തുടക്കത്തില്‍ വീണ് അഭിഷേക് ശര്‍മ്മ; പാക് ബൗളര്‍മാരെ അടിച്ചു പറത്തി ഇഷാന്‍ കിഷന്‍; 27 പന്തില്‍ അര്‍ധ സെഞ്ച്വറി; പാക്കിസ്ഥാനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
തുടക്കത്തില്‍ വീണ് അഭിഷേക് ശര്‍മ്മ; പാക് ബൗളര്‍മാരെ അടിച്ചു പറത്തി ഇഷാന്‍ കിഷന്‍
കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഇഷാന്‍ കിഷന്‍. താരം അര്‍ധ സെഞ്ച്വറി തൂക്കി. 27 പന്തില്‍ ഇഷാന്‍ 50 റണ്‍സിലെത്തി. 10 ഫോറും 3 സിക്സും സഹിതം ഇഷാന്‍ നിലവില്‍ 40 പന്തില്‍ 77 റണ്‍സുമായി പുറത്തായി. പാകിസ്ഥാന്‍ സ്പിന്‍മാരെ വച്ചാണ് ഇന്ത്യയെ പരീക്ഷിക്കുന്നത്. ഇഷാന്റെ മുന്നില്‍ പക്ഷേ അതു വിലപ്പോയില്ല. ഇഷാന്റെ മികവില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്കാണ നീങ്ങുന്നത്.
ആദ്യ ഓവര്‍ എറിയാനെത്തിയ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഗ ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പാകിസ്ഥാന്‍ നടപ്പാക്കിയ തന്ത്രം തുടക്കം തന്നെ ഫലിച്ചു. അപകടകാരിയായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആഗ മടക്കി ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഷഹീന്‍ അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേകിന്റെ പുറത്താകല്‍. താരം റണ്ണൊന്നുമെടുക്കാതെ മടങ്ങി.
അഭിഷേക് ശര്‍മയെ വെല്ലുവിളിച്ച് കൊണ്ട് പാക് ബൗളര്‍മാര്‍ നടത്തിയ വെല്ലുവിളികള്‍ ശ്രദ്ധേയമായിരുന്നു. പവര്‍പ്ലേയില്‍ മറ്റു ടീമുകളുടെ ബൗളര്‍മാരെയെല്ലാം തല്ലിത്തകര്‍ക്കുന്ന അഭിഷേകിനെ പാകിസ്ഥാന്‍ ആദ്യമേ തന്നെ എറിഞ്ഞിടുമെന്ന് ആയിരുന്നു പാകിസ്ഥാനില്‍ നിന്നുള്ള വെല്ലുവിളി.
എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ എ ഗ്രൂപ്പ് മാച്ചിലെ ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായത് ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ പകര്‍ന്നു. ടി20 ലോകകപ്പില്‍ അഭിഷേകിന്റെ രണ്ടാമത്തെ ഡക്കാണിത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ യുഎസ്എയ്ക്ക് എതിരെയും താരം പൂജ്യത്തിന് പുറത്തായിരുന്നു. താരം ഫോമില്‍ അല്ലെന്ന സൂചനകളാണ് ആദ്യ മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്നത്. തുടര്‍ന്ന് ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരായ രണ്ടാം മത്സരത്തില്‍ അസുഖം കാരണം ഇടംകൈയ്യന്‍ ബാറ്റര്‍ കളിച്ചിരുന്നില്ല.
ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. അഭിഷേക് ശര്‍മ ഇലവനില്‍ തിരിച്ചെത്തി. സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ നിന്നു പുറത്തായി. അഭിഷേകിനൊപ്പം സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തി. അര്‍ഷ്ദീപ് സിങിനെ ഒഴിവാക്കിയാണ് ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയത്.
