'എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു; ഇതു ടീം ഇന്ത്യയാണ്; അതനുസരിച്ച് പെരുമാറുക എന്ന്'; ഐസിസിയെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ലോബി; മാച്ച് റഫറിയായിരിക്കെ പല വിട്ടുവീഴ്ചകളും ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് ക്രിസ് ബ്രോഡ്
ലണ്ടന്‍: ഇന്ത്യന്‍ ടീമിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) ഇന്ത്യന്‍ ക്രിക്കറ്റ് ലോബി നിയന്ത്രിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മുന്‍ മാച്ച് റഫറി ക്രിസ് ബ്രോഡ്. ഇന്ത്യന്‍ ടീമിനു പിഴ ഈടാക്കുന്നത് ഒഴിവാക്കാന്‍ ബിസിസിഐ പലപ്പോഴും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചതായി ക്രിസ് ബ്രോഡ് ആരോപിച്ചു. ദി ടെലിഗ്രാഫിന് അനുവദിച്ച ഒരു അഭിമുഖത്തിലാണ് മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പിതാവു കൂടിയായ ക്രിസ് ബ്രോഡ് ഇക്കാര്യങ്ങള്‍ ആരോപിച്ചത്. ഒരു മത്സരത്തില്‍ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ടീമിനു പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ടു തനിക്കു ഫോണ്‍ കോള്‍ ലഭിച്ചതായി ബ്രോഡ് അവകാശപ്പെട്ടു.
ഇന്ത്യയാണ് ഐസിസിയെ ഭരിക്കുന്നതെന്ന് പറഞ്ഞ ബ്രോഡ്, താന്‍ മാച്ച് റഫറിയായിരിക്കെ ഇന്ത്യന്‍ ടീമിന് പിഴ ചുമത്തേണ്ട പല ഘട്ടങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ട് ഉന്നതരുടെ ഇടപെടല്‍ ഉണ്ടായതായും ആരോപിച്ചു. മികച്ച മാച്ച് റഫറിയായി അറിയപ്പെട്ടിരുന്നയാളാണ് ക്രിസ് ബ്രോഡ്. എന്നാല്‍ 2024-ല്‍ ആ സ്ഥാനത്ത് തുടരാന്‍ ഐസിസി തനിക്ക് അവസരം നിഷേധിച്ചുവെന്ന് ആരോപണവും ബ്രോഡ് ഉന്നയിച്ചു.
താന്‍ മാച്ച് റഫറിയായിരിക്കെ ഇന്ത്യന്‍ ടീമിനെ പിഴകളില്‍ നിന്ന് സംരക്ഷിക്കാന്‍ ചിലര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിരുന്നു. ഒരിക്കല്‍ ഇന്ത്യന്‍ ടീമിന്റെ മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ അവര്‍ക്ക് പിഴ ചുമത്താതിരിക്കാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നാവശ്യപ്പെട്ട് തനിക്ക് ഒരു ഫോണ്‍ കോള്‍ വരെ ലഭിച്ചിരുന്നുവെന്നും ബ്രോഡ് വെളിപ്പെടുത്തി.
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്വാധീനം വളരെ വലുതാണെന്നും കളിക്കളത്തില്‍ നില്‍ക്കുമ്പോള്‍ പോലും തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഉന്നതര്‍ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വഴിവിട്ട പല സഹായങ്ങളും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമാണ് ഇതിന് പിന്നില്‍. കളിയുടെ യഥാര്‍ഥ സ്പിരിറ്റിനെ ഇത് ബാധിക്കുന്നുവെന്നും അംപയര്‍മാര്‍ക്ക് ഇത് ഉണ്ടാക്കുന്നത് കടുത്ത സമ്മര്‍ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ സൗരവ് ഗാംഗുലി ക്യാപ്റ്റനായ മത്സരത്തില്‍ നിശ്ചിത സമയത്ത് 3 - 4 ഓവര്‍ കുറച്ചെറിഞ്ഞ ഇന്ത്യയ്ക്ക് സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ പിഴ ചുമത്തരുതെന്ന് ആവശ്യപ്പെട്ട് തനിക്ക് ഫോണ്‍ കോണ്‍ ലഭിച്ചതായും ബ്രോഡ് വെളിപ്പെടുത്തി. ബിസിസിഐ പ്രധാന സാമ്പത്തിക പ്രേരകശക്തിയായതിനാല്‍, ഐസിസിയിലെ ഉന്നത സ്ഥാനങ്ങള്‍ കൂടുതല്‍ രാഷ്ട്രീയമയമായിരിക്കുകയാണെന്നും ബ്രോഡ് ആരോപിച്ചു.
''ക്രിക്കറ്റ് പശ്ചാത്തലത്തില്‍ നിന്നുള്ളതിനാല്‍ വിന്‍സ് വാന്‍ ഡെര്‍ ബിജല്‍ (ഐസിസി അമ്പയേഴ്‌സ് മാനേജര്‍) ആ സ്ഥാനത്ത് ഉണ്ടായിരുന്നപ്പോള്‍ ഞങ്ങളെ വളരെയധികം പിന്തുണച്ചിരുന്നു. പക്ഷേ അദ്ദേഹം പോയതോടെ മാനേജ്‌മെന്റ് വളരെയധികം ദുര്‍ബലമായി. ഇന്ത്യയുടെ പക്കല്‍ ധാരാളം പണമുണ്ട് ഇപ്പോള്‍ പല തരത്തില്‍ അവര്‍ ഐസിസിയെ ഏറ്റെടുത്തിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ ഇല്ലാത്തതില്‍ എനിക്ക് സന്തോഷമുണ്ട്, കാരണം അവിടം മുമ്പത്തേക്കാളേറെ രാഷ്ട്രീയമായിരിക്കുന്നു.'' - ബ്രോഡ് പറഞ്ഞു.
''ഒരിക്കല്‍ സ്ലോ ഓവര്‍ റേറ്റിന് പിഴയീടാക്കേണ്ട നടപടി ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായി. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന സമയത്തെ മത്സരവുമായി ബന്ധപ്പെട്ടാണ് സംഭവം. നിശ്ചിത സമയത്തിനും മൂന്നോ നാല് ഓവര്‍ കുറച്ചാണ് ഇന്ത്യ പന്തെറിഞ്ഞത്. അതുകൊണ്ടു തന്നെ സ്വാഭാവികമായും പിഴയിടേണ്ട നടപടിയായിരുന്നു അത്. എന്നാല്‍ ഗ്രൗണ്ടില്‍ നില്‍ക്കേ എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. കുറച്ച് കരുണ കാണിക്കണം, എങ്ങനെയെങ്കിലും നിങ്ങള്‍ സമയം കണ്ടെത്തണം. കാരണം ഇന്ത്യയാണ് കളിക്കുന്നത്. എന്നായിരുന്നു ഉള്ളടക്കം. അതിനാല്‍ ഞങ്ങള്‍ക്ക് കുറച്ച് സമയം കണ്ടെത്തേണ്ടിവന്നു.'' - ബ്രോഡ് വെളിപ്പെടുത്തി.
എന്നാല്‍ അടുത്ത കളിയിലും ഗാംഗുലിയുടെ ടീം ഇതേ തെറ്റ് ആവര്‍ത്തിച്ചുവെന്നും അപ്പോള്‍ ഒന്നും നോക്കാതെ പിഴ ചുമത്തിയെന്നും ബ്രോഡ് വ്യക്തമാക്കി. അന്നത്തെ ക്യാപ്റ്റനായിരുന്ന ഗാംഗുലിക്ക് താന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഗൗനിച്ചില്ല. അതോടെയാണ് പിഴയിട്ടത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കായികരംഗം കൂടുതല്‍ രാഷ്ട്രീയമായി മാറിയിരിക്കുന്നെന്നു ബിസിസിഐ പ്രധാന സാമ്പത്തിക ശക്തിയായതിനാല്‍, ഐസിസിയിലെ ഉന്നത സ്ഥാനങ്ങള്‍ കൂടുതല്‍ രാഷ്ട്രീയം നിറഞ്ഞതായെന്നും അഭിമുഖത്തില്‍ ബ്രോഡ് ആരോപിച്ചു.
