പന്ത്രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയില്‍ സെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരമായി രചിന്‍ രവീന്ദ്ര; അര്‍ധ സെഞ്ചുറിയുമായി പിന്തുണച്ച് ടിം സൗത്തി; ന്യൂസീലന്‍ഡ് 402 റണ്‍സിന് ഓള്‍ഔട്ട്; ഇന്ത്യയ്ക്കെതിരെ 356 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്

വെല്ലിങ്ടണില്‍ താമസക്കാരനായ രചിന്റെ കുടുംബവേരുകള്‍ ബെംഗളൂരുവില്‍

Update: 2024-10-18 08:51 GMT

ബെംഗളൂരു: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് 356 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യ ഇന്നിങ്‌സില്‍ 402 റണ്‍സിന് ന്യൂസീലന്‍ഡ് ഓള്‍ ഔട്ടായി. സെഞ്ചറി നേടിയ ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്ര (157 പന്തില്‍ 134), അര്‍ധസെഞ്ചറി നേടിയ ഡെവോണ്‍ കോണ്‍വേ (105 പന്തില്‍ 91), ടിം സൗത്തി (73 പന്തില്‍ 65) എന്നിവരുടെ ബാറ്റിങ്ങാണ് കിവീസിന് മികച്ച ലീഡ് സമ്മാനിച്ചത്. രണ്ടര ദിവസം ശേഷിക്കേ ടെസ്റ്റില്‍ പരാജയം ഒഴിവാക്കാന്‍ ഇന്ത്യ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.

ഹോം ടെസ്റ്റില്‍ 12 വര്‍ഷത്തിനുശഷമാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 200 റണ്‍സിലധികം ലീഡ് വഴങ്ങുന്നത്. 2012ല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 207 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. ഒരു കിവീസ് താരം ഇന്ത്യന്‍ മണ്ണില്‍ സെഞ്ചറി നേടുന്നതും 12 വര്‍ഷത്തിനു ശേഷമാണ്. റോസ് ടെയ്‌ലറാണ് ഇന്ത്യന്‍ മണ്ണില്‍ ഇതിനു മുമ്പ് ടെസ്റ്റ് സെഞ്ചുറി നേടിയ കിവീസ് ബാറ്റര്‍. ടെയ്‌ലറുടെ സെഞ്ചുറിയും ബെംഗളൂരുവിലായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ 3ന് 180 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനഃരാരംഭിച്ച ന്യൂസീലന്‍ഡിന് ആദ്യ സെഷനിലെ 15 ഓവറിനുള്ളില്‍ നാല് വിക്കറ്റ് നഷ്ടമായിരുന്നു. എട്ടാം വിക്കറ്റില്‍ ഒന്നിച്ച രചിന്‍ - ടിം സൗത്തി സഖ്യമാണ് ന്യൂസീലന്‍ഡിനെ പിന്നീട് മുന്നോട്ടു നയിച്ചത്. ഇരുവരും ചേര്‍ന്ന് 137 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നാല് സിക്‌സും 11 ഫോറുമാണ് രചിന്റെ ബാറ്റില്‍നിന്ന് പിറന്നത്. സൗത്തി നാല് സിക്‌സും അഞ്ച് ഫോറും അടിച്ചു.

നാലമാനായി എത്തിയ രചിന്‍, ഏറ്റവും അവസനമാണ് പുറത്തായത്. ഇതുകൂടാതെ ഡാരില്‍ മിച്ചല്‍ (49 പന്തില്‍ 18), ടോം ബ്ലന്‍ഡല്‍ (8 പന്തില്‍ 5), ഗ്ലെന്‍ ഫിലിപ്‌സ് (18 പന്തില്‍ 14), മാറ്റ് ഹെന്ററി (9 പന്തില്‍ 8), ടിം സൗത്തി (73 പന്തില്‍ 65), അജാസ് പട്ടേല്‍ (8 പന്തില്‍ 4) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലന്‍ഡിനു നഷ്ടമായത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും സിറാജ് രണ്ടു വിക്കറ്റും ബുമ്ര, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴത്തി.

