സന്നാഹമത്സരം ജയിച്ച് ഇന്ത്യ; അമേരിക്കയെ തകർത്തത് 38 റൺസിന്; രവി ബിഷ്‌ണോയ്ക്ക് മൂന്ന് വിക്കറ്റ്; ഇന്ത്യൻ ക്യാമ്പിന് ആശ്വാസമായി തിലക് വർമ്മയുടെ തിരിച്ചുവരവ്

Update: 2026-02-02 16:48 GMT

മുംബൈ: ടി20 ലോകകപ്പിനായുള്ള സന്നാഹമത്സരത്തിൽ അമേരിക്കയെ 38 റൺസിന് തകർത്ത് ഇന്ത്യ എ ടീം. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ നടന്ന മത്സരത്തിൽ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ, നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ അമേരിക്ക 19.4 ഓവറിൽ 200 റൺസിന് എല്ലാവരും പുറത്തായി. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ തിലക് വർമയുടെ പ്രകടനവും ഇന്ത്യ എ ടീമിന് ആത്മവിശ്വാസം നൽകി.

ഇന്ത്യ എ ടീമിനായി വിക്കറ്റ് കീപ്പർ എൻ ജഗദീശൻ (55 പന്തിൽ പുറത്താവാതെ 104), ക്യാപ്റ്റൻ ആയുഷ് ബദോനി (26 പന്തിൽ പുറത്താവാതെ 60) എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് കൂറ്റൻ സ്കോർ നേടാൻ സഹായിച്ചത്. 11 ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു ജഗദീശന്റെ സെഞ്ചുറി ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റിൽ പ്രിയാൻഷ് ആര്യ (28) ജഗദീശനോടൊപ്പം 43 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് തിലക് വർമയും ജഗദീശനും ചേർന്ന് 113 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി.

24 പന്തുകളിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 38 റൺസാണ് തിലക് വർമ നേടിയത്. ജഗദീശനും ബദോനിയും ചേർന്ന് 73 റൺസ് കൂട്ടിച്ചേർക്കുകയും റിയാൻ പരാഗ് രണ്ട് പന്ത് നേരിട്ട് പുറത്താവാതെ നിൽക്കുകയും ചെയ്തു. അമേരിക്കൻ നിരയിൽ 44 റൺസെടുത്ത ആൻഡ്രീസ് ഗൗസാണ് ടോപ് സ്കോറർ. സഞ്ജയ് കൃഷ്ണമൂർത്തി (41), ശുഭം രഞ്ജാനെ (28), ഹർമീത് സിംഗ് (25), മുഹമ്മദ് മുഹ്‌സിൻ (21), മിലിന്ദ് കുമാർ (18), മൊനാങ്ക് പട്ടേൽ (10) എന്നിവരും രണ്ടക്കം കടന്നു.

ഇന്ത്യ എയ്ക്ക് വേണ്ടി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഖലീൽ അഹമ്മദ്, നമൻ ധിർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. തിലക് വർമ താൻ എറിഞ്ഞ ഒരോവറിൽ 15 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ടി20 ലോകകപ്പിന് മുന്നോടിയായി താളം കണ്ടെത്താനാണ് പരിക്കിൽ നിന്ന് മടങ്ങിയെത്തിയ തിലക് വർമയെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തിയത്. 

Tags:    

Similar News