പെര്‍ത്തില്‍ ഇന്ത്യന്‍ വിജയഗാഥ! നായകന്റെ വരവറിയിച്ച് ജസ്പ്രീത് ബുമ്ര; പിന്തുണച്ച് സിറാജും സംഘവും; ഓസിസിനെ എറിഞ്ഞിട്ടത് 238 റണ്‍സിന്; ചെറുത്തുനിന്നത് ഹെഡും മാര്‍ഷും മാത്രം; ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര ജയം; പരമ്പരയില്‍ മുന്നില്‍
പെര്‍ത്തില്‍ മിന്നിച്ച് ഇന്ത്യന്‍ പേസ് പട, ഓസീസിനെ 295 റണ്‍സിന് തകര്‍ത്തു
പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ ചരിത്ര ജയത്തോടെ ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കമിട്ട് ഇന്ത്യ. നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ജസ്പ്രീത് ബുമ്രയുടെയും സംഘത്തിന്റെയും തീപ്പന്തുകള്‍ക്ക് മുന്നില്‍ രണ്ടാം ഇന്നിംഗ്‌സിലും ഓസിസ് തകര്‍ന്നടിഞ്ഞു. ആതിഥേയരെ 238 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര ജയമാണ് കുറിച്ചത്.
ടെസ്റ്റ് മത്സരം അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. ജയിക്കാന്‍ രണ്ടാമിന്നിങ്‌സില്‍ 534 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 58.4 ഓവറില്‍ 238 റണ്‍സിന് ഓള്‍ഔട്ടായി. അലക്‌സ് കാരിയെ ഹര്‍ഷിത് റാണ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് ഇന്ത്യയുടെ ജയം പൂര്‍ണമായത്.
കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ മണ്ണിലെ ജയം പുനര്‍ജനിയാണ്. കളിയുടെ സര്‍വ്വമേഖലയിലും ആധിപത്യം പുലര്‍ത്തിയ സംഘത്തേയാണ് പെര്‍ത്തില്‍ കണ്ടത്. ബുമ്രയും സിറാജും കരുത്തുകാട്ടിയപ്പോള്‍ പെര്‍ത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ നിലയുറപ്പിക്കാനാകാതെ ഓസീസ് ബാറ്റര്‍മാര്‍ വീണു. 534 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 238 റണ്‍സിന് പുറത്തായി. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത്. സ്‌കോര്‍:ഇന്ത്യ-150, 487-6, ഓസ്‌ട്രേലിയ-104, 238
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ഉസ്മാന്‍ ഖവാജയെ(4) തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നാലെ സ്റ്റീവന്‍ സ്മിത്തും ഹെഡും സ്‌കോറുയര്‍ത്തി. 17 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കി സിറാജ് ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. ഓസീസ് 79-5 എന്ന നിലയിലേക്ക് വീണു.
മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഒരു വശത്ത് ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ട്രാവിസ് ഹെഡാണ് ഓസീസിനായി പൊരുതിയത്. അര്‍ധസെഞ്ചുറി തികച്ച ഹെഡ് ശ്രദ്ധയോടെ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. മിച്ചല്‍ മാര്‍ഷുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹെഡ് സ്‌കോര്‍ 150-കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 161 ല്‍ നില്‍ക്കേ ഹെഡിനെ പുറത്താക്കി നായകന്‍ ബുംറ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി. 89 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്.
പിന്നാലെ മാര്‍ഷും കൂടാരം കയറിയതോടെ ഓസീസ് തോല്‍വി മണത്തു. 47 റണ്‍സെടുത്ത മാര്‍ഷിനെ നിതീഷ് റെഡ്ഡിയാണ് പുറത്താക്കിയത്. അതോടെ ഓസീസ് 182-7 എന്ന നിലയിലേക്ക് വീണു. 12 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ക്ക് ആക്കം കൂടി. പിന്നാലെ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ വിജയഭേരി മുഴക്കി.
ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയ്ക്ക് തീപ്പൊരി ബോളിങ്ങും രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ് പ്രകടനവും കൊണ്ട് മറുപടി നല്‍കിയ ഇന്ത്യ പെര്‍ത്ത് ടെസ്റ്റില്‍ ഗംഭീര വിജയമാണ് സ്വന്താക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതിരുന്നിട്ടും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ 295 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്.
101 പന്തുകള്‍ നേരിട്ട് 89 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷ് (47 പന്തില്‍ 47), അലക്‌സ് ക്യാരി (58 പന്തില്‍ 36) എന്നിവരും ഇന്ത്യയുടെ ബോളിങ് ആക്രമണത്തെ കുറച്ചു നേരമെങ്കിലും ചെറുത്തുനിന്നു. രണ്ടാം ഇന്നിങ്‌സില്‍ 17 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ഓസീസിന്റെ മുന്‍നിര അപ്പാടെ തകര്‍ന്നുപോയി. മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും ഏല്‍പിച്ച പ്രഹരത്തില്‍നിന്ന് ഓസ്‌ട്രേലിയയ്ക്കു പിന്നീടു കരകയറാനും സാധിച്ചില്ല.
അഞ്ചാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചറി കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ വലിയ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ എത്തിച്ചത്. ഹെഡിന്റെ മടക്കത്തിനു ശേഷം മിച്ചല്‍ മാര്‍ഷും പ്രതിരോധിച്ചു നോക്കിയെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയെറിഞ്ഞ 44ാം ഓവറില്‍ താരം ബോള്‍ഡായി.
വാലറ്റത്തെ കൂട്ടുപിടിച്ച് അലക്‌സ് ക്യാരി നടത്തിയ രക്ഷാപ്രവര്‍ത്തനവും തോല്‍വിയുടെ ആഘാതത്തിന്റെ തോത് ഓസീസിനു കുറച്ചുനല്‍കി. 47.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ 200 കടന്നത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. വാഷിങ്ടന്‍ സുന്ദര്‍ രണ്ടും നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റുവീതവും സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സെടുത്ത ഇന്ത്യ ഓസ്‌ട്രേലിയയെ 104ന് പുറത്താക്കിയിരുന്നു.
സെഞ്ചുറി കരുത്തുമായി ജയ്‌സ്വാളും കോലിയും
ഇന്ത്യന്‍ ക്രിക്കറ്റിലെ വര്‍ത്തമാന കാലത്തിന്റെ 'അധിപന്‍' വിരാട് കോലിയും (100)* ഭാവിയുടെ 'അമരക്കാരന്‍' യശസ്വി ജയ്‌സ്വാളും (161) ചേര്‍ന്നു വെട്ടിയ വഴിയിലൂടെ പെര്‍ത്തില്‍ ഇന്ത്യ ഓസീസിനു മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യ, ജയ്‌സ്വാളിന്റെയും കോലിയുടെയും സെഞ്ചറിക്കരുത്തില്‍ 6ന് 487 റണ്‍സ് എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. ഇതോടെയാണ് ആദ്യ ഇന്നിങ്‌സില്‍ വഴങ്ങിയ ലീഡ് അടക്കം ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 534 റണ്‍സായത്.
രണ്ടാം ദിവസത്തെ ഫോം തേച്ചുമിനുക്കിയാണ് മൂന്നാം ദിനവും യശസ്വി ജയ്‌സ്വാള്‍ ക്രീസിലെത്തിയത്. ജോഷ് ഹെയ്‌സല്‍വുഡ് എറിഞ്ഞ ബൗണ്‍സര്‍ അപ്പര്‍ കട്ട് ചെയ്ത് ബൗണ്ടറി കടത്തിയ ജയ്‌സ്വാള്‍ ഓസ്‌ട്രേലിയയില്‍ തന്റെ കന്നി സെഞ്ചറി കുറിച്ചു. സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോലി എന്നിവര്‍ക്കു ശേഷം പെര്‍ത്തില്‍ ടെസ്റ്റ് സെഞ്ചറി നേടുന്ന ഇന്ത്യന്‍ താരമാണ് ജയ്‌സ്വാള്‍. കരിയറില്‍ 15 ടെസ്റ്റിനു ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം (1568 റണ്‍സ്) എന്ന റെക്കോര്‍ഡും ഇന്നലെ ജയ്‌സ്വാള്‍ സ്വന്തമാക്കി.
1420 റണ്‍സ് നേടിയ വിജയ് ഹസാരെയെയാണ് മറികടന്നത്. സഹ ഓപ്പണര്‍ കെ.എല്‍.രാഹുലിനെ (77) ഇടയ്ക്കു വച്ച് നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന ജയ്‌സ്വാള്‍ സ്‌കോര്‍ മുന്നോട്ടുനീക്കി. ഇതിനിടെ ദേവ്ദത്ത് പടിക്കലിനെ (25) നഷ്ടമായെങ്കിലും നാലാം നമ്പറില്‍ വിരാട് കോലി എത്തിയതോടെ കാര്യങ്ങള്‍ വീണ്ടും ഇന്ത്യയുടെ നിയന്ത്രണത്തിലായി. ഒടുവില്‍ മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ കട്ട് ഷോട്ടിനു ശ്രമിച്ചു പുറത്താകുമ്പോള്‍ അര്‍ഹിച്ച ഇരട്ട സെഞ്ചറി കൈവിട്ടുപോയതിന്റെ നിരാശ ഇരുപത്തിരണ്ടുകാരനായ ഇടംകൈ ബാറ്ററുടെ മുഖത്തുണ്ടായിരുന്നു.
കോലിയുടെ തിരിച്ചുവരവ്
ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന സെഞ്ചറി വരള്‍ച്ചയ്ക്ക് അന്ത്യം കുറിച്ച്, തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കും വിധം വിരാട് കോലി നേടിയ സെഞ്ചറിയായിരുന്നു മൂന്നാം ദിനത്തിലെ മറ്റൊരു ഹൈലൈറ്റ്. ആദ്യ ഇന്നിങ്‌സില്‍ വരുത്തിയ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെയാണ് കോലി തുടങ്ങിയത്. ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തുകള്‍ ലീവ് ചെയ്തും ഫ്രണ്ട് ഫൂട്ട് ബോളിന്റെ ലൈനില്‍ നിന്ന് പരമാവധി ഒഴിവാക്കിയും തുടങ്ങിയ കോലി, ക്രീസില്‍ നിലയുറപ്പിച്ചതോടെ ഫ്‌ലിക്ക് ഷോട്ടും സ്‌ട്രെയ്റ്റ് ഡ്രൈവുകളുമായി റണ്‍ കണ്ടെത്താന്‍ തുടങ്ങി. ഒടുവില്‍ മാര്‍നസ് ലബുഷെയ്‌ന്റെ പന്ത് സ്വീപ് ഷോട്ടിലൂടെ ബൗണ്ടറി കടത്തി കോലി തന്റെ 30ാം ടെസ്റ്റ് സെഞ്ചറിയിലെത്തി.
മൂന്നു ഫോര്‍മാറ്റിലുമായി രാജ്യാന്തര ക്രിക്കറ്റില്‍ 81ാം തവണയാണ് കോലി മൂന്നക്കം കടക്കുന്നത്. കോലി സെഞ്ചറി തികച്ചതിനു പിന്നാലെയാണ് ഇന്ത്യ 6ന് 487 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. നിതീഷ് കുമാര്‍ റെഡ്ഡി 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതാദ്യമായാണ് ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 200 റണ്‍സിനു മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്. 201 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ രാഹുലും ജയ്‌സ്വാളും ചേര്‍ന്നു നേടിയത്. 23 വയസ്സിനിടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ (4) 150 റണ്‍സിനു മുകളില്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി യശസ്വി ജയ്‌സ്വാള്‍ മാറി. 8 തവണ 150നു മുകളില്‍ നേടിയ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്. ജാവേദ് മിയാന്‍ദാദ് (പാക്കിസ്ഥാന്‍), ഗ്രെയിം സ്മിത്ത് (ദക്ഷിണാഫ്രിക്ക), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവരും ജയ്‌സ്വാളിനൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.