എറിഞ്ഞു വീഴ്ത്തി ജഡേജ; രണ്ടാം ഇന്നിംഗ്‌സിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ പ്രോട്ടീസിന് നഷ്ടമായത് 7 വിക്കറ്റ്; 28 റൺസുമായി ക്രീസിൽ തെംബ ബാവൂമ

Update: 2025-11-15 11:34 GMT

കൊൽക്കത്ത: കൊൽക്കത്ത ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം അവസാനിക്കുമ്പോൾ സന്ദർശകർക്ക് 93 റൺസിന് 7 വിക്കറ്റ് നഷ്ടമായി. ഒന്നാം ഇന്നിംഗ്‌സിൽ 30 റൺസിന്റെ ലീഡ് വഴങ്ങിയ അവർ രണ്ടാം ഇന്നിംഗ്‌സിലും തകർന്നടിയുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിനെ തകർത്തത്. നാല് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. തെംബ ബാവൂമ (28), കോർബിൻ ബോഷ് (1) എന്നിവരാണ് ക്രീസിൽ.

നേരത്തെ, ഒന്നാം ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയുടെ 159 റൺസ് എന്ന സ്കോറിന് മറുപടിയായി ഇന്ത്യ 189 റൺസിന് എല്ലാവരും പുറത്തായിരുന്നു. 39 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഗിൽ പരിക്കിനെ തുടർന്ന് റിട്ടയേർഡ് ഹർട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സിമോൺ ഹാർമർ നാലും മാർക്കോ ജാൻസൺ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കൂട്ടിയതിൽ നിർണായക പങ്കുവഹിച്ചത് ജസ്പ്രീത് ബുമ്രയുടെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു.

രണ്ടാം ഇന്നിംഗ്‌സിൽ റയാൻ റിക്കിൾട്ടന്റെ (11) വിക്കറ്റ് ആദ്യം നഷ്ടമായി. കുൽദീപ് യാദവിന്റെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി പുറത്താവുകയായിരുന്നു താരം. പിന്നാലെ എയ്ഡൻ മാർക്രമിനെ ( ) ജഡേജ ധ്രുവ് ജുറലിന്റെ കൈകളിലെത്തിച്ചു. 17-ാം ഓവറിൽ വിയാൾ മൾഡറെയും (11) ടോണി ഡി സോർസിയെയും (2) ജഡേജ പുറത്താക്കി. തുടർന്ന് ട്രിസ്റ്റൺ സ്റ്റബ്‌സിനെ (5) ബൗൾഡ് ചെയ്ത് വിക്കറ്റ് നേട്ടം ജഡേജ നാലാക്കി ഉയർത്തി. കെയ്ല്‍ വെറെയ്‌നെ (9) അക്‌സറിൻ്റെ പന്തിൽ ബൗൾഡായതോടെ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് 75 എന്ന നിലയിലായി. ടീം സ്‌കോർ 93ൽ നിൽക്കെ മാർക്കോ ജാൻസനെ പുറത്താക്കി കുൽദീപ് അടുത്ത പ്രഹമേൽപ്പിച്ചു. 13 റൺസായിരുന്നു താരം നേടിയത്.

രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒന്നിന് 37 റൺസ് എന്ന നിലയിലായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ യശസ്വി ജയ്സ്വാളിന്റെ (12) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. മാർക്കോ യാൻസൺ ആണ് ജയ്സ്വാളിനെ ബൗൾഡ് ചെയ്തത്. തുടർന്ന് ക്രീസിലെത്തിയ വാഷിംഗ്ടൺ സുന്ദർ (29) സിമോൺ ഹാർമറിന്റെ പന്തിൽ എയ്ഡൻ മാർക്രമിന് ക്യാച്ച് നൽകി പുറത്തായി. ഒരു സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു സുന്ദറിൻ്റെ ഇന്നിംഗ്‌സ്. രാഹുലിനൊപ്പം 57 റൺസ് കൂട്ടിച്ചേർക്കാൻ സുന്ദറിന് സാധിച്ചു. ഇതിന് ശേഷം ക്രീസിലെത്തിയ ഗിൽ ഫോറടിച്ച് തുടങ്ങിയെങ്കിലും പേശീ വലിവിനെ തുടര്‍ന്ന് ക്രീസ് വിട്ടു. മൂന്ന് പന്തുകളാണ് താരം നേരിട്ടത്.

സ്കോർ 100 പിന്നിട്ടതിനു പിന്നാലെ എയ്ഡൻ മാർക്രമിന് ക്യാച്ച് സമ്മാനിച്ച് കെ.എൽ. രാഹുൽ (39) കൂടാരം കയറി. നാല് ഫോറും ഒരു സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്. ഉപനായകൻ ഋഷഭ് പന്തിനെ കോർബിൻ ബോഷ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. 27 റൺസ് നേടിയ പന്ത്, ടെസ്റ്റിൽ ഏറ്റവുമധികം സിക്സറുകളടിച്ച ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കി. മത്സരത്തിൽ രണ്ട് സിക്സറുകൾ പായിച്ച പന്ത്, മുൻ താരം വിരേന്ദർ സെവാഗിനെയാണ് മറികടന്നത്.

ലഞ്ചിന് മുമ്പ് രവീന്ദ്ര ജദേജയും ധ്രുവ് ജുറേലും ചേർന്ന് പ്രോട്ടീസ് സ്കോറിനെ മറികടന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഇരുവരും വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. ജദേജ 27ഉം ജുറേൽ 14 റൺസുമാണ് നേടിയത്. സൈമൺ ഹാർമറാണ് ഇരുവരെയും പുറത്താക്കിയത്. കുൽദീപ് യാദവ് ഒറ്റ റണ്ണുമായി പുറത്തായി. മാർക്കോ യാൻസന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ കെയ്‍ൽ വെറെയ്ൻ പിടികൂടിയാണ് താരം പവലിയനിലേക്ക് മടങ്ങിയത്. മുഹമ്മദ് സിറാജിനെ (1) യാൻസൻ ക്ലീൻ ബൗൾഡാക്കി. 16 രൺസ് നേടിയ അക്സർ പട്ടേലിനെ യാൻസന്‍റെ കൈകളിലെത്തിച്ച ഹാർമർ, വിക്കറ്റുനേട്ടം നാലായി ഉയർത്തി. ജസ്പ്രീത് ബുറ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

Tags:    

Similar News