കുടുംബക്കാരുടെ മുന്നില്‍ സെഞ്ചുറി

ഇന്ത്യയ്‌ക്കെതിരേ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ കിവീസിനെ മികച്ച നിലയിലെത്തിക്കുന്നതില്‍ പങ്കുവഹിച്ചത് ഇന്ത്യന്‍ വംശജന്‍ തന്നെയായ രചിന്‍ രവീന്ദ്രയാണ്. മൂന്നാം ദിനം സെഞ്ചുറി കുറിച്ച രചിന്‍ റെക്കോഡ് ബുക്കിലും പേരെഴുതിച്ചേര്‍ത്തു. ടെസ്റ്റില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറി കൂടിയായിരുന്നു ഇത്. ന്യൂസീലന്‍ഡിലെ വെല്ലിങ്ടണില്‍ താമസക്കാരനായ രചിന്റെ കുടുംബവേരുകള്‍ ബെംഗളൂരുവിലാണ്.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരമെന്ന നേട്ടമാണ് രചിന്‍ സ്വന്തമാക്കിയത്. മൂന്നാം ദിനം കിവീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് രചിനായിരുന്നു. 157 പന്തുകള്‍ നേരിട്ട് നാലു സിക്സും 13 ഫോറുമടക്കം രചിന്‍ 134 റണ്‍സെടുത്തു. രചിന്റെ മികവില്‍ ഒന്നാം ഇന്നിങ്സില്‍ 402 റണ്‍സെടുത്ത കിവീസ് 356 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കി. ചിന്നസ്വാമിയില്‍ രചിന്‍ സെഞ്ചുറി നേടുന്നത് ഇതാദ്യമായല്ല. നേരത്തേ 2023 ലോകകപ്പില്‍ ഇതേ മൈതാനത്ത് പാകിസ്താനെതിരേ രചിന്‍ സെഞ്ചുറിയടിച്ചിരുന്നു.

നാണക്കേടിന്റെ ചരിത്രം

മൂന്നും പേസര്‍മാരെ മാത്രം വിന്യസിച്ചുള്ള കിവീസ് ബോളാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍, 46 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് ബംഗ്ലദേശിനെതിരായ ടെസ്റ്റില്‍ അതിവേഗ സ്‌കോറിങ്ങിന്റെയും മിന്നല്‍ വിജയത്തിന്റെയും റെക്കോര്‍ഡിട്ട ഇന്ത്യ ഇന്നലെ നാണക്കേടിന്റെ ചരിത്രം കുറിച്ചാണ് ക്രീസില്‍ നിന്നു മടങ്ങിയത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തങ്ങളുടെ മൂന്നാമത്തെ മോശം ഇന്നിങ്‌സ് സ്‌കോര്‍, നാട്ടിലെ ടെസ്റ്റിലെ മോശം സ്‌കോര്‍, ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ ഒരു ടീമിന്റെ മോശം സ്‌കോര്‍, ഏഷ്യയിലെ ടെസ്റ്റ് മത്സരങ്ങളിലെ മോശം സ്‌കോര്‍ എന്നിവ ഇന്നലെ ഒരു പകലിനുള്ളില്‍ ഇന്ത്യന്‍ ടീമിനൊപ്പമായി. ഇന്ത്യന്‍ ബാറ്റിങ്ങില്‍ 5 പേര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ രണ്ടക്കം കടക്കാനായത് ഋഷഭ് പന്തിനും (20) യശസ്വി ജയ്‌സ്വാളിനും (13) മാത്രമാണ്. ടീമിലെ ആദ്യ 8 ബാറ്റര്‍മാരില്‍ 5 പേര്‍ പൂജ്യത്തിന് പുറത്താകുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു രണ്ടാംതവണ മാത്രമാണ്.

Tags:    

Similar News