'സിറാജ് പുറത്തിരിക്കും; ബുമ്രയ്ക്ക് പകരക്കാരന്‍ രണ്ട് ഏകദിനം കളിച്ച ഹര്‍ഷിത് റാണ; ജയ്സ്വാളിനു പകരം വരുണ്‍ ചക്രവര്‍ത്തി ഓപ്പണറാകട്ടെ'; കൊല്‍ക്കത്ത താരങ്ങള്‍ക്ക് 'സംവരണം'; വന്ന വഴി മറക്കാതെ ഗംഭീര്‍; ചാംപ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തില്‍ ഞെട്ടി ആരാധകര്‍

ചാംപ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തില്‍ ഞെട്ടി ആരാധകര്‍

Update: 2025-02-12 10:33 GMT

മുംബൈ: പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അന്തിമമായി പ്രഖ്യാപിച്ചതിന് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ വിമര്‍ശനം കടുക്കുന്നു. ബുമ്രയ്ക്ക് പകരക്കാരനായി രണ്ട് ഏകദിനം മാത്രം കളിച്ചു പരിചയമുള്ള ഹര്‍ഷിത് റാണയെയും ഓപ്പണിംഗ് ബാറ്റര്‍ യശ്വസി ജയ്‌സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയും ടീമില്‍ ഉള്‍പ്പെടുത്തിയതിലാണ് വിമര്‍ശനം കടുക്കുന്നത്. ഇരുതാരങ്ങളും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ താരങ്ങളാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമര്‍ശനം.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അവസാന നിമിഷം വരുത്തിയ മാറ്റങ്ങളുടെ പേരിലാണ് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് ആരാധകരുടെ രൂക്ഷ വിമര്‍ശനം. മുഖ്യ പേസ് ബോളറായ ജസ്പ്രീത് ബുമ്ര പരുക്കേറ്റ് പുറത്തായതിനു പിന്നാലെ, പകരക്കാരനായി രണ്ടു മത്സരം മാത്രം കളിച്ചിട്ടുള്ള ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയതിനാണ് പ്രധാന വിമര്‍ശനം. ഇതിനു പുറമേ, ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന യശസ്വി ജയ്സ്വാളിനെ തഴഞ്ഞ് വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെയും ഒരു വിഭാഗം ആരാധകര്‍ വിമര്‍ശിക്കുന്നു.

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ടീമില്‍ മാറ്റം വരുത്താനുള്ള സമയപരിധി തീരാനിരിക്കെയാണ് പരുക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്ക് പകരം ഹര്‍ഷിത് റാണയെയും ബാറ്ററായ യശസ്വി ജയ്സ്വാളിനു പകരം വരുണ്‍ ചക്രവര്‍ത്തിയെയും ഉള്‍പ്പെടുത്തിയത്. ജയ്‌സ്വാളിനെ ട്രാവലിങ് റിസര്‍വിലും ഉള്‍പ്പെടുത്തിയിരുന്നു. മാറ്റങ്ങള്‍ക്കു പിന്നില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഗംഭീറാണ് സിലക്ഷന്‍ കമ്മിറ്റിക്കു മുന്നില്‍ ഈ നിര്‍ദ്ദേശം വച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ഇന്ത്യന്‍ പരിശീലകനാകുന്നതിനു മുന്‍പ് ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായിരുന്ന ഗംഭീര്‍, ഇത്തവണ ഉള്‍പ്പെടുത്തിയ രണ്ടു താരങ്ങളും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഒപ്പമുണ്ടായിരുന്നവരാണെന്ന പ്രത്യേകതയുമുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഐസിസിയുടെ ഒന്നാം നമ്പര്‍ ബൗളറായിരുന്ന മുഹമ്മദ് സിറാജിനേപ്പോലെ പരിചയ സമ്പന്നനായ ഒരു പേസ് ബോളര്‍ പുറത്തുനില്‍ക്കുമ്പോള്‍, രണ്ട് ഏകദിനങ്ങള്‍ ഉള്‍പ്പെടെ മൂന്നു ഫോര്‍മാറ്റിലുമായി അഞ്ച് രാജ്യാന്തര മത്സരങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള റാണയെ ഉള്‍പ്പെടുത്തിയതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

യുവതാരങ്ങളില്‍ ശ്രദ്ധേയനായ യശസ്വി ജയ്സ്വാളിനെ തഴഞ്ഞ് സ്പിന്നര്‍ മാത്രമായ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തിയതും ആരാധകരെ ഞെട്ടിച്ചു. കഴിഞ്ഞ ദിവസം മാത്രം രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറിയ താരമാണ് വരുണ്‍ ചക്രവര്‍ത്തി. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാര്‍ ടീമിലുള്ളപ്പോലാണ് അഞ്ചാമനായി വരുണ്‍ ചക്രവര്‍ത്തിയെക്കൂടി ഉള്‍പ്പെടുത്തിയത്. ഓപ്പണറായ ജയ്സ്വാളിനു പകരം ഉള്‍പ്പെടുത്തിയ താരമെന്ന നിലയില്‍, വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയ്ക്കായി ബാറ്റിങ് ഓപ്പണ്‍ ചെയ്യട്ടെ എന്ന ട്രോളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ്. രണ്ടാം മത്സരത്തില്‍ ഫെബ്രുവരി 23ന് ബദ്ധവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മാര്‍ച്ച് 2ന് ന്യൂസീലന്‍ഡിനെയും ഇന്ത്യ നേരിടും.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി

c

Tags:    

Similar News