസിസി പിസിബിക്ക് കത്തയച്ചിട്ടുണ്ട്. ക്രമീകരണത്തിന് പാകിസ്താന്‍ എതിരായാല്‍, ഐസിസി മുഴുവന്‍ ടൂര്‍ണമെന്റും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ പിസിബി പാകിസ്താന്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്തിവരികയാണ്. കായിക കോടതി (കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഓഫ് സ്‌പോര്‍ട്സ്) യുടെ മുന്നില്‍ വിഷയം എത്തിക്കുക, ഐസിസി ഇവന്റുകളില്‍ ഇന്ത്യക്കെതിരെ കളിക്കാതിരിക്കുക, 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനെതിരെ ലോബി ചെയ്യുക തുടങ്ങിയവ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് പാക് മാധ്യമങ്ങള്‍ പോര്‍ട്ട് ചെയ്തു.

1996 ലോകകപ്പിന് ശേഷം പാകിസ്താന്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഐസിസി ടൂര്‍ണമെന്റാണിത്. 2012-13 കാലയളവിലാണ് ഇരു രാജ്യങ്ങളും അവസാനമായി ഉഭയകക്ഷി പരമ്പര കളിച്ചത്. 2023 ലെ ഏഷ്യ കപ്പിനായി പാകിസ്താനില്‍ പോകാന്‍ വിസമ്മതിച്ചതിനാല്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ ശ്രീലങ്കയിലായിരുന്നു നടന്നത്. ഈ ഹൈബ്രിഡ് മോഡല്‍ തുടരണമെന്നാണ് ബിസിസിഐ അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഇതിനോട് ഇതുവരെ പിസിബി അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Tags:    

Similar News