രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയെ തകർത്തത് 51 റൺസിന്; ബ്രിസ്ബേനിൽ ജെയ്ഡന്‍ ഹാര്‍പറുടെ സെഞ്ചുറി പാഴായി; പരമ്പര സ്വന്തമാക്കി ഇന്ത്യൻ യുവ നിര
ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 യൂത്ത് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ബ്രിസ്ബേനിൽ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 51 റൺസിന്‍റെ ആധികാരിക ജയത്തോടെയാണ് യുവ ഇന്ത്യ പരമ്പര വിജയമുറപ്പിച്ചത്. മൂന്നു മത്സര പരമ്പരയിൽ ഇന്ത്യ നിലവിൽ 2-0 ന് മുന്നിലാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 49.4 ഓവറിൽ 300 റൺസിന് ഓൾ ഔട്ടായി. വൈഭവ് സൂര്യവൻഷി (70), വിഹാൻ മൽഹോത്ര (70), അഭിഗ്യാൻ കുണ്ടു (71) എന്നിവരുടെ മികച്ച അർധസെഞ്ചുറികളാണ് ഇന്ത്യൻ സ്കോർ 300 കടക്കാൻ സഹായിച്ചത്. ക്യാപ്റ്റൻ ആയുഷ് മാത്രയെ രണ്ടാം പന്തിൽ നഷ്ടപ്പെട്ടെങ്കിലും മുൻ നിര താരങ്ങളുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്.
ഓസ്ട്രേലിയക്കായി വിൽ ബ്രോം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയൻ യുവനിരയെ 47.2 ഓവറിൽ 249 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. ഓസീസ് നിരയിൽ ജെയ്ഡൻ ഡ്രാപ്പർ (107) സെഞ്ചുറി നേടിയെങ്കിലും മറ്റു കളിക്കാർക്ക് മികച്ച പിന്തുണ നൽകാനായില്ല. 109-6 എന്ന നിലയിൽ തകർന്നടിഞ്ഞ ഓസ്ട്രേലിയക്ക് ഹാർപ്പറും ആര്യൻ ശർമ്മയും (38) ചേർന്ന് നൽകിയ കൂട്ടുകെട്ട് വിജയപ്രതീക്ഷ നൽകിയിരുന്നു.
എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്ര (3 വിക്കറ്റ്) ഈ കൂട്ടുകെട്ട് പൊളിച്ചതോടെ ഓസീസ് പോരാട്ടം അവസാനിച്ചു. കനിഷ്ക് ചൗഹാൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വെള്ളിയാഴ്ച നടക്കും.