ക്രിക്കറ്റ് രാഷ്ട്രീയ പ്രചാരണങ്ങൾ വേദിയാക്കുന്നു; ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങൾ ഒഴിവാക്കണം; മത്സരക്രമം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി ഉപയോഗിക്കാനാവില്ലെന്നും ഇംഗ്ലണ്ട് മുന്‍ നായകന്‍
ലണ്ടൻ: നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ ഒഴിവാക്കണമെന്ന് ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കിൾ ആതർട്ടൺ അഭിപ്രായപ്പെട്ടു. കായികരംഗത്തെ രാഷ്ട്രീയ പ്രചാരണങ്ങൾക്കും പിരിമുറുക്കങ്ങൾക്കും വേദിയാക്കുന്ന സാഹചര്യത്തിൽ, ഈ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങൾ പൂർണ്ണമായും നിർത്തിവെക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം 'ദി ടൈംസ്' ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
ഏഷ്യാ കപ്പിൽ ഇന്ത്യൻ താരങ്ങൾ പാക്ക് താരങ്ങളുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതും, വിജയികളായ ഇന്ത്യ ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് എസിസി അധ്യക്ഷൻ മുഹസിൻ നഖ്വി ട്രോഫിയുമായി മടങ്ങിയതും ഈ വിഷയത്തിൽ ആഥർട്ടന്റെ നിലപാടിന് ബലം നൽകുന്നു. നിലവിൽ സാമ്പത്തിക നേട്ടങ്ങൾ മുന്നിൽക്കണ്ടാണ് ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങൾ ഉൾപ്പെടുത്തി വരുന്നത്. 2013 മുതൽ എല്ലാ പ്രധാന ഐസിസി ചാംപ്യൻഷിപ്പുകളിലും ഗ്രൂപ്പ് ഘട്ടം മുതൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നുണ്ട്. ഐസിസി ടൂർണമെന്റുകളുടെ സംപ്രേഷണാവകാശങ്ങൾ വിൽക്കുന്നതിലും ഈ മത്സരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
ഒരുകാലത്ത് ക്രിക്കറ്റ് നയതന്ത്രത്തിനുള്ള ഒരു മാർഗമായിരുന്നെങ്കിലും, ഇപ്പോൾ അത് പിരിമുറുക്കങ്ങൾക്കും രാഷ്ട്രീയ പ്രചാരണങ്ങൾക്കും വേദിയായി മാറിയിരിക്കുന്നുവെന്ന് ആഥർട്ടൺ ചൂണ്ടിക്കാട്ടി. ഐസിസി ടൂർണമെന്റുകളിൽ ഇരു ടീമുകളും ഒരു തവണയെങ്കിലും ഏറ്റുമുട്ടുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള ക്രമീകരണം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാമ്പത്തിക ആവശ്യങ്ങൾക്കായി ഒരു കായിക വിനോദത്തിന്റെ മത്സരക്രമം ക്രമീകരിക്കുന്നതിന് ന്യായീകരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികച്ച നിലയിലല്ലെന്നും മൈക്കിൾ ആതർട്ടൺ വ്യക്തമാക്കി.