സെഞ്ചുറിക്കരികിൽ വീണ് സ്മൃതി മന്ദാന; മികച്ച പിന്തുണ നൽകി ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത് നാല് റൺസിന്; സെമി തുലാസിൽ

Update: 2025-10-19 17:22 GMT

ഇൻഡോർ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി. ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനോട് നാല് റൺസിനാണ് ഇന്ത്യൻ വനിതാ ടീം പരാജയപ്പെട്ടത്. 289 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് മാത്രമാണ് നേടാനായത്. സ്മൃതി മന്ദാനയുടെയും (94 പന്തിൽ 88), ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെയും (70 പന്തിൽ 70), ദീപ്തി ശർമ്മയുടെയും (50) മികച്ച ബാറ്റിങ് കാഴ്ചവെച്ചിട്ടും ഇന്ത്യക്ക് ജയിക്കാനായില്ല. ദീപ്തി ശർമ്മ ബൗളിംഗിലും നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഹീതർ നൈറ്റിൻ്റെ (109) സെഞ്ച്വറി മികവിലാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. എമി ജോൺസ് 56 റൺസെടുത്ത് മികച്ച പിന്തുണ നൽകി. ഈ വിജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനൽ സാധ്യതകൾ ശക്തമാക്കി. അതേസമയം, ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശനത്തിനുള്ള വഴികൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രം നേടിയ ഇന്ത്യ നാല് പോയിന്റോടെ നാലാം സ്ഥാനത്താണ്.

നാല് പോയിന്റുള്ള ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ അടുത്ത മത്സരം നിർണായകമാകും. കൂറ്റൻ ലക്ഷ്യം പിന്തുടർന്നെത്തിയ ഇന്ത്യക്ക് ഇന്നിംഗ്‌സിൻ്റെ മൂന്നാം ഓവറിൽ പ്രതിക വിക്കറ്റ് നഷ്ടമായി. ബെല്ലിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ എമി ജോൺസിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. മൂന്നാമതായി ക്രീസിലെത്തിയ ഹർലീൻ നന്നായി ബാറ്റ് വീശി വരവേ, പത്താം ഓവറിൽ ചാർലി ഡീനിൻ്റെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി പുറത്തായി.

തുടർന്നാണ് സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയത്. നാലാം വിക്കറ്റിൽ ഇരുവരും 125 റൺസാണ് കൂട്ടിച്ചേർത്തത്. 31-ാം ഓവറിലാണ് ഈ കൂട്ടുകെട്ട് തകർന്നത്. ഹർമൻപ്രീതിനെ സ്കിവർ ബ്രൻ്റ് പുറത്താക്കി. 10 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ഹർമൻപ്രീതിൻ്റെ ഇന്നിംഗ്‌സ്. തുടർന്നെത്തിയ ദീപ്തി ശർമ്മ, സ്മൃതിക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 67 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, സ്മൃതി ലിൻസെ സ്മിൻ്റെ പന്തിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. എട്ട് ബൗണ്ടറികൾ ഉൾക്കൊള്ളുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. ഇതിനു പിന്നാലെ റിച്ചാ ഘോഷിനും (8) കാര്യമായ സംഭാവന നൽകാനായില്ല. നൈറ്റിൻ്റെ കൈകളിലേക്ക് റിച്ചായെ പാവലിയനിലെത്തിച്ചത് സ്കിവറായിരുന്നു.

ഇതോടെ അഞ്ചിന് 256 എന്ന നിലയിലായി ഇന്ത്യ. അവസാന നാല് ഓവറില്‍ 32 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സോഫി എക്ലെസ്റ്റോണ്‍ എറിഞ്ഞ 47-ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം, കൂടെ ദീപ്തിയുടെ വിക്കറ്റും. തുടര്‍ന്ന് സ്‌നേഹ് റാണ, അമന്‍ജോത് കൗറിനൊപ്പം ഒത്തുചേര്‍ന്നു. അവസാന മൂന്ന് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 27 റണ്‍സ്. സ്മിത്ത് എറിഞ്ഞ 48-ാം ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ഇരുവര്‍ക്കും നേടാനായത്.

അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 14 റണ്‍സാണ് ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയത് സ്മിത്ത്. ആദ്യ രണ്ട് പന്തിലും ഓരോ റണ്‍ വീതം. മൂന്നാം പന്തിലും റാണയ്ക്ക് നേടാനായത് ഒരു റണ്‍. നാലാം പന്തില്‍ റണ്‍സില്ല. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 11 റണ്‍സ്. അഞ്ചാം പന്തില്‍ റണ്‍സ്. അവസാന പന്ത് അമന്‍ജോത് ബൗണ്ടറിയിലേക്ക് പായിച്ചെങ്കിലും ഇംഗ്ലണ്ട് നാല് റണ്‍സിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. അമന്‍ജോത് 18 റണ്‍സുമായും റാണ 10 റണ്‍സോടെയും പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ടാമി ബ്യൂമോണ്ട് (22)– ആമി ജോൺസ് സംഖ്യം 73 റൺസ് കൂട്ടിച്ചേർത്തു. 16–ാം ഓവറിൽ ടാമിയെ പുറത്താക്കി ദീപ്തി ശർമയാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ ആമിയെയും ദീപ്തി പുറത്താക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹെതർ നൈറ്റ്– ക്യാപ്റ്റൻ നാറ്റ് സ്കൈവർ-ബ്രണ്ട് സഖ്യം ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.

ഇരുവരും ചേർന്ന് 113 റൺസാണ് സ്കോർ ബോർഡിൽ ചേർത്ത്. ഇതിൽ 38 റൺസ് മാത്രമാണ് ക്യാപ്റ്റൻ സംഭാവന. ഒരു സിക്സും 15 ഫോറും സഹിതം വെറും 91 പന്തിലാണ് ഹെതർ 109 റൺസെടുത്തത്. സോഫിയ ഡങ്ക്‌ലി (15), എമ്മ ലാമ്പ് (11), ആലീസ് ക്യാപ്‌സി (2), സോഫി എക്ലെസ്റ്റോണ്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ചാര്‍ലോട്ട് ഡീനിന്റെ ഇന്നിംഗ്‌സ് (13 പന്തില്‍ പുറത്താവാതെ 19) ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ലിന്‍സെ സ്മിത്ത് (0) പുറത്താവാതെ നിന്നു.

Tags:    

Similar